ദില്ലിയിലെ ദ്വാരകയിലാണ് നിർഭയയുടെ വീട്. ഇന്ന് അവളുടെ അമ്മ ആശാദേവി പാണ്ഡെ വീട്ടിലുണ്ട്. കാരണം, ഇന്ന് അവർക്ക് കോടതിയിൽ പോവേണ്ടതില്ല. വക്കീലാപ്പീസിലും അവർക്കിന്ന് കയറിയിറങ്ങേണ്ട. സ്വന്തം മകൾക്ക് നൽകിയ വാക്കുപാലിക്കാൻ വേണ്ടി അവർക്കിനി ഒരു നീതിപീഠത്തിന് മുന്നിലും ഇറക്കേണ്ടതില്ല. അവരുടെ പോരാട്ടം മാർച്ച് 20 വെള്ളിയാഴ്ച അഞ്ചരവെളുപ്പിലെ ഇരുട്ടത്ത് നടന്ന ഒരു കഴുവേറ്റത്തോടെ അവസാനിച്ചു. 

നെട്ടോട്ടങ്ങൾ അവസാനിച്ച് വീട്ടിൽ ഒറ്റയ്ക്കായതോടെ ആ അച്ഛനും അമ്മയും ഇന്ന് ഉറ്റുനോക്കുന്നത് സ്വന്തം മകളുടെ ഓർമ്മ നിറഞ്ഞു നിൽക്കുന്ന വീട്ടിലെ ഷോകേസിലേക്കാണ്. സ്‌കൂളിൽ പഠിക്കുന്ന കാലത്ത് നിർഭയ നേടിയ ട്രോഫികളും മെഡലുകളും ഒക്കെ സൂക്ഷിച്ചു വെച്ചിരിക്കുന്നത് ആ ചില്ലലമാരയ്ക്കുള്ളിലാണ്. അവൾക്ക് കിട്ടിയ പല സർട്ടിഫിക്കറ്റുകളും അതിലുണ്ട്. ഒപ്പം നീല നിറത്തിലുള്ള ഒരു കോഫീ മഗ്ഗ് ഉണ്ട്. അതുകാണുമ്പോഴൊക്കെ മരുമകളെ ഓർമ്മവരുമെന്ന് അമ്മാവൻ പവൻ കുമാർ സിംഗ് പറഞ്ഞു." അവൾക്ക് സ്‌കൂളിൽ നിന്ന് കിട്ടിയ ട്രോഫികൾ കണ്ടോ? മിടുക്കിയായിരുന്നു അവൾ. സ്ഥിരമായി അവൾ കാപ്പികുടിച്ചിരുന്നതാണ് ആ നീല മഗ്ഗ്" അദ്ദേഹം പറഞ്ഞതിങ്ങനെ.

 

നിർഭയ എന്ന പേരിൽ പിന്നീട് വിളിക്കപ്പെട്ട ആ ഫിസിയോ തെറാപ്പി ഇന്റേൺ ദില്ലിയിലെ നിരത്തുകളിൽ അതിക്രൂരമായ രീതിയിൽ ബലാത്സംഗം ചെയ്തു കൊല്ലപ്പെട്ട സംഭവം നടന്ന് ഏഴുകൊല്ലത്തിനുള്ളിലാണ് നീതി നടപ്പിലായിരിക്കുന്നത്. കുറ്റവാളികൾക്ക് രാജ്യത്തെ നിയമം അനുശാസിക്കുന്ന പരമാവധി ശിക്ഷ അവർക്ക് കിട്ടിയിരിക്കുന്നത്. 

ആ കൊച്ചു വീടിന്റെ ചുവരിൽ ആശാദേവി തന്റെ മകളുടെ ചില്ലിട്ടു ഫ്രെയിം ചെയ്തുവെച്ച ഒരു ചിത്രം സൂക്ഷിക്കുന്നുണ്ട്. അതിൽ ഇങ്ങനെ എഴുതിയിട്ടുണ്, " ഇൻ ലവിങ് മെമ്മറി ഓഫ് നിർഭയ, ദ ബ്രേവ് ഹാർട്ട്"