ഹെയര്‍ ഡൈ മുതല്‍ പൂന്തോട്ട പരിപാലനത്തിനുപയോഗിക്കുന്ന കീടനാശിനികള്‍ വരെയുള്ള ഉത്പന്നങ്ങളിലെ കെമിക്കലുകള്‍ സ്ത്രീകളില്‍ സ്തനാര്‍ബുദത്തിന് വഴിയൊരുക്കുന്നുവെന്നാണ് പഠനത്തിന്റെ കണ്ടെത്തല്‍. ഭക്ഷണത്തില്‍ ഫ്‌ളേവറിനും നിറത്തിനും വേണ്ടി ചേര്‍ക്കുന്ന പദാര്‍ത്ഥങ്ങള്‍, കുപ്പിവെള്ളം എന്നിവയിലെല്ലാം ഇത്തരത്തിലുള്ള കെമിക്കലുകള്‍ കണ്ടെത്തിയതായാണ് പഠനം അവകാശപ്പെടുന്നത്

നിത്യജീവിതത്തില്‍ പല വിധേനയും പല തരത്തിലുള്ള കെമിക്കലുകള്‍ (രാസപദാര്‍ത്ഥങ്ങള്‍) നമ്മുടെ ശരീരത്തിലെത്തുന്നുണ്ട്. അതൊരുപക്ഷേ, നമ്മള്‍ കഴിക്കുന്ന ഭക്ഷണപദാര്‍ത്ഥങ്ങളിലൂടെയോ അല്ലെങ്കില്‍ നമ്മള്‍ ഉപയോഗിക്കുന്ന വിവിധ ഉത്പന്നങ്ങളിലൂടെയോ ആകാം. 

ഇവയില്‍ അത്ര അപകടകാരികളല്ലാത്ത കെമിക്കലുകളോട് പുതിയ കാലത്തെ മനുഷ്യരുടെ ആരോഗ്യാവസ്ഥകള്‍ പൊരുത്തപ്പെട്ട് പോകാറുണ്ട്. എന്നാല്‍ അപകടകാരികളായ കെമിക്കലുകളാണെങ്കില്‍ അവ തീര്‍ച്ചയായും ഏതെങ്കിലും തരത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ക്കോ അസുഖങ്ങള്‍ക്കോ ഇടയാക്കാം. 

ഇത് കാലക്രമേണ പതിയെ സംഭവിക്കുന്നതാകാം. അതിനാല്‍ തന്നെ ഇക്കാര്യങ്ങളെ കുറിച്ച് കാര്യമായി അന്വേഷിക്കാനോ, രോഗകാരണമായി കെമിക്കലുകളുടെ ഉപയോഗത്തെ തിരിച്ചറിയാനോ നമുക്ക് സാധിക്കാതെ പോകാം. ഏതായാലും ഈ വിഷയത്തിലേക്ക് വെളിച്ചം വീശുകയാണ് ഏറ്റവും പുതിയൊരു പഠനം. 

യുഎസിലെ നാഷണല്‍ എന്‍വിയോണ്‍മെന്റല്‍ ഹെല്‍ത്ത് സയന്‍സസില്‍ നിന്നും ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്പ്രിംഗ് സൈലന്റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നുമുള്ള ഗവേഷകരാണ് പഠനം നടത്തിയത്. 'എന്‍വിയോണ്‍മെന്റല്‍ ഹെല്‍ത്ത് പെഴ്‌സ്‌പെക്ടീവ്' എന്ന പ്രമുഖ പ്രസിദ്ധീകരണത്തിലാണ് പഠനത്തിന്റെ വിശദാംശങ്ങള്‍ വന്നിട്ടുള്ളത്. 

ഹെയര്‍ ഡൈ മുതല്‍ പൂന്തോട്ട പരിപാലനത്തിനുപയോഗിക്കുന്ന കീടനാശിനികള്‍ വരെയുള്ള ഉത്പന്നങ്ങളിലെ കെമിക്കലുകള്‍ സ്ത്രീകളില്‍ സ്തനാര്‍ബുദത്തിന് വഴിയൊരുക്കുന്നുവെന്നാണ് പഠനത്തിന്റെ കണ്ടെത്തല്‍. ഭക്ഷണത്തില്‍ ഫ്‌ളേവറിനും നിറത്തിനും വേണ്ടി ചേര്‍ക്കുന്ന പദാര്‍ത്ഥങ്ങള്‍, കുപ്പിവെള്ളം എന്നിവയിലെല്ലാം ഇത്തരത്തിലുള്ള കെമിക്കലുകള്‍ കണ്ടെത്തിയതായാണ് പഠനം അവകാശപ്പെടുന്നത്. 

ഈ കെമിക്കലുകള്‍ സ്തനങ്ങളിലെ കോശങ്ങളെ കൊണ്ട് ഈസ്ട്രജന്‍- പ്രൊജസ്‌ട്രോണ്‍ എന്നീ ഹോര്‍മോണുകള്‍ അധികമായി ഉത്പാദിപ്പിക്കുകയും ഇവ പിന്നീട് അര്‍ബുദത്തിലേക്ക് നയിക്കുകയുമാണേ്രത ചെയ്യുന്നത്. എന്നാല്‍ എങ്ങനെയാണ് കെമിക്കലുകള്‍ ഇത്തരത്തില്‍ ഹോര്‍മോണ്‍ ഉത്പാദനത്തെ സ്വാധീനിക്കുന്നതെന്ന് കൃത്യമായി കണ്ടെത്താന്‍ ഗവേഷകര്‍ക്കായിട്ടില്ല. 

അതേസമയം സ്ത്രീകള്‍ നിത്യജീവിതത്തില്‍ ഇങ്ങനെയുള്ള വെല്ലുവിളികള്‍ നേരിടുന്നുണ്ടെന്നും വ്യാവസായികാടിസ്ഥാനത്തില്‍ തന്നെ ഇതില്‍ കൃത്യമായ പരിശോധനകള്‍ നടത്തേണ്ടതുണ്ടെന്നും ഓര്‍മ്മിപ്പിക്കുകയാണ് പഠനത്തിന് നേതൃത്വം നല്‍കിയ ഗവേഷകര്‍.

Also Read:- അന്നനാളത്തിലെ അര്‍ബുദത്തിന് കാരണമാകുന്ന ചിലത്; ഇവ ഒഴിവാക്കാനുള്ള മാര്‍ഗങ്ങളും...