ലാഗോസ്(നൈജീരിയ): ശിശു ഉല്‍പാദന കേന്ദ്രത്തില്‍ പൊലീസ് റെയ്ഡ്, 19 ഗര്‍ഭിണികളെ മോചിപ്പിച്ചു. നവജാത ശിശുക്കളെ വന്‍വിലക്ക്  രഹസ്യമായി വില്‍ക്കുന്ന രീതി നില്‍ക്കുന്ന നൈജീരിയയില്‍ നിന്നുള്ളതാണ് വാര്‍ത്ത. നൈജീരിയയിലെ വിവിധ ഭാഗങ്ങളില്‍ പ്രാദേശികമായ പിന്തുണയോടെ ഇത്തരത്തിലുള്ള ശിശു ഉല്‍പാദന കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അത്തരമൊരു കേന്ദ്രത്തില്‍ നടത്തിയ റെയ്ഡിലാണ് 19 ഗര്‍ഭിണികളെ മോചിപ്പിച്ചത്. 15 നും 28 നും ഇടയില്‍ പ്രായമുള്ള ഗര്‍ഭിണികളെയാണ് ഇവിടെ നിന്ന് മോചിപ്പിച്ചിരിക്കുന്നത്. 4 നവജാത ശിശുക്കളേയും ഇവിടെ നിന്ന് മോചിപ്പിച്ചിട്ടുണ്ട്. 

ഇവിടെ എത്തുന്ന സ്ത്രീകളില്‍ ഏറിയ പങ്കും രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്ന് തട്ടിക്കൊണ്ട് വരുന്നവരാണ്. ഭീഷണിക്ക് വഴങ്ങി മറ്റ് മാര്‍ഗമില്ലാതെയാണ് ഇവര്‍ ഇത്തര ശിശു ഉല്‍പാദ കേന്ദ്രങ്ങളില്‍ കുടുങ്ങുന്നത്. പലപ്പോഴും കൃത്യസമയത്ത് ചികിത്സ ലഭിക്കാതെയും ആശുപത്രിയിലെത്തിക്കാതെയുള്ള ചികിത്സയും നിമിത്തം ഇവര്‍ക്കൊപ്പമുണ്ടായിരുന്ന പലര്‍ക്കു ജീവഹാനി സംഭവിച്ചതായി  പൊലീസ് രക്ഷപ്പെടുത്തിയവര്‍ പറയുന്നു. കേന്ദ്രം നടത്തിക്കൊണ്ടിരുന്ന പരിശീലനം ലഭിക്കാത്ത രണ്ട് നഴ്സുമാര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ ഊര്‍ജിതമാക്കിയതായി നൈജീരിയന്‍ പൊലീസ് വ്യക്തമാക്കി.

1 ലക്ഷം രൂപ മുതലാണ് ഇവിടെ നിന്ന് വില്‍ക്കുന്ന കുട്ടികള്‍ക്ക് വിലയീടാക്കിയതെന്ന് പൊലീസ് വ്യക്തമാക്കി. ഈ കേന്ദ്രത്തില്‍ സ്ത്രീകളെയും വിറ്റിരുന്നുവെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കുട്ടികളെ വാങ്ങുന്നത് ആരാണെന്നത് കണ്ടെത്താന്‍ ഒളിവില്‍ പോയ കേന്ദ്രം നടത്തിപ്പുകാരെ കണ്ടെത്തണമെന്നും പൊലീസ് വ്യക്തമാക്കി. ഇത് ആദ്യമായല്ല നൈജീരിയയില്‍ ശിശു ഉല്‍പാദക കേന്ദ്രങ്ങളില്‍ റെയ്ഡ് നടക്കുന്നത്. കഴിഞ്ഞ ഒരുവര്‍ഷത്തോളമായി 160 കുട്ടികളെയാണ് ഇത്തരം നിയമവിരുദ്ധ സ്ഥാപനങ്ങളില്‍ നിന്ന് മോചിപ്പിച്ചിട്ടുള്ളത്.

ജോലി വാഗ്ദാനം ചെയ്താണ് ഇവരില്‍ പലരേയും ശിശു ഉല്‍പാദക കേന്ദ്രത്തിലേക്ക് എത്തിച്ചതെന്നാണ് വിവരം. എന്നാല്‍ ഇവരെ ബലമായി പിടിച്ച് വച്ച് പീഡിപ്പിച്ചുവെന്നാണ് രക്ഷപ്പെട്ടവര്‍ പൊലീസിന് നല്‍കുന്ന വിവരം. പീഡനത്തിന് ശേഷം മുറിയില്‍ നിന്ന് പുറത്തിറങ്ങാന്‍ പോലും അനുവദിക്കാറില്ലെന്നും ഇരകളാക്കപ്പെട്ടവര്‍ പറയുന്നു. ഗര്‍ഭിണിയാകാനായി ഇതുവരെ ഏഴ് വ്യത്യസ്ത ആള്‍ക്കാരുമായി കിടക്ക പങ്കിടേണ്ടി വന്നുവെന്ന് കേന്ദ്രത്തില്‍ നിന്ന് രക്ഷപ്പെടുത്തിയ ഗര്‍ഭിണികളിലൊരാള്‍ മൊഴി നല്‍കി.

പ്രസവശേഷം വന്‍തുക നല്‍കുമെന്നായിരുന്നു വാഗ്ദാനമെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു. കുട്ടിയെ വില്‍ക്കാന്‍ ശ്രമം നടക്കുന്നത് തിരിച്ചറിഞ്ഞ് കേന്ദ്രത്തില്‍ രക്ഷപ്പെടാന്‍ ശ്രമിച്ചതിന് വേണ്ടരീതിയിലുള്ള ചികിത്സാ സഹായം പോലും നല്‍കാതെ നടത്തിപ്പുകാര്‍ അവശനിലയിലാക്കിയെന്നും ഒരു സ്ത്രീ പ്രതികരിച്ചു. കേന്ദ്രത്തില്‍ നിന്ന് രക്ഷപ്പെടുത്തിയ സ്ത്രീകളെയും കുട്ടികളേയും പൊലീസ് സംരക്ഷണയില്‍ പുനരധിവസിപ്പിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.