ക്രിസ്റ്റി സാഞ്ചസ് എന്ന പെൺകുട്ടി ‍‌‌വളര്‍ത്തച്ഛന്‍ ടോമിനെ ജീവന് തുല്യം സ്നേഹിച്ചു. അന്ന് സാ‍ഞ്ചസിന് 12 വയസ്. പുസ്തകങ്ങളുടെയും സിനിമയുടെയും ലോകത്തേക്ക് അവളെ എത്തിച്ചത് ടോം തന്നെയായിരുന്നു. വളരെ വെെകിയാണ് സാഞ്ചസിന്റെ അമ്മയ്ക്ക് ക്യാൻസർ പിടിപെട്ടുവെന്ന് മനസിലാക്കുന്നത്. സ്താനാർബുദത്തിന്റെ നാലാം ഘട്ടത്തിൽ വരെ എത്തി.

രോഗം കണ്ടുപിടിച്ച് ദിവസങ്ങള്‍ കഴിഞ്ഞപ്പോൾ സാഞ്ചസിന്റെ അമ്മയ്ക്ക് മാറിടങ്ങള്‍ മുറിച്ചുമാറ്റേണ്ടതായി വന്നു. അപ്പോഴും സാഞ്ചസിന് ആശ്വാസമായി കൂടെ ഉണ്ടായിരുന്നത് ടോം തന്നെയായിരുന്നു. തുടക്കത്തിൽ ടോം ഭാര്യയൊടൊപ്പം ആശുപത്രിയിൽ കൂടെ പോകാറുണ്ടായിരുന്നു.

ഭാര്യ കിടപ്പിലായപ്പോൾ അടുക്കളയിലെ ജോലിയും ടോം തന്നെയാണ് ചെയ്തിരുന്നത്. ആഴ്ച്ച‌തോറും ഭാര്യയും കൊണ്ട് ടോം ആശുപത്രി പോകുമായിരുന്നു. കീമോതെറാപ്പി തുടങ്ങിയതോടെ ഭാര്യയുടെ ആരോഗ്യം കാര്യമായി ക്ഷയിച്ചു തുടങ്ങി.  പിന്നീട് അവര്‍ കട്ടിലില്‍ വിശ്രമത്തിലാവുകയാണ് ചെയ്തത്.

അവർ കിടപ്പിലായതോടെ ടോമിന്റെ സ്വഭാവത്തിന് മാറ്റം വന്ന് തുടങ്ങി. എപ്പോഴും സാഞ്ചസിനോടും ഭാര്യയോടും ദേഷ്യപ്പെടുക, ഭക്ഷണം വയ്ക്കാതെ ഇരിക്കുക ഇങ്ങനെ പല മാറ്റങ്ങൾ ടോമിൽ കണ്ട് തുടങ്ങി ഒടുവില്‍ അയാള്‍ വീട്  വിട്ടറങ്ങി.

സാഞ്ചസ് തന്നെയാണ് ഈ സംഭവം ഫേസ്ബുക്കിൽ കുറിച്ചത്. പോസ്റ്റ് വെെറലായതോടെ നിരവധി ആളുകൾ അവരവരുടെ അനുഭവങ്ങൾ ഷെയർ ചെയ്യാൻ തുടങ്ങി. വീട്ടില്‍ എല്ലാ ജോലിയും ചെയ്തിരുന്ന സ്ത്രീകള്‍ രോഗം മൂലം അവശരായതോടെ പുരുഷന്‍മാര്‍ അവരെയും വീടും ഉപേക്ഷിച്ച് പോയതിനെക്കുറിച്ചായിരുന്നു പല പോസ്റ്റുകളും.

കാന്‍സര്‍ രോഗത്തിന്റെ നാലം ഘട്ടത്തിലായവരെക്കൊണ്ടുപോലും എല്ലാ ജോലിയും ചെയ്യിപ്പിക്കുന്നവരെക്കുറിച്ചും ചിലര്‍ എഴുതി. ഇതേക്കുറിച്ച് നടത്തിയ പഠനത്തില്‍ കണ്ടെത്തിയ ഒരു ഞെട്ടിപ്പിക്കുന്ന വസ്തുതയുണ്ട്: മിക്കവര്‍ക്കും അവരുടെ രോഗത്തിന്റെ അവസാന ഘട്ടത്തിൽ പങ്കാളികള്‍ കൂടെ ഉണ്ടാകാറില്ല. ഭാര്യയ്ക്ക് രോഗം വരുന്നതോടെ വിവാഹമോചനം നേടുന്നവരുടെ എണ്ണവും ഇന്ന് കൂടിവരികയാണെന്നാണ് പോസ്റ്റിന് താഴേ പലരും കമന്റ് ചെയ്തിട്ടുള്ളത്.

രോഗത്തിന്റെ പേരില്‍ പങ്കാളികളെ ഉപേക്ഷിക്കുന്നവരെക്കുറിച്ച് നടത്തിയ പഠനത്തെ കുറിച്ചും ചിലർ പറയുന്നുണ്ട് . പൊതുവേ പുരുഷന്‍മാരാണ് രോഗികളായ പങ്കാളികളെ ഉപേക്ഷിച്ചു പോകുന്നത്. തങ്ങളുടെ പങ്കാളികള്‍ രോഗത്തിന്റെ ഏതു ഘട്ടത്തിലെത്തിയാലും സ്ത്രീകള്‍ പൊതുവെ അവരെ ഉപേക്ഷിച്ചുപോകാറില്ലത്രേ.

ക്യാൻസർ പിടിപെട്ട് ആരോ​ഗ്യം മോശമായപ്പോൾ പോലും പിതാവ് കംപ്യൂട്ടറിന്റെ മുന്നിലിരുന്ന് അമ്മയെ ജോലി ചെയ്പ്പിച്ചിരുന്ന കാര്യവും സാഞ്ചസ് കുറിപ്പിൽ പറയുന്നുണ്ട്. അസുഖബാധിതയായ അമ്മയ്ക്ക് ഒരച്ഛന്റെ സാന്നിധ്യം വേണ്ടിയിരുന്ന അതേഘട്ടത്തില്‍ അദ്ദേഹം തങ്ങളെ ഉപേക്ഷിച്ചുപോയെന്നാണ് സാഞ്ചസ് കുറിപ്പിൽ പറയുന്നത്.
 
പുരുഷന്മാരുടെ കാഴ്ചപ്പാടില്‍ മാറ്റം വരുത്തേണ്ടതുണ്ട്...

ഇന്ന് പുരുഷന്‍മാരെ പോലെ തന്നെ സ്ത്രീകൾക്കും ജോലിയുണ്ട്. അവർ പണം സമ്പാദിക്കുന്നുണ്ട്. യുഎസിലെ 41 ശതമാനം വീടുകളിലും വീട് നടത്തിക്കൊണ്ടുപോകുന്നതും സ്ത്രീകള്‍ തന്നെയാണ്. പുരുഷന്‍മാരില്‍ പലരും വീടുകളില്‍ തന്നെ ഇരുന്ന് കുട്ടികളെ നോക്കുന്നവരാണ്. ഭാര്യയ്ക്ക് ആരോ​ഗ്യസ്ഥിതി മോശമാകുമ്പോൾ ഭർത്താവാണ് എപ്പോഴും കൂടെ വേണ്ടത്. പക്ഷേ മിക്ക പുരുഷന്മാരും വീട് ഉപേക്ഷിച്ചു പോകുന്നതായാണ് കാണുന്നതെന്ന് അലബാമ സർവകലാശാലയിലെ സോഷ്യോളജിസ്റ്റായ മൈക്ക് തോമർ പറയുന്നു.

രോഗത്തിന്റെ സമയത്താണ് പങ്കാളിയുടെ സാമീപ്യം പലരും ആ​ഗ്രഹിക്കുന്നത്. സ്നേഹവും പരിചരണവും ആശ്വാസവും ഭാര്യമാർ ആ​ഗ്രഹിക്കുന്നു. രോ​ഗം പിടിപെടുന്നതോടെ തങ്ങള്‍ ബാധ്യതയായി മാറുന്നോ എന്ന ചിന്തയും സ്ത്രീകള്‍ക്ക് ഉണ്ടാകുന്നുണ്ടത്രേ. ഇതിനെ തുടർന്ന് അവർ പല ജോലികളും ഏറ്റെടുത്ത് ചെയ്യുന്നു. രോഗത്തെക്കുറിച്ചും പരിചരണത്തെക്കുറിച്ചും പുരുഷന്‍മാരുടെ കാഴ്ചപ്പാടില്‍ മാറ്റം വരുത്തേണ്ടതുണ്ടെന്ന് മൈക്ക് തോമർ പറഞ്ഞു.