ആര്‍ത്തവവിരാമത്തിലെത്തിയ സ്ത്രീകള്‍ക്ക് ലൈംഗികജീവിതത്തോട് അകല്‍ച്ചയുണ്ടാകുന്നുവെന്നത് ശാസ്ത്രീയമായിത്തന്നെ തെളിയിക്കപ്പെട്ടിട്ടുള്ള വസ്തുതയാണ്. അതായത്, ആര്‍ത്തവവിരാമത്തോടെ സ്ത്രീ ശരീരത്തിലുണ്ടാകുന്ന വലിയ തോതിലുള്ള ഹോര്‍മോണ്‍ വ്യതിയാനം യോനിയെ വരണ്ടതും, സംഭോഗം വേദന നിറഞ്ഞതുമാക്കിത്തീര്‍ക്കുന്നു. ഇതോടൊപ്പം തന്നെ ലൈംഗിക വിരക്തിയും സ്ത്രീകളില്‍ അനുഭവപ്പെടുന്നുണ്ട്. 

എന്നാല്‍ ആര്‍ത്തവവിരാമത്തിലെത്തിയ സ്ത്രീകള്‍ ലൈംഗികജീവിതത്തോട് വിട പറയുന്നതിന് ജൈവികമായ ഈ തടസങ്ങള്‍ മാത്രമല്ല കാരണമാകുന്നത് എന്നാണ് പുതിയൊരു പഠനം അവകാശപ്പെടുന്നത്. ലോകത്തിലെ പ്രമുഖ ആരോഗ്യസംഘടനയായ മിന്നോസോട്ടയിലെ 'മയോ ക്ലിനിക്'ല്‍ നിന്നുള്ള വിദഗ്ധരാണ് ഇത് സംബന്ധിച്ച പഠനം നടത്തിയത്. 

24,000 സ്ത്രീകളെ പങ്കെടുപ്പിച്ച് കൊണ്ട് ബ്രിട്ടനില്‍ നടത്തിയ ഒരു സര്‍വേയുടെ വിശദാംശങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു പഠനം. ആര്‍ത്തവവിരാമത്തോടെ ശരീരത്തില്‍ സംഭവിക്കുന്ന മാറ്റങ്ങള്‍ മാനസികവും ശാരീരികവുമായി ലൈംഗികജീവിതത്തില്‍ നിന്ന് തങ്ങളെ പിന്തിരിപ്പിക്കുന്നുവെന്ന് സര്‍വേയില്‍ സ്ത്രീകള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. 

എന്നാല്‍ ഇതിനെക്കാള്‍ പ്രാധാന്യത്തോടെ അവര്‍ രഹസ്യമായി രേഖപ്പെടുത്തിയിരിക്കുന്ന മറ്റൊരു വസ്തുതയാണ് 'മയോ ക്ലിനിക്' ഡോക്ടര്‍മാര്‍ തങ്ങളുടെ പഠനത്തില്‍ ഉയര്‍ത്തിക്കൊണ്ടുവന്നിരിക്കുന്നത്. പങ്കാളിയുടെ ഭാഗത്തുനിന്നുണ്ടാകുന്ന പ്രശ്‌നങ്ങളാണ് ലൈംഗികജീവിതത്തില്‍ നിന്ന് തങ്ങളെ പൂര്‍ണ്ണമായി വിരമിക്കാന്‍ താല്‍പര്യപ്പെടുത്തുന്നത് എന്നതായിരുന്നുവത്രേ അത്രയും പ്രാധാന്യത്തോടെ സ്ത്രീകൾ സാക്ഷ്യപ്പെടുത്തിയ ആ കാരണം.

അതായത്, പുരുഷ പങ്കാളിയുടെ ശാരീരികവും മാനസികവുമായ അസുഖങ്ങള്‍- അവശതകള്‍ എല്ലാം തങ്ങളേയും ബാധിക്കുന്നു. കൂട്ടത്തില്‍ അവരുടെ താല്‍പര്യമില്ലായ്മയും തങ്ങളെ ലൈംഗികതയില്‍ നിന്ന് പുറന്തള്ളുന്നു. അതേസമയം പങ്കാളിയുമായി വലിയ ആത്മബന്ധം തുടരുന്നതായാണ് മിക്കവാറും സ്ത്രീകള്‍ രേഖപ്പെടുത്തിയത്. എന്നാല്‍ ലൈംഗികജീവിതം ഏതാണ്ട് അവസാനിച്ചതായാണ് അവര്‍ കണക്കാക്കുന്നത്. 

ആര്‍ത്തവവിരാമത്തോടെ ലൈംഗികജീവിതത്തോട് സ്ത്രീക്കുണ്ടാകുന്ന വിരക്തി ഒരു പങ്ക് മാത്രമാണെന്നും, പുരുഷ പങ്കാളിയുടെ പങ്കാളിത്തമില്ലായ്മയാണ് മറ്റൊരു വലിയ കാരണമെന്നും പഠനത്തിന് നേതൃത്വം നല്‍കിയ ഡോക്ടര്‍മാര്‍ വിലയിരുത്തുന്നു. എന്നാല്‍ ഈ ഘടകം അത്രമാത്രം ചര്‍ച്ചയില്‍ വരാറില്ലെന്നും പൊതുവില്‍ ആര്‍ത്തവവിരാമം തന്നെയാണ് വില്ലന്‍ എന്ന ധാരണയിലാണ് സ്ത്രീയും പുരുഷനും തുടരുന്നതെന്നും ഇവര്‍ പറയുന്നു. 

കുടുംബത്തിന്റെ ബാധ്യതകള്‍, മക്കളുടെ പഠനം, വിവാഹം, സാമ്പത്തികപ്രയാസങ്ങള്‍- എന്നിവയും ദമ്പതികള്‍ക്കിടയില്‍ ലൈംഗിക താല്‍പര്യം കുറയ്ക്കുന്നതായി പഠനം കണ്ടെത്തി. ജൈവികമായ പ്രശ്‌നങ്ങളാണെങ്കില്‍ ഒരു പരിധി വരെ അവ പരിഹരിക്കാന്‍ വൈദ്യശാസ്ത്രത്തിന് തന്നെ കഴിയുമെന്നും എന്നാല്‍ ഇത്തരത്തിലുള്ള സാമൂഹികമായ പ്രശ്‌നങ്ങള്‍ പരിഹരിക്കുക എളുപ്പമല്ലെന്നും പഠനം സൂചിപ്പിക്കുന്നു.