ജാക്കറ്റും ഷൂസും കയ്യുറയും കൂളിംഗ് ഗ്ലാസുമെല്ലാം ധരിച്ച പെണ്‍കുട്ടിയുടെ കയ്യില്‍ ചങ്ങലയുടെ ഒരറ്റം. മറ്റേ അറ്റം അര്‍ദ്ധനഗ്നനായ പുരുഷന്റെ കഴുത്തില്‍.പെണ്‍കുട്ടി തലയുയര്‍ത്തി നിഷേധഭാവത്തോടെ നടന്നുപോകുമ്പോള്‍ പുരുഷന്‍ അല്‍പം പിന്നിലായി മുട്ടുകുത്തി നായയുടെ നടത്തം ഓര്‍മ്മിപ്പിക്കുന്ന തരത്തില്‍ നീങ്ങുന്നു. വിവാദമായ ഈ ചിത്രത്തിന്റെ വീഡിയോയും വ്യാപകമായി പ്രചരിക്കപ്പെട്ടിരുന്നു 

ഇക്കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ ഏറെ ചര്‍ച്ചകളുയര്‍ത്തിയ ഒരു ചിത്രമായിരുന്നു ഇത്. അര്‍ദ്ധനഗ്നനായ ഒരു മദ്ധ്യവയസ്‌കനെ നായയെപ്പോലെ ചങ്ങലയ്ക്കിട്ട് നിരത്തിലൂടെ കെട്ടിവലിച്ചുകൊണ്ടുപോകുന്ന പെണ്‍കുട്ടി. ജാക്കറ്റും ഷൂസും കയ്യുറയും കൂളിംഗ് ഗ്ലാസുമെല്ലാം ധരിച്ച പെണ്‍കുട്ടിയുടെ കയ്യില്‍ ചങ്ങലയുടെ ഒരറ്റം. മറ്റേ അറ്റം അര്‍ദ്ധനഗ്നനായ പുരുഷന്റെ കഴുത്തില്‍.

പെണ്‍കുട്ടി തലയുയര്‍ത്തി നിഷേധഭാവത്തോടെ നടന്നുപോകുമ്പോള്‍ പുരുഷന്‍ അല്‍പം പിന്നിലായി മുട്ടുകുത്തി നായയുടെ നടത്തം ഓര്‍മ്മിപ്പിക്കുന്ന തരത്തില്‍ നീങ്ങുന്നു. വിവാദമായ ഈ ചിത്രത്തിന്റെ വീഡിയോയും വ്യാപകമായി പ്രചരിക്കപ്പെട്ടിരുന്നു. എന്നാല്‍ ഏറെ ചര്‍ച്ചകളുയര്‍ന്നതോടെ വീഡിയോ വൈകാതെ പിന്‍വലിക്കപ്പെട്ടു.

ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയില്‍ നിന്നുള്ള അഫ്‌സാന ഷെജുട്ടി എന്ന പെണ്‍കുട്ടിയാണ് ചിത്രത്തിലുള്ളത്. ധാക്ക സര്‍വകലാശാലയില്‍ ഫൈന്‍ ആര്‍ട്‌സ് വിദ്യാര്‍ത്ഥിയാണ് അഫ്‌സാന. തുതുല്‍ ചൗധരി എന്നയാളെയാണ് അഫ്‌സാന ചങ്ങലയ്ക്കിട്ട് നടത്തിയത്. ധാക്കയില്‍ തിരക്കേറിയ നിരത്തില്‍ നടന്ന ഈ അപൂര്‍വ്വസംഭവത്തിന്റെ പിന്നാമ്പുറം അറിയാന്‍ ഈ ചിത്രം കണ്ടവര്‍ക്കെല്ലാം ആകാംക്ഷയുണ്ടായിരുന്നു.

1968ല്‍ ഫെമിനിസ്റ്റ് മൂവ്‌മെന്റുകളുടെ ഭാഗമായി അവതരിപ്പിക്കപ്പെട്ട 'ഫ്രം ദ് പോര്‍ട്‌ഫോളിയോ ഓഫ് ഡോഗഡ്‌നെസ്' എന്ന ദൃശ്യാവിഷ്‌കാരത്തെ വീണ്ടും ആവിഷ്‌കരിക്കാനുള്ള ശ്രമം നടത്തിയതാണ് തങ്ങളെന്ന് ഇവര്‍ പറയുന്നു. എന്നാല്‍ സംഭവത്തിന്റെ ദൃശ്യങ്ങളും ചിത്രങ്ങളും കുറഞ്ഞ സമയത്തിനകം തന്നെ വൈറലാവുകയും ഇത് വലിയ വിവാദമാവുകയും ചെയ്ത സാഹചര്യത്തില്‍ ഇരുവരും മാപ്പ് പറഞ്ഞുവെന്നാണ് പൊലീസ് വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. അനുമതിയില്ലാതെയാണ് പരസ്യമായി നിരത്തില്‍ ഇത്തരമൊരു അവതരണം നടത്തിയതെന്നും ഇനി ഇത്തരം പരിപാടികള്‍ സംഘടിപ്പിക്കരുതെന്ന് താക്കീത് നല്‍കിയിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.

വിഖ്യാതമായ 'ഫ്രം ദ് പോര്‍ട്‌ഫോളിയോ ഓഫ് ഡോഗഡ്‌നെസ്' പിന്നീട് യുഎസ്, ജര്‍മ്മനി തുടങ്ങി പലയിടങ്ങളിലും പല കാലങ്ങളിലായി പുനരാവിഷ്‌കരിക്കപ്പെട്ടിട്ടുണ്ട്. അറിയപ്പെടുന്ന ഫെമിനിസ്റ്റ് മുന്നേറ്റമായാണ് പ്രതീകാത്മകമായ ഈ ആവിഷ്‌കാരം ലോകമെങ്ങും കണക്കാക്കപ്പെട്ടിട്ടുള്ളത്.