Asianet News MalayalamAsianet News Malayalam

ബഹിരാകാശ യാത്രിക സുനിത വില്യംസ് ഇസ്ലാമിലേക്ക് മതം മാറിയെന്ന് പ്രചാരണം; സത്യമെന്ത്?

ബഹിരാകാശത്ത് വച്ച് ഇടതുവശത്തായി രണ്ട് നക്ഷത്രങ്ങള്‍ കണ്ടെന്നും ബൈനോക്കറിലൂടെ നോക്കുമ്പോള്‍ നക്ഷത്രത്തിലെ വെളിച്ചം മക്കയില്‍ നിന്ന് ഉത്ഭവിക്കുന്നതാണെന്ന് മനസ്സിലായതിനെ തുടര്‍ന്ന് സുനിത ഇസ്ലാം മതത്തില്‍  വിശ്വസിച്ചു തുടങ്ങിയെന്നുമാണ് പ്രചാരണം.

Sunita williams hasn't converted in to Islam
Author
New York, First Published Aug 1, 2019, 7:29 PM IST

ദില്ലി: ഇന്ത്യന്‍ വംശജയും നാസ ബഹിരാകാശ യാത്രികയുമായ സുനിത വില്യംസ് ഇസ്ലാമിലേക്ക് മതം മാറിയെന്ന് സോഷ്യല്‍ മീഡിയയില്‍ വീഡിയോ പ്രചരിക്കുന്നു. ബംഗാളി ഭാഷയില്‍ മക്ക മദീന എന്ന ഫേസ്ബുക്ക് പേജിലൂടെയായിരുന്നു പ്രചാരണം. ബംഗാളിയിലാണ് വീഡിയോയും നിര്‍മിച്ചിരിക്കുന്നത്. വീഡിയോ രണ്ട് ലക്ഷത്തിലേറെ ആളുകള്‍ കാണുകയും 11,000ത്തിലെ പേര്‍ ഷെയര്‍ ചെയ്യുകയും ചെയ്തു.

ബഹിരാകാശത്ത് വച്ച് ഇടതുവശത്തായി രണ്ട് നക്ഷത്രങ്ങള്‍ കണ്ടെന്നും ബൈനോക്കറിലൂടെ നോക്കുമ്പോള്‍ നക്ഷത്രത്തിലെ വെളിച്ചം മക്കയില്‍ നിന്ന് ഉത്ഭവിക്കുന്നതാണെന്ന് മനസ്സിലായതിനെ തുടര്‍ന്ന് സുനിത ഇസ്ലാം മതത്തില്‍  വിശ്വസിച്ചു തുടങ്ങിയെന്നുമാണ് പ്രചാരണം.എന്നാല്‍ സുനിത വില്യംസ് മതം മാറിയിട്ടില്ലെന്ന് അന്വേഷണത്തില്‍ മനസ്സിലായതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.

വര്‍ഷങ്ങളായി നടക്കുന്ന വ്യാജ പ്രചാരണമാണിതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സുനിത വില്യംസിന്‍റെ അച്ഛന്‍ ഹിന്ദുവും അമ്മ ക്രിസ്ത്യാനിയുമാണ്. ബഹിരാകാശ യാത്ര നടത്തിയ സുനിത എന്തിന് ഇസ്ലാം മത വിശ്വാസിയാകണമെന്നായിരുന്നു അവരുടെ സുഹൃത്തിന്‍റെ പ്രതികരണം. നാസയില്‍ നടത്തിയ അന്വേഷണത്തിലും സുനിത അവര്‍ ഇസ്ലാമിലേക്ക് മാറിയിട്ടില്ലെന്നും ടൈംസ് റിപ്പോര്‍ട്ടില്‍ പറയുന്നു. 

2010ലും സമാനമായ പ്രചാരണം നടന്നിരുന്നു.  അടിസ്ഥാന രഹിതമായ വാര്‍ത്ത പ്രചരിക്കുന്നതെങ്ങനെയെന്ന് അറിയില്ലെന്നാണ് അന്ന് സുനിത വില്യംസ് വാര്‍ത്തയോട് പ്രതികരിച്ചത്. എന്‍റെ അച്ഛന്‍ ഹിന്ദുവാണ്. അമ്മ ക്രിസ്ത്യാനിയും. ശ്രീരാമന്‍റെയും ശ്രീകൃഷ്ണന്‍റെയും യേശു ക്രിസ്തുവിന്‍റെയും കഥകള്‍ കേട്ടാണ് ഞാന്‍ വളര്‍ന്നത്. ഞാന്‍ ദൈവത്തില്‍ വിശ്വസിക്കുന്നുവെന്നായിരുന്നും സുനിത വ്യക്തമാക്കിയിരുന്നു. 2016ല്‍ എന്‍ഡിടിവിക്ക് നല്‍കിയ അഭിമുഖത്തിലും സമാന അഭിപ്രായമാണ് സുനിത പറഞ്ഞത്.  

Follow Us:
Download App:
  • android
  • ios