പൊതുവേ ലൈംഗികതയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ സംസാരിക്കുന്നതിലും വെളിപ്പെടുത്തുന്നതിലുമെല്ലാം വളരെ പിന്നിലാണ് ഇന്ത്യന്‍ ജനതയെന്നാണ് വയ്പ്. പ്രത്യേകിച്ച് സ്ത്രീകള്‍ ഇത്തരം കാര്യങ്ങള്‍ സ്ത്രീകളോട് പോലും തുറന്നുപറയാന്‍ മടിക്കാറുണ്ട്. എന്നാല്‍ പരമ്പരാഗതമായ ഈ അവസ്ഥയ്ക്ക് ചെറിയ മാറ്റങ്ങള്‍ വന്നുതുടങ്ങിയിരിക്കുന്നു എന്നാണ് പുതിയ പല പഠനങ്ങളും സൂചിപ്പിക്കുന്നത്. 

ലണ്ടനിലെ കിംഗ്‌സ് കോളേജിലെ 'ഗ്ലോബല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ വുമണ്‍സ് ലീഡര്‍ഷിപ്പ്' നടത്തിയ പഠനവും ഇക്കൂട്ടത്തില്‍ പെടുത്താവുന്നതാണ്. തൊഴിലിടങ്ങളിലെ ലൈംഗിക സംഭാഷണങ്ങള്‍ എന്ന ആശയത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഗവേഷകരുടെ പഠനം. 

27 രാജ്യങ്ങളില്‍ നിന്നായി ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇവര്‍ പഠനത്തിന്റെ നിഗമനത്തിലേക്കെത്തിയിരിക്കുന്നത്. പ്രധാനമായും ആദ്യം സൂചിപ്പിച്ചത് പോലെ ലൈംഗിക കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതില്‍ ഇന്ത്യന്‍ സ്ത്രീകള്‍ മുന്നോട്ടുവരുന്നു എന്ന നിരീക്ഷണം തന്നെയാണ് ഇതില്‍ ഏറ്റവും ശ്രദ്ധേയം. 

അതായത്, തൊഴിലിടങ്ങളില്‍ സെക്്‌സുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വെളിപ്പെടുത്തുന്നതിലോ പങ്കുവയ്ക്കുന്നതിലോ 23 ശതമാനം ഇന്ത്യന്‍ സ്ത്രീകളും പ്രശ്‌നം കാണുന്നില്ലെന്നാണ് പഠനം പറയുന്നത്. സഹപ്രവര്‍ത്തകര്‍ അനുകൂലമായി പ്രതികരിച്ചില്ലെങ്കില്‍ പോലും അതിനെ അതിജീവിക്കാന്‍ ആത്മവിശ്വാസമുള്ളവരാണ് ഈ 23 ശതമാനം പേരുമെന്നും പഠനം രേഖപ്പെടുത്തുന്നു. 

ആഗോളതലത്തില്‍ തന്നെ പുരുഷന്മാരെക്കാള്‍ ഇക്കാര്യത്തില്‍ സ്ത്രീകള്‍ തന്നെയാണ് മുന്നിലെന്നും പഠനം പറയുന്നു. ആകെ 84 ശതമാനം സ്ത്രീകള്‍ തങ്ങള്‍ ഇതിനോട് 'ഓക്കെ'യാണെന്ന് സമ്മതിച്ചപ്പോള്‍ 78 ശതമാനം പുരുഷന്മാരാണ് മറുപുറത്ത് 'യെസ്' പറഞ്ഞത്.