കൗമാരക്കാരായ പെൺകുട്ടികൾ ഇന്ന് നേരിടുന്ന മാനസികമായ ബുദ്ധിമുട്ടുകളെക്കുറിച്ചു നമ്മൾ മനസ്സിലാക്കേണ്ടതുണ്ട്. കൗമാരപ്രായം വളരെ മാനസിക സങ്കർഷം നിറഞ്ഞ കാലഘട്ടമാണ്. ഒരു കുട്ടി എന്ന അവസ്ഥ കഴിഞ്ഞു, എന്നാൽ മുതിർന്ന വ്യക്തിയായി മാറിയിട്ടുമില്ല എന്ന അവസ്ഥ

കൗമാരക്കാരായ പെൺകുട്ടികൾ ഇന്ന് നേരിടുന്ന മാനസികമായ ബുദ്ധിമുട്ടുകളെക്കുറിച്ചു നമ്മൾ മനസ്സിലാക്കേണ്ടതുണ്ട്. കൗമാരപ്രായം വളരെ മാനസിക സങ്കർഷം നിറഞ്ഞ കാലഘട്ടമാണ്. ഒരു കുട്ടി എന്ന അവസ്ഥ കഴിഞ്ഞു, എന്നാൽ മുതിർന്ന വ്യക്തിയായി മാറിയിട്ടുമില്ല എന്ന അവസ്ഥ. അതുകൊണ്ടുതന്നെ തീരുമാനങ്ങൾ എടുക്കുമ്പോൾ എടുത്തുചാട്ടം ഉണ്ടാകാനോ, അതുപോലെതന്നെ തീരുമാനങ്ങൾ തെറ്റിപ്പോകാനോ ഒക്കെ വളരെ സാധ്യതയുണ്ട്.

സോഷ്യൽ മീഡിയയുടെ വളരെ വ്യാപകമായ സ്വാധീനം, പഠനത്തിൽ വലിയ പ്രെഷർ നേരിടുക, മൂഡ് സ്വിങ്സ്, പ്രശ്നങ്ങൾ എങ്ങനെ കൈകാര്യം ചെയ്യണം എന്ന് അറിയാതെവരിക എന്നിങ്ങനെ നിരവധി പ്രശ്നങ്ങളിലൂടെ കൗമാരക്കാരായ പെൺകുട്ടികൾ കടന്നുപോകുന്നു. അവരുടെ ആത്മവിശ്വാസം കുറഞ്ഞുപോകാതെ, എങ്ങനെ പ്രശ്നങ്ങളെ ധൈര്യമായി നേരിടാൻ കഴിയുമെന്ന് പറഞ്ഞു മനസ്സിലാക്കേണ്ട ഉത്തരവാദിത്വം നമുക്കുണ്ട്.

സോഷ്യൽ മീഡിയ ആത്മവിശ്വാസം കുറയാൻ കാരമാകുന്നുണ്ടോ?

സോഷ്യൽ മീഡിയയിൽ കാണുന്ന സൗന്ദര്യം അവർക്കില്ല എന്ന് താരതമ്യം ചെയ്തു സങ്കടപെടുന്ന പെൺകുട്ടികൾ ഉണ്ട്. അതുകൊണ്ടുതന്നെ സ്വന്തം രൂപത്തെ വെറുക്കുന്ന നിലയിൽ ചിന്തിക്കുന്ന പെൺകുട്ടികൾ ഉണ്ട്. സോഷ്യൽ മീഡിയയിൽ നെഗറ്റീവ് കമന്റ് കിട്ടുക, ബോഡി ഷെയ്മിങ്ങിന് ഇരയാവുക എന്നതെല്ലാം അവരുടെ ആത്മവിശ്വാസത്തെ തകർക്കും. 

ഫോൺ അഡിക്ഷൻ, ഉറക്കമില്ലായ്മ, ആത്മഹത്യാ ചിന്തകൾ 

സ്ക്രീൻ ടൈം അധികമാകുന്നത് ഉറക്കത്തെ ബാധിക്കും. കൗമാര പ്രായത്തിൽ പ്രത്യേകിച്ച് 12-14 വയസ്സിലാണ് ആത്മഹത്യാ പ്രവണത ഉള്ള ആളുകളിൽ അങ്ങനെയൊരു ചിന്ത അധികവും തുടങ്ങുന്നത്. സ്വയം വെറുക്കുന്ന പ്രവണതയുള്ള കൗമാരക്കാർ പലരും അമിതമായി ഫോൺ ഉപയോഗിക്കുന്നത് പലപ്പോഴും ജീവിതത്തിലെ പ്രശ്നങ്ങളിൽ നിന്നും ഒളിച്ചോടാനും കൂടി ആയിരിക്കും. പക്ഷേ രാത്രി ഉറക്കം നഷ്ടപ്പെടുത്തുന്ന രീതിയിലുള്ള ഫോൺ ഉപയോഗം അപകടകരമാണ്. രാത്രി ഉറങ്ങാതെ വരുമ്പോൾ ഒരുപാട് നെഗറ്റീവ് ചിന്തകൾക്ക് സാധ്യത ഉണ്ട്. അതുകൊണ്ടുതന്നെ ആത്മഹത്യാ ചിന്തകളും ഉറക്കം ഇല്ലാതെ ഇരിക്കുമ്പോൾ രാത്രി സമയങ്ങളിൽ അധികമാകാനും സാധ്യതയുണ്ട്.

പഠനത്തിലെ പ്രഷറും അമിതമായ പ്രതീക്ഷയും 

മാതാപിതാക്കൾ, അദ്ധ്യാപകർ അങ്ങനെ എല്ലാവരും മാർക്കിനായി അമിത പ്രഷർ കൗമാരക്കാർക്ക് നൽകുന്നത് അവരിൽ മാനസിക സമ്മർദ്ദം ഉണ്ടാക്കും. അവർ എപ്പോഴും പെർഫെക്റ്റ് ആകാൻ ശ്രമം നടത്തുന്നത് ചിലപ്പോൾ സ്വയം കുറ്റപ്പെടുത്താനും, സ്വന്തം കഴിവിൽ വിശ്വാസം നഷടപ്പെടാനും കാരണമായിത്തീരും. 

ഈറ്റിംഗ് ഡിസോർഡർ

സോഷ്യൽ മീഡിയയിൽ മറ്റുള്ളവരിൽ കാണുന്ന സൗന്ദര്യം അവർക്കും വേണമെന്നു വാശിപിടിച്ചു ഭക്ഷണം ആവശ്യത്തിനു കഴിക്കാതെ ആരോഗ്യം നഷ്ടമാകുന്ന അവസ്ഥ കൗരമാക്കാരായ പെൺകുട്ടികളിൽ ഉണ്ടാകാൻ വളരെ സാധ്യതയുണ്ട്. സാധാരണയിൽ അധികം ഭക്ഷണം അറിയാതെ കഴിച്ചുപോയാൽ പിന്നീട് അത് ഛർദ്ദിച്ചു കളയുന്ന രീതിയും ചിലരിൽ കാണാം. ശരീരഭാരം എത്ര കുറവാണെങ്കിലും കണ്ണാടിയിൽ നോക്കുമ്പോൾ അവർക്കു പൊണ്ണത്തടി ഉള്ളതായി തോന്നിപോകും. അനോറെക്സിയ നെർവോസ എന്ന ഈറ്റിംഗ് ഡിസോർഡർ ആണിത്. പല ദിവസങ്ങളും വിശപ്പില്ല എന്നു പറഞ്ഞു തീരെ ഭക്ഷണം കഴിക്കാൻ ഇവർ തയ്യാറാവില്ല. ആത്മവിശ്വാസം ഇല്ലാത്ത അവസ്ഥയും ഉത്കണ്ഠയും ഒക്കെ ഇവരിൽ കാണാൻ കഴിയും.

കർശന നിയന്ത്രണത്തിൽ വളർന്നു വരുന്നു എങ്കിൽ 

വളരെ കർശനക്കാരായ മാതാപിതാക്കൾ ഉള്ള കൗമാരക്കാരിൽ പതിയെ അവർ മാതാപിതാക്കളിൽ നിന്നും അകലുന്ന രീതി കൗമാര പ്രായമെത്തുമ്പോൾ ഉണ്ടാകും. പൊതുവേ കൗമാരക്കാർ മാതാപിതാക്കളോട് അധികം കാര്യങ്ങൾ ഒന്നും പറയാൻ തയ്യാറാവില്ല. പക്ഷേ അമിതമായി അവരെ നിയന്ത്രിക്കുമ്പോൾ അവർ എതിർക്കാൻ ശ്രമിക്കും. അവരുടെ ഇഷ്ടങ്ങൾകൂടി പരിഗണിച്ചുകൊണ്ട് പ്രധാനപ്പെട്ട കാര്യങ്ങളിൽ തീരുമാനങ്ങൾ എടുക്കുന്നതാണ് അവരുടെ മനസികാരോഗ്യത്തിന് നല്ലത്. നിർബന്ധിച്ചു ഒരു കോഴ്സ് തിരഞ്ഞെടുക്കുക പോലെയുള്ള കാര്യങ്ങൾ മാനസിക സമ്മർദ്ദവും ദേഷ്യവും അവരിൽ ഉളവാക്കും.

ടോക്സിക് ബന്ധങ്ങളിൽ ചെന്നുപെടുക 

മാതാപിതാക്കളുമായി നല്ല ആശയവിനിമയം ഇല്ലാത്ത കൗമാരക്കാർ, അധികം സുഹൃത്തുക്കൾ ഇല്ലാത്തവർ, ആത്മവിശ്വാസം കുറഞ്ഞവർ ഒക്കെ ടോക്സിക് ആയ ബന്ധങ്ങളിൽ ചെന്നുപെടാൻ സാധ്യത കൂടുതലാണ്. തനിക്കു വീട്ടിൽ കിട്ടാത്ത സ്നേഹം മറ്റൊരാളിൽ നിന്നും കിട്ടുമെന്ന അമിതപ്രതീക്ഷയിൽ റിലേഷന്ഷിപ് തുടങ്ങുകയും പതിയെ പങ്കാളിയുടെ ക്രൂരതകൾക്ക് ഇരയാവുകയും ചെയ്യുന്ന പെൺകിട്ടുകൾ ഉണ്ട്. മറ്റു ചില പെൺകുട്ടികൾ മോശം സാഹചര്യങ്ങളിൽ വളർന്നു വന്നു എന്ന കാരണത്താൽ ദേഷ്യം നിയന്ത്രിക്കാൻ കഴിവു കുറഞ്ഞവരായിരിക്കും. 

ലൈംഗിക അതിക്രമത്തിന് ഇരയാവുക

വളരെ അടുത്ത ബന്ധുവിൽ നിന്നോ പരിചയക്കാരിൽ നിന്നോ ആയിരിക്കും അധികം പെൺകുട്ടികളും ലൈംഗിക അതിക്രമം നേരിടുക. അങ്ങനെ എന്തെങ്കിലും ഉണ്ടായാൽ മാതാപിതാക്കളോട് പറയാനുള്ള സ്വാതന്ത്ര്യവും അടുപ്പവും ഉണ്ടാകണം. അതിനുവേണ്ട സാഹചര്യം വീട്ടിൽ തന്നെ ഉണ്ടാകണമെന്ന് ചുരുക്കം. കൗമാരം എത്തുന്നതിനു മുന്നേ സുരക്ഷിതരായി ഇരിക്കാൻ വേണ്ട കാര്യങ്ങളെപ്പറ്റി പറഞ്ഞു കൊടുക്കുക. ആർത്തവത്തെ കുറിച്ചും ഗർഭധാരണ സാഹചര്യങ്ങളെക്കുറിച്ചും അവർക്ക് അറിവുണ്ടായിരിക്കണം.

വ്യക്തിത്വ വൈകല്യം ഉണ്ടോ എന്ന് പരിശോധിക്കണം 

എന്തെങ്കിലും പ്രശ്നങ്ങൾ വരുമ്പോൾ മരിക്കണം എന്ന് തോന്നുക, ചില കൗമാരക്കാർ ശരീരത്തിൽ ചെറിയ മുറിവുകൾ വരുത്തുക, റിലേഷന്ഷിപ് മുന്നോട്ടു കൊണ്ടുപോകാൻ കഴിയാതെ വരിക എന്നെല്ലാമുള്ള രീതികൾ ഉണ്ടെങ്കിൽ അത് ബോർഡർലൈൻ പേഴ്സണാലിറ്റി ഡിസോർഡർ ആണോ എന്ന് തിരിച്ചറിയണം. അതുപോലെ ഒരുപാട് കള്ളങ്ങൾ പറയുക, വീട്ടിൽ നിന്നും പണം മോഷ്ടിക്കുക, മറ്റുള്ളവരെ ഉപദ്രവിക്കുക, കുറ്റബോധം ഇല്ലാതെ ഇരിക്കുക എന്നിവ ഉണ്ടെങ്കിൽ അത് സാമൂഹ്യ വിരുദ്ധ സ്വഭാവത്തിന്റെ ലക്ഷണങ്ങൾ ആണ്. വ്യക്തിത്വ വൈകല്യങ്ങൾ കണ്ടെത്തി പരിഹരിക്കാൻ മനഃശാസ്ത്ര വിദഗ്ധരെ സമീപിക്കണം.

ലഹരി ഉപയോഗം 

പെൺകുട്ടികളിലും ലഹരിക്ക് അടിമത്വം കൂടി വരികയാണ്. ലഹരിക്കടിമകളായാൽ വളരെ വയലന്റ് ആയി പെരുമാറാനും, തന്റെ മുന്നിൽ നിൽക്കുന്ന ആളുകൾ പരിചയമുള്ളവരാണോ എന്നുപോലും തിരിച്ചറിയാൻ കഴിയില്ലാതെയാകും. മാനസിക വിഭ്രാന്തി ഉണ്ടാകാൻ ലഹരിക്കടിമയാകുന്നവരിൽ സാധ്യത വളരെ അധികമാണ്. ലഹരി ഉപയോഗം കൊണ്ടു മാനസിക വിഭ്രാന്തി വരുമ്പോൾ എല്ലാവരും അവരെ കൊല്ലാൻ ശ്രമിക്കുകയാണ് എന്നെല്ലാം തോന്നിപോകും. 

കൗമാരക്കാരായ പെൺകുട്ടികൾക്ക് നൽകേണ്ട മാർഗ്ഗ നിർദ്ദേശങ്ങൾ 

1. സൗന്ദര്യത്തെപ്പറ്റി യാഥാർത്ഥ്യ ബോധത്തോടെ ചിന്തിക്കാനും, സ്വന്തം രൂപത്തെ ഇഷ്ടപ്പെടാനും, സ്വന്തം നന്മകൾ കാണാനും അവരെ പ്രേരിപ്പിക്കണം 

2. പരാജയത്തെ നേരിടാൻ അവരെ പ്രാപ്തരാക്കണം- അത് പഠനത്തിൽ ആയാലും സുഹൃത്ത് ബന്ധത്തിൽ ആയാലും പരാജയം ഒന്നിന്റെയും അവസാനമല്ല എന്ന് പറഞ്ഞു മനസ്സിലാക്കണം 

3. അവരെ ചൂഷണം ചെയ്യാൻ ശ്രമിക്കുന്നവരോട് നോ പറയാൻ പഠിപ്പിക്കണം 

4. ഒരുപാട് നെഗറ്റീവ് ആയി ജീവിതത്തെ ബാധിക്കുന്ന കാര്യങ്ങളിൽ നിന്നും ധൈര്യമായി മാറിനിൽക്കാൻ അവരെ പഠിപ്പിക്കണം 

5. സ്വയം കുറ്റപ്പെടുത്തുന്ന ശീലം അവസാനിപ്പിച്ചു കൂടുതൽ സ്വന്തം നന്മയിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ പ്രേരിപ്പിക്കണം 

6. കൂട്ടുകാരെ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധ വേണം 

(ലേഖിക പ്രിയ വർ​ഗീസ് തിരുവല്ലയിലെ ബ്രീത്ത് മെെന്റ് കെയറിലെ ക്ലിനിക്കൽ സൈക്കോളജിസ്റ്റാണ്)

സ്ത്രീകൾ ഡയറ്റിൽ ഉൾപ്പെടുത്തേണ്ട അഞ്ച് പഴങ്ങൾ