സമൂഹം എത്ര പുരോഗമനം അവകാശപ്പെടുമ്പോഴും ഒരാള്‍ക്കൂട്ടത്തിലേക്ക് സധൈര്യം കയറിച്ചെല്ലാന്‍ ഇപ്പോഴും മിക്ക സ്ത്രീകളും പേടിക്കുന്നുണ്ട്. സ്വന്തം ശരീരത്തെച്ചൊല്ലിയാണ് ഈ പേടിയത്രയും നിലനില്‍ക്കുന്നത്. മാനസികമായി എത്ര തയ്യാറെടുത്താലും ചിലപ്പോഴെങ്കിലും ചില മോശം അനുഭവങ്ങള്‍ സ്ത്രീകളെ തകര്‍ത്തുകളയാറുണ്ട്. 

പൊതുവിടത്തില്‍ ഒരാള്‍ അതിക്രമിച്ച് സ്വന്തം സ്വകാര്യതയില്‍ കൈ കടത്തിയാല്‍ എത്തരത്തിലാണ് അയാളോട് പ്രതികരിക്കേണ്ടത്? ചങ്കൂറ്റത്തോടെ അങ്ങനെ ചെയ്യണം, ഇങ്ങനെ ചെയ്യണം എന്നെല്ലാം മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കാന്‍ നിരവധി പേര്‍ കാണും. എന്നാല്‍ യഥാര്‍ത്ഥത്തില്‍ അത്തരമൊരവസ്ഥ വരുമ്പോള്‍ തകര്‍ന്നുപോകുന്നവരാണ് അധികവും.

എന്നാല്‍ വാക്കുകള്‍ക്കപ്പുറം ചങ്കൂറ്റത്തോടെ പ്രതികരിച്ച ഒരു സ്ത്രീയുടെ അനുഭവമാണ് കേള്‍ക്കുന്നതെങ്കിലോ? അത് സ്ത്രീകളില്‍ വലിയ അളവില്‍ ഊര്‍ജ്ജം നിറച്ചേക്കും. മറ്റൊരാള്‍ക്ക് അങ്ങനെ ചെയ്യാനായെങ്കില്‍ എനിക്കും ചെയ്യാവുന്നതേയുള്ളൂ എന്ന ആത്മവിശ്വാസം ആ അനുഭവകഥ ഒരുപക്ഷേ നല്‍കിയേക്കാം. 

സമാനമായൊരു അനുഭവകഥയാണ് നടി താപ്‌സി പന്നുവിന് പറയാനുള്ളത്. കരീന കപൂറിന്റെ 'ടോക്ക് ഷോ' ആയ 'വാട്ട് വുമണ്‍ വാണ്ട്' എന്ന പരിപാടിയിലൂടെയാണ് താപ്‌സി ഈ അനുഭവം പങ്കുവച്ചത്. 

'മുമ്പ് വിശേഷാവസരങ്ങളിലൊക്കെ അവിടെ അടുത്തുള്ള ഒരു ഗുരുദ്വാരയില്‍ ഞങ്ങള്‍ സന്ദര്‍ശനം നടത്തുമായിരുന്നു. അവിടെത്തന്നെ അടുത്തായിട്ട് അന്നദാനവും ഉണ്ടാകും. എപ്പോഴും അവിടങ്ങളില്‍ ഭയങ്കര തിരക്കായിരിക്കും. ആളുകള്‍ അങ്ങോട്ടും ഇങ്ങോട്ടും കൂട്ടിമുട്ടുന്നത് പോലും ശ്രദ്ധിക്കാത്ത അത്രയും തിരക്ക്. ഒരുതവണ ആ തിരക്കില്‍ വച്ച് എനിക്കൊരു മോശം അനുഭവം ഉണ്ടായി...

പക്ഷേ അടുത്ത തവണ ഞാന്‍ അതീവശ്രദ്ധയോടെ ആയിരുന്നു നിന്നത്. എങ്കിലും എന്റെ കണ്ണ് വെട്ടിച്ച് തിരക്കില്‍ ഒരാള്‍ കയറിപ്പിടിച്ചു. പക്ഷേ തൊട്ടടുത്ത നിമിഷം തന്നെ ഞാന്‍ പ്രതികരിച്ചു. അയാളുടെ കൈവിരല്‍ പിടിച്ച് വളച്ചൊടിക്കുകയായിരുന്നു ഞാന്‍ ചെയ്തത്. എന്നിട്ട് ഒന്നും സംഭവിക്കാത്തത് പോലെ അവിടെ നിന്നും പെട്ടെന്ന് മാറി. മാനസികമായി തയ്യാറെടുത്തത് കൊണ്ടാണ് എനിക്കത്ര എളുപ്പം അങ്ങനെ ചെയ്യാനായത്..'- താപ്‌സി പറഞ്ഞു. 

ഹിന്ദി, തമിഴ് തെലുങ്ക് ഭാഷകളിലായി ഒരുപിടി ശക്തമായ വേഷങ്ങളിലൂടെ സിനിമാപ്രേമികളുടെ ഇഷ്ടം പിടിച്ചുപറ്റിയ നടിയാണ് താപ്‌സി പന്നു. 'പിങ്ക്', 'ബദ്ല', 'സാന്‍ഡ് കി ആങ്ക്', 'മുള്‍ക്ക്' എന്നീ ചിത്രങ്ങളെല്ലാം താപ്‌സിയെ ഏറെ ശ്രദ്ധേയയാക്കിയിരുന്നു. അടുത്തിടെ ഇറങ്ങിയ 'ഗെയിം ഓവര്‍' എന്ന തമിഴ് ചിത്രത്തിലെ വേഷം, ഒരിടവേളയ്ക്ക് ശേഷം സൗത്തിന്ത്യയിലും താപ്‌സിയുടെ സ്വീകാര്യത വര്‍ധിപ്പിച്ചിരുന്നു. 2011ല്‍ പുറത്തിറങ്ങിയ വെട്രിമാരന്‍ ചിത്രം 'ആടുകളം' ആയിരുന്നു താപ്‌സിയുടെ ആദ്യ തമിഴ് ചിത്രം.