Asianet News MalayalamAsianet News Malayalam

Sugar Daddy : 'എന്റെ ഷുഗർബേബി ആകാമോ?'; എയർ ഹോസ്റ്റസുമാരോട് യാത്രക്കാർ നടത്തിയിട്ടുള്ള വിചിത്രമായ ഡിമാന്റുകൾ

തൊട്ടടുത്തെത്തിയപ്പോഴാണ്, 'തനിക്ക് ഷാംപെയ്ൻ ഗ്ലാസിലേക്കല്ല, നേരെ വായിലേക്കാണ് പ്രകൃതി ഒഴിച്ച് നൽകേണ്ടത്' എന്നയാൾ അവളുടെ കാതിൽ പതുക്കെ മന്ത്രിക്കുന്നത്. 

strange demands from rich and famous  passengers towards air hostess
Author
Delhi, First Published Dec 6, 2021, 12:52 PM IST
  • Facebook
  • Twitter
  • Whatsapp

ഇന്റർനാഷണൽ എയർലൈൻ ക്യാബിൻ ക്രൂ(cabin crew) ആവുക എന്നത്, വളർന്നു വരുന്ന പെൺകുട്ടികളിൽ പലരുടെയും സ്വപ്നലാവണമാണ്(dream job). കളിച്ചു വളർന്ന നഗരത്തിൽ നിന്ന്, എയർ ഹോസ്റ്റസിന്റെ(air hostess) യൂണിഫോമും ധരിച്ച്, ആദ്യമായി വിമാനത്തിൽ ടേക്ക് ഓഫ് ചെയ്യുന്ന നിമിഷം അവർ അനുഭവിക്കുക പറഞ്ഞറിയിക്കാനാവാത്ത ഒരു ചാരിതാർത്ഥ്യമാണ്. എന്നാൽ, ഈ ജോലിക്കിടെ അവരെ തേടിയെത്തുന്ന പല സമ്പർക്കങ്ങളും അവർക്കു പകർന്നു നൽകുന്നത്, അത്ര സുഖകരമായ വൈകാരികാനുഭവമായിരിക്കില്ല. വൈസ് മാസിക അടുത്തിടെ ലോകത്തിലെ പ്രമുഖ വിമാന സർവീസ് കമ്പനികളുടെ എയർ ഹോസ്റ്റസുമാരുമായി രഹസ്യ സ്വഭാവം നിലനിർത്തിക്കൊണ്ടു നടത്തിയ അഭിമുഖങ്ങളിൽ അവർ വെളിപ്പെടുത്തിയ ഇത്തരത്തിലുള്ള ചില അനുഭവങ്ങളുടെ വിശദാംശങ്ങൾ ആരെയും ഞെട്ടിക്കുന്നതാണ്.

strange demands from rich and famous  passengers towards air hostess

ഖത്തർ എയർ വെയ്സിൽ എയർഹോസ്റ്റസ് ജോലി ചെയ്യുന്ന പ്രകൃതി എന്ന യുവതി തന്റെ അനുഭവം പങ്കിടുന്നത് ഇങ്ങനെ. ബിസിനസ് ക്‌ളാസിൽ സർവീസ് നടത്തുമ്പോഴാണ് അവർക്ക് ഏറെ അസുഖകരമായ രീതിയിലുള്ള ഒരു ഇടപെടൽ ഒരു ധനികനിൽ നിന്നുണ്ടാവുന്നത്. ലക്ഷങ്ങൾ വിലമതിക്കുന്ന വാച്ചണിഞ്ഞ തന്റെ കൈ പൊക്കി അയാൾ പ്രകൃതിയെ അടുത്തുവിളിച്ച് റീഫിൽ വേണം എന്നു പറയുന്നു. തൊട്ടടുത്തെത്തിയപ്പോഴാണ്, 'തനിക്ക് ഷാംപെയ്ൻ ഗ്ലാസിലേക്കല്ല, നേരെ വായിലേക്കാണ് പ്രകൃതി ഒഴിച്ച് നൽകേണ്ടത്' എന്നയാൾ അവളുടെ കാതിൽ പതുക്കെ മന്ത്രിക്കുന്നത്. ആ കമന്റ് അവളിൽ ഉണർത്തിയത്, അത്രയും കാലം കൊണ്ട് ഒരു പെൺകുട്ടി എന്ന നിലയ്ക്ക് നേരിടേണ്ടി വന്നിട്ടുള്ള ലൈംഗികാക്രമണങ്ങളുടെ എല്ലാം ഓർമ്മകൾ ഒന്നിച്ചാണ്. യാത്രക്കാരിൽ നിന്നുണ്ടായേക്കാവുന്ന അത്തരത്തിലുള്ള അശ്‌ളീല പരാമർശങ്ങളോട് എങ്ങനെ പ്രതികരിക്കണം എന്ന സവിശേഷ പരിശീലനം വിമാന കമ്പനിയിൽ നിന്ന് കിട്ടിയിരുന്നതു എങ്കിലും, നിമിഷാര്ധ നേരത്തേക്ക് അവൾ ആകെ അന്ധാളിച്ച് നിന്നുപോയി. പ്രകൃതിയുടേത് ഒരു ഒറ്റപ്പെട്ട അനുഭവമല്ല. വനിതാ ഫ്‌ളൈറ്റ് അറ്റൻഡന്റ്‌മാർക്ക് പുരുഷ യാത്രക്കാരിൽ നിന്ന് ഏൽക്കേണ്ടി വന്നിട്ടുള്ള അശ്‌ളീല ഭാഷണങ്ങളുടെയും ലൈംഗികാക്രമണങ്ങളുടെയും വേദനിപ്പിക്കുന്ന കഥകൾ നമുക്ക് സോഷ്യൽ മീഡിയയിൽ പലയിടത്തായി കാണാം. അടുത്തിടെ നടന്ന ഒരു സർവേ ഫലം വെളിപ്പെടുത്തിയത്, ഏതാണ്ട് 85 ശതമാനത്തോളം ഫ്ലൈറ്റ് അറ്റെൻഡന്റ്മാർക്കും തങ്ങളുടെ ജീവിതത്തിൽ ഒരു തവണയെങ്കിലും യാത്രാമധ്യേ ലൈംഗികഉപദ്രവങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്.

strange demands from rich and famous  passengers towards air hostess

എയർ ഹോസ്റ്റസ് പോലെ അതിസൂക്ഷ്മമായി, തികഞ്ഞ കുലീനതയോടെ സർവീസ് നൽകേണ്ട ഒരു ജോലിയിലേക്ക് കടന്നു വരുന്ന ആദ്യ ദിനങ്ങളിൽ ഇത്തരത്തിലുള്ള പരിധിവിട്ട പെരുമാറ്റങ്ങൾ പല പെൺകുട്ടികളെയും കടുത്ത വിഷാദത്തിലേക്കുവരെ തള്ളിവിടാറുണ്ട്. എങ്ങനെ പ്രതികരിക്കണം എന്നറിയാതെ അവർ നിന്നുപോവാറുണ്ട്. ചൂഷണത്തിന്റെ ആ നിമിഷത്തോട് പ്രതികരിച്ച രീതിയിൽ പലപ്പോഴും ആജീവനാന്തപശ്ചാത്താപം അവരെ അലട്ടാറുമുണ്ട്. മുംബൈ സ്വദേശിയായ സ്റ്റെഫി, തന്റെ ജൂനിയർ ആയ ഒരു എയർ ഹോസ്റ്റസിനുണ്ടായ ദുരനുഭവം പങ്കുവെക്കുന്നുണ്ട്. വിമാനയാത്രക്കിടെ, മദ്യം രണ്ടു പെഗ് മാത്രം നൽകാനേ കാബിൻ ക്രൂവിന് അനുവാദമുള്ളൂ. ആ രണ്ടു പെഗ്ഗിനു ശേഷം യാത്രക്കാരന്റെ പെരുമാറ്റം സ്വാഭാവികമാണ് എന്നുറപ്പുണ്ടെങ്കിൽ മാത്രം, സ്വന്തം വിവേചനബുദ്ധിയുടെയും ഉത്തരവാദിത്തത്തിന്റെയും  പുറത്ത് മൂന്നാമതൊന്നു കൂടി നൽകാം എന്നു മാത്രം. ഒരിക്കൽ, രണ്ടു പെഗ്ഗിൽ തന്നെ സ്വബോധം വെടിഞ്ഞ്, മൂന്നാമതൊരു പെഗ് ചോദിച്ചിട്ടു നല്കാതിരുന്നപ്പോൾ കോപിഷ്ഠനായി നിന്ന ഒരു യാത്രക്കാരനെ, ഒരു സാൻവിച്ച് നൽകി ശാന്തനാക്കാൻ ശ്രമിച്ച ആ ക്യാബിൻ ക്രൂ യുവതിയുടെ മുഖത്തേക്ക് അത് വലിച്ചെറിഞ്ഞാണ് അയാൾ പ്രതികരിക്കുന്നത്. ഈ അനുഭവം അവൾക്ക് നൽകിയത് ആഴ്ചകൾ നീണ്ട ട്രോമയാണ്. 

സ്റ്റെഫിക്കുണ്ടായത് മറ്റൊരു വിചിത്രാനുഭവമാണ്. ബിസിനസ് ക്‌ളാസിൽ യാത്ര ചെയ്ത ഒരു മധ്യവയസ്‌ക, തുടക്കത്തിലേ സൗമ്യമായ കുശലാന്വേഷണങ്ങൾക്ക് ശേഷം, സ്റ്റെഫിയോട് അവരുടെ മകനെ വിവാഹം ചെയ്ത് കാനഡയ്ക്ക് കുടിയേറിപ്പാർക്കാൻ നിർബന്ധിക്കുന്നു. ആ ആവശ്യം തികഞ്ഞ മര്യാദയോടെ നിരസിച്ചിട്ടും, യാത്രയിൽ ഉടനീളം അവർ സ്റ്റെഫിയെ അതിന് നിർബന്ധിച്ചുകൊണ്ടേയിരുന്നു. ധനികരായ ചില യാത്രികർ ഹോസ്റ്റസുമാരെ അശ്ലീലമായ രീതിയിൽ സ്പർശിക്കാൻ ശ്രമിച്ചതിന് പല വട്ടം സീറ്റിൽ ടേപ്പ് ചെയ്യപ്പെടുകയും, വിമാനം ലക്ഷ്യസ്ഥാനത്ത് ഇറങ്ങിയ ശേഷം അറസ്റ്റ് ചെയ്യപ്പെടുകയും ഒക്കെ ഉണ്ടായിട്ടുണ്ട്. അതുപോലെ എയർഹോസ്റ്റസുമാർക്ക് തങ്ങളുടെ യാത്രകളിൽ സ്ഥിരമായി നേരിടേണ്ടി വരുന്ന മറ്റൊരു അസുഖകരമായ അനുഭവം, സീറ്റിൽ ഇരുന്നുകൊണ്ടുള്ള യാത്രക്കാരുടെ തുറിച്ചുനോട്ടങ്ങളാണ്. ജിയാങ് ക്വാൻ എന്നൊരു വനിതാ ഫ്ലൈറ്റ് അറ്റൻഡന്റ്, ഒരിക്കൽ യാത്രചെയ്ത അഞ്ചു മണിക്കൂർ നേരവും തന്റെ തുടയിലേക്ക് തന്നെ തുറിച്ചു നോക്കിക്കൊണ്ടിരുന്ന ഒരു യാത്രക്കാരനെക്കുറിച്ച് വെളിപ്പെടുത്തി. ഫ്ലൈറ്റ് ലാൻഡ് ചെയ്യും മുമ്പുതന്നെ അവരോട് വിവാഹാഭ്യർത്ഥന നടത്താനും അയാൾ മറന്നില്ല. തന്നെത്തന്നെ വിവാഹം കഴിക്കണം എന്നയാൾക്കുണ്ടായിരുന്നില്ല, തന്റെ തുടയെ മാത്രമായി വിവാഹം കഴിക്കാൻ കിട്ടിയാലും അയാൾ സംതൃപ്തനായിരുന്നേനെ എന്നാണ് അവർ പിന്നീട് ഇതേപ്പറ്റി ഫലിത രൂപേണ പറയുന്നത്.

strange demands from rich and famous  passengers towards air hostess

അതുപോലെ, മറ്റൊരു യാത്രയിൽ ഇതേ എയർ ഹോസ്റ്റസ് നേരിട്ടത് ഒരു വൃദ്ധനിൽ നിന്നുള്ള പ്രണയാഭ്യർത്ഥനയാണ്. യാത്രക്കിടെ ഉണ്ടായ കാലാവസ്ഥാ പ്രശ്നങ്ങൾ കടുത്ത ഉലച്ചിൽ വിമാനത്തിനുണ്ടാക്കുന്നു. അത് ഈ വൃദ്ധനെ ശ്വാസം മുട്ടലിലേക്കും പരിഭ്രമത്തിലേക്കും തള്ളിവിടുന്നു. അപ്പോൾ അയാളുടെ അടുത്ത് വന്നിരുന്നു പരിചരിക്കാൻ നിയോഗിക്കപ്പെട്ടത് ക്വാങ് ആയിരുന്നു. കുറച്ചു നേരത്തെ പരിചരണം കൊണ്ട് അയാൾ സാമാന്യനിലയിലേക്ക് തിരികെ വന്നു എങ്കിലും, ശ്വാസം നേരെ വീണ അടുത്ത നിമിഷം അയാളിൽ നിന്നുണ്ടായ ആവശ്യം, ക്വാങ് തന്നെ ഒരു 'ഷുഗർ ഡാഡി' (Sugar Daddy)ആയി സ്വീകരിക്കണം, തന്റെ 'ഷുഗർ ബേബി' ആവണം. സാമ്പത്തിക സഹായങ്ങൾ കൈപ്പറ്റിക്കൊണ്ട്  വൃദ്ധർക്ക് യുവതികൾ ലൈംഗികത പകർന്നു നൽകുന്ന പതിവിനെയാണ് പാശ്ചാത്യലോകം 'ഷുഗർ-ഡാഡി-ബേബി' എന്ന സംജ്ഞ കൊണ്ട് വിവക്ഷിക്കുന്നത്. 

strange demands from rich and famous  passengers towards air hostess

സുന്ദരികളായ എയർ ഹോസ്റ്റസുമാരോട് പലപ്പോഴും, 'സെക്‌സിന് തയ്യാറാണോ, എത്രയാണ് റേറ്റ്' തുടങ്ങിയ ചോദ്യങ്ങളും പച്ചക്കു തന്നെ പലപ്പോഴും പ്രശസ്തരായവരിൽ നിന്നുപോലും ഉണ്ടാവാറുണ്ട്.  ഇത്തരത്തിലുള്ള ആവശ്യങ്ങൾ വരാറുള്ളത് സെലിബ്രിറ്റികളായ നടന്മാരിൽ നിന്നും, ക്രിക്കറ്റ് താരങ്ങളിൽ നിന്നും, ബിസിനസ്സുകാരിൽ നിന്നുമൊക്കെ ആവുമെന്നതുകൊണ്ട് പരാതി പറയുമ്പോൾ തങ്ങളുടെ ബന്ധുക്കൾ പോലും ചിലപ്പോൾ തങ്ങളെ അവിശ്വസിക്കാറുണ്ട് എന്നും ഈ എയർ ഹോസ്റ്റസുമാർ സാക്ഷ്യപ്പെടുത്തുന്നു. 

Follow Us:
Download App:
  • android
  • ios