പല തരത്തിലുള്ള ശാരീരികവും മാനസികവുമായ മാറ്റങ്ങള്‍ സംഭവിക്കുന്ന സമയമാണ് ഗര്‍ഭാവസ്ഥ. ആരോഗ്യമുള്ള കുഞ്ഞിന് വേണ്ടി ഗര്‍ഭിണിയും തന്‍റെ ആരോഗ്യം വളരെയധികം ശ്രദ്ധിക്കണമെന്ന് ഡോക്ടര്‍മാര്‍ പറയാറുണ്ട്. എന്നാല്‍ ആ സമയത്ത് സ്ത്രീകള്‍ അനുഭവിക്കുന്ന മാനസികസമ്മര്‍ദ്ദത്തെ കുറിച്ച് അധികം  ആരും ശ്രദ്ധിക്കാറില്ല. 

ഗര്‍ഭാവസ്ഥയില്‍ അമ്മമാര്‍ അനുഭവിക്കുന്ന മാനസികസമ്മര്‍ദ്ദം കുഞ്ഞുങ്ങളില്‍ വ്യക്തിത്വ തകരാറുണ്ടാക്കാനുള്ള സാധ്യത പത്തുശതമാനം വര്‍ധിപ്പിക്കുമെന്നാണ് പുതിയൊരു പഠനം പറയുന്നത്. 'ദ ബ്രീട്ടിഷ് ജേണല്‍ ഓഫ് സൈക്യാട്രി' യിലാണ് പഠനം പ്രസിദ്ധീകരിച്ചത്. 

ചെറിയ രീതിയിലുളള മാനസികസമ്മര്‍ദ്ദം പോലും ഗര്‍ഭാവസ്ഥയിലുള്ള കുഞ്ഞിന്‍റെ വികാസത്തെ ബാധിക്കും. ഇത് കുഞ്ഞ് ജനിച്ചതിനുശേഷം തുടരുകയും ചെയ്യും. അമ്മമാരുടെ മാനസികസമ്മര്‍ദ്ദം കുഞ്ഞിന്റെ മസ്തിഷ്‌കത്തില്‍ മാറ്റങ്ങളുണ്ടാക്കുന്നതോ ജീനിലെ മാറ്റമുണ്ടാക്കുന്നതോ ആകാം ഇങ്ങനെ സംഭവിക്കാന്‍ കാരണമെന്നും പഠനം പറയുന്നു. 

ഫിന്‍ലന്‍ഡിലെ 3600 സ്ത്രീകളിലും അവരുടെ കുട്ടികളിലുമാണ് പഠനം നടത്തിയത്. വീടുകളിലും ജോലിസ്ഥലത്തും ഗര്‍ഭിണികള്‍ക്ക് ആവശ്യമായ മാനസികപിന്തുണ നല്‍കണമെന്നും ഗവേഷകര്‍ പറയുന്നു.