വീട്ടിലിരിക്കുമ്പോള്‍ വിനോദത്തിനായി എന്തൊക്കെ ചെയ്യാമെന്നാണ് എല്ലാവരും ചിന്തിക്കുന്നത്. സിനിമാ താരങ്ങളും പലതരം പ്രവൃത്തികളില്‍ ഏർപ്പെടുന്ന വീഡിയോകളാണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. അക്കൂട്ടത്തില്‍ സണ്ണി ലിയോണും കുടുംബവും ഉണ്ട്. ലോക്ക്ഡൗണ്‍ കാലത്ത് കുട്ടികള്‍ക്ക് വേണ്ടി നൃത്തം ചെയ്യുന്ന സണ്ണി ലിയോണിനെയും ഭര്‍ത്താവ് ഡാനിയല്‍ വെബ്ബറിനെയും നാം കണ്ടതാണ്. 

കേരളത്തിലടക്കം വലിയൊരു ആരാധക പിന്തുണയുള്ള താരമാണ് സണ്ണി ലിയോണ്‍. അതുകൊണ്ടുതന്നെ സണ്ണിയുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ അറിയാന്‍ എല്ലാവര്‍ക്കും വലിയ താല്‍പര്യവുമാണ്. സണ്ണി കഴിഞ്ഞ ദിവസം തന്‍റെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്ത വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.

Also Read: സണ്ണി വീട്ടില്‍ എങ്ങനെയാണെന്ന് വെളിപ്പെടുത്തി ഡാനിയല്‍; പ്രതികാരം ചെയ്യുമെന്ന് താരം
 

ഭര്‍ത്താവിനെ സണ്ണി പറ്റിക്കുന്നതാണ് വീഡിയോ. ലൈവ് വീഡിയോയിലൂടെയായിരുന്നു സണ്ണിയുടെ 'പ്രാങ്ക്' . കത്തി ഉപയോഗിച്ച് അരിയുന്നതിനിടെ തന്‍റെ വിരല്‍ മുറിഞ്ഞ് പോകുന്നതായി അഭിനയിക്കാനായിരുന്നു സണ്ണിയുടെ പദ്ധതി. ഗംഭീരമായി തന്നെ താരം അത് ചെയ്തു. ഇതിനായി കൃത്രിമ വിരലും മറ്റും സണ്ണി തയ്യാറാക്കിയിരുന്നു.  

കത്തിയെടുത്ത് കയ്യിൽ പിടിച്ച് അലറുകയായിരുന്നു സണ്ണി ചെയ്തത്. ഫോണ്‍ സമീപത്ത് വെച്ചിട്ടുണ്ടായിരുന്നു. സണ്ണിയുടെ കരച്ചില്‍ കേട്ട് ഓടിയെത്തിയ ഭര്‍ത്താവ് ഡാനിയല്‍  കണ്ടത് അടുക്കളയില്‍ നിറയെ ചോരയാണ്. എന്തു ചെയ്യണമെന്ന് അറിയാതെ ഒരു നിമിഷം പകച്ചുനിന്ന ഡാനിയല്‍ സണ്ണിയുടെ കൈ കെട്ടാനായി തുണി എടുക്കാന്‍ ഓടുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഇതിനിടെയാണ് ഇത് 'പ്രാങ്ക് വീഡിയോ' ആണെന്ന് സണ്ണി ഭര്‍ത്താവിനോട് പറയുന്നത്. പിന്നെ പൊട്ടിച്ചിരിക്കുകയായിരുന്നു ഇരുവരും.