ഗര്‍ഭനിരോധന ഗുളികകളെ കുറിച്ച് പൊതുവേ അത്ര നല്ല അഭിപ്രായങ്ങളല്ല നമ്മള്‍ കേള്‍ക്കാറ്. പല സൈഡ് എഫക്ടുകളെക്കുറിച്ചും ആശങ്കയോടെ ആളുകള്‍ സംസാരിച്ച് കേള്‍ക്കാറുണ്ട്. ഗര്‍ഭനിരോധന ഗുളികകള്‍ സ്തനാര്‍ബുദത്തിന് വരെ കാരണമാകുന്നുവെന്ന തരത്തില്‍ നേരത്തേ പഠനറിപ്പോര്‍ട്ടുകളും വന്നിട്ടുണ്ട്. 

എന്നാല്‍ ഇതില്‍ നിന്നെല്ലാം തീര്‍ത്തും വ്യത്യസ്തമായ ചില കണ്ടെത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് സ്വീഡനിലെ 'ഉപ്‌സല യൂണിവേഴ്‌സിറ്റി'യില്‍ നിന്നുള്ള ഒരു സംഘം ഗവേഷകര്‍. ഗര്‍ഭനിരോധന ഗുളികകള്‍ കഴിക്കുന്ന- അല്ലെങ്കില്‍- കഴിച്ചിട്ടുള്ള സ്ത്രീകളില്‍ അണ്ഡാശയ അര്‍ബുദത്തിനും ഗര്‍ഭാശയത്തിന് അകത്ത് വരുന്ന 'എന്‍ഡോമെട്രിയല്‍' ക്യാന്‍സറിനുമുള്ള സാധ്യതകള്‍ കുറവായിരിക്കും എന്നാണ് ഇവരുടെ കണ്ടെത്തല്‍. 

'ക്യാന്‍സര്‍ റിസര്‍ച്ച്' എന്ന പ്രസിദ്ധീകരണത്തിലാണ് ഇവരുടെ പഠനം സംബന്ധിച്ച കൂടുതല്‍ വിശദാംശങ്ങള്‍ വന്നിട്ടുള്ളത്. അണ്ഡാശയ അര്‍ബുദവും, എന്‍ഡോമെട്രിയല്‍ അര്‍ബുദവുമാണ് സ്ത്രീകളില്‍ ഗര്‍ഭാശയവുമായി ബന്ധപ്പെട്ട് പ്രധാനമായി കണ്ടുവരുന്ന രണ്ട് തരം ക്യാന്‍സറുകളത്രേ. ഇതില്‍ എന്‍ഡോമെട്രിയല്‍ ക്യാന്‍സര്‍ പൊതുവില്‍ നേരത്തേ ലക്ഷണങ്ങള്‍ പ്രകടമാകുന്നത് മൂലം കണ്ടെത്തപ്പെടാറുണ്ടെന്നും എന്നാല്‍ അണ്ഡാശയ അര്‍ബദുത്തിന്റെ കാര്യത്തില്‍ പലപ്പോഴും മറ്റ് അവയവങ്ങളിലേക്ക് പടര്‍ന്നതിന് ശേഷമാണ് ക്യാന്‍സര്‍ കണ്ടെത്തപ്പെടാറെന്നും ഗവേഷകര്‍ പറയുന്നു. 

ഈ സാഹചര്യത്തില്‍ തങ്ങളുടെ കണ്ടെത്തലിന് വലിയ പ്രാധാന്യമുണ്ടെന്നാണ് ഇവരുടെ അവകാശവാദം. അതേസമയം ഗര്‍ഭനിരോധന ഗുളികകള്‍ കഴിക്കുന്ന സ്ത്രീകളില്‍ സ്തനാര്‍ബുദം പിടിപെടാനുള്ള സാധ്യതയുണ്ടെന്ന വസ്തുത തള്ളിക്കളയുന്നില്ലെന്നും ഇവര്‍ പറയുന്നു. 

'ഗര്‍ഭനിരോധന ഗുളികകള്‍ കഴിക്കുന്നത് 15 വര്‍ഷം മുമ്പ് നിര്‍ത്തിയ സ്ത്രീകളില്‍ വരെ ഇതിന്റെ സ്വാധീനം കണ്ടെത്താന്‍ ഞങ്ങള്‍ക്കായിട്ടുണ്ട്. സ്തനാര്‍ബുദത്തിന്റെ കാര്യമാണെങ്കില്‍ വളരെ ചെറിയ റിസ്‌ക് മാത്രമാണ് ഞങ്ങള്‍ക്ക് കണ്ടെത്താനായിട്ടുള്ളത്. ഗുളികകള്‍ കഴിക്കുന്നത് നിര്‍ത്തി വര്‍ഷങ്ങള്‍ മുന്നോട്ട് പോകും തോറും ഈ സാധ്യത കുറഞ്ഞുവരുന്നതായും ഞങ്ങള്‍ മനസിലാക്കിയിട്ടുണ്ട്...'- പഠനത്തിന് നേതൃത്വം നല്‍കിയ അസാ ജോണ്‍സണ്‍ പറയുന്നു. 

ഏതായാലും വളരെ ശ്രദ്ധേയമായൊരു നിരീക്ഷണമാണ് ഗവേഷകര്‍ തങ്ങളുടെ പഠനത്തിലൂടെ നടത്തിയിരിക്കുന്നത്. ഇത് എത്രമാത്രം ആധികാരികമായി അംഗീകരിക്കാം എന്നത് സംബന്ധിച്ച് മറ്റ് റിപ്പോര്‍ട്ടുകളൊന്നും തന്നെ ഇതുവരെ പുറത്തുവന്നിട്ടില്ല.

Also Read:- 'ഗര്‍ഭനിരോധന മാര്‍ഗങ്ങളെ കുറിച്ച് അറിയാത്ത ഇന്ത്യയിലെ പുരുഷന്മാര്‍'...