'പുരുഷന്മാരെപ്പോലെ വയലന്റ് ആയി കത്തിയോ മാരക ആയുധങ്ങളോ ഉപയോഗിച്ചാവില്ല ഇവർ കൃത്യം നടത്തുക'
ചെറിയ പ്രായം മുതലേ കള്ളം പറയുക, മോഷ്ടിക്കുക തുടങ്ങിയ സ്വഭാവരീതികളുള്ള സ്ത്രീകൾ സോഷ്യൽ മീഡിയയുടെ നെഗറ്റീവ് സ്വാധീനം കൊണ്ട് കുറ്റകൃത്യങ്ങൾ ചെയ്യാൻ സാധ്യതയുണ്ട്

സ്ത്രീകൾ ക്രിമിനലുകൾ ആകുന്ന കേസുകൾ മുമ്പുള്ളതിലും കൂടിവരുന്ന സാഹചര്യമാണ് ഇപ്പോൾ. കൂടത്തായി കേസ്, ഷാരോൺ വധം എന്നിവയും സാമ്പത്തിക തട്ടിപ്പുകളിലും ഹണിട്രാപ് എന്നിവയിലുമൊക്കെ സ്ത്രീകൾ പ്രതികളാകുന്ന വാർത്തകൾ പുറത്തുവരുന്നു. ക്രിമിനലുകളുടെ എണ്ണത്തിൽ കൂടുതൽ പുരുഷന്മാർ തന്നെയാണ് ഇപ്പോഴും ഉള്ളത്. എങ്കിലും സ്ത്രീ ക്രിമിനലുകളുടെ എണ്ണം എന്തുകൊണ്ട് കൂടുന്നു എന്നാണ് ഇവിടെ പറയുന്നത്.
സോഷ്യൽ മീഡിയയുടെ ഈ കാലത്ത് മറ്റുള്ളവരുമായി താരതമ്യം ചെയ്യുന്ന ഒരു രീതി സ്ത്രീ പുരുഷ വ്യത്യാസം ഇല്ലാതെ എല്ലാ ആളുകൾക്കുമുണ്ട്. എന്നാൽ ചെറിയ പ്രായം മുതലേ കള്ളം പറയുക, മോഷ്ടിക്കുക തുടങ്ങിയ സ്വഭാവരീതികളുള്ള സ്ത്രീകൾ സോഷ്യൽ മീഡിയയുടെ നെഗറ്റീവ് സ്വാധീനം കൊണ്ട് കുറ്റകൃത്യങ്ങൾ ചെയ്യാൻ സാധ്യതയുണ്ട്. മറ്റുള്ളവരെപ്പോലെ ആഡംബര ജീവിതം നടത്താൻ ആഗ്രഹിക്കുകയും എന്നാൽ സ്വന്തം അധ്വാനത്തിലൂടെയോ കുടുംബത്തിന്റെ സഹകരണത്തോടെ കൂടിയോ അങ്ങനെ സാധ്യമാകുന്നില്ല എന്ന് കരുതുക. സമ്പത്തുണ്ടാക്കാൻ വളഞ്ഞ വഴിയിലൂടെ അവർ സഞ്ചരിച്ചേക്കാം (ഈ രീതി പുരുഷന്മാരുടെ കാര്യത്തിലും ബാധകമാണ്). സോഷ്യൽ മീഡിയ വഴി കൂടുതൽ സൗഹൃദങ്ങൾ ഉണ്ടാക്കാനും എന്ന് എളുപ്പമാണ്.
എന്നാൽ വളരെ കർശനമായ കുടുംബസാഹചര്യത്തിൽ നിന്നും പുറത്തേക്ക് വരാനാകാത്ത അവസ്ഥ പല സ്ത്രീകൾക്കുമുണ്ട്. വിവാഹത്തിന് പുറത്തുള്ള ബന്ധങ്ങൾ സൂക്ഷിക്കുന്നവരും ഉണ്ടാവും. എന്നാൽ പണ്ടുമുതലേ ക്രിമിനൽ മനോഭാവമുള്ള സ്ത്രീകൾ ഇത്തരം സാഹചര്യങ്ങളിൽ നിന്നും പുറത്തുവരാൻ തന്നെ അനുവദിക്കാത്ത കുടുംബാംഗങ്ങളെ വകവരുത്തണം എന്ന് ചിന്തിച്ചേക്കാം. ഇത് വായിക്കുമ്പോൾ കുടുംബ പ്രശ്നമുള്ള എല്ലാ കുടുംബങ്ങളിലും സ്ത്രീകൾ കൊലയാളികളാകും എന്ന് ഭയപ്പെടുകയോ, സ്ഥാപിക്കുകയോ അല്ല വേണ്ടത് പകരം ക്രിമിനൽ സ്വഭാവമുള്ള സ്ത്രീകൾ ഇത്തരം മനോഭാവം കാണിക്കാൻ ഇടയുണ്ട് എന്ന് മനസ്സിലാക്കുകയാണ് വേണ്ടത്.
എന്താണ് ക്രിമിനൽ മനോഭാവമുള്ള സ്ത്രീകളുടെ സ്വഭാവരീതി എന്ന് പരിശോധിക്കാം
സത്യം മറച്ചുവെക്കാനുള്ള അപാരമായ കഴിവ്, ആരെയും ആകർഷിക്കുന്ന സ്വഭാവമുള്ളവരായി അഭിനയിക്കുക, ചിലർ വളരെ അധികം പാവമായി എല്ലാവരുടെയും മുന്നിൽ അഭിനയിക്കും. നുണകൾ പറഞ്ഞു വിശ്വസിപ്പിക്കാൻ ഇവർക്കാവും. ഇത്രയും വലിയ കുറ്റകൃത്യം ചെയ്യുമ്പോൾ പോലും അവർക്ക് യാതൊരുവിധ കുറ്റബോധവും ഉണ്ടായിരിക്കുകയില്ല. ഉദാഹരണത്തിന്, കൂടത്തായി കേസിൽ 14 വർഷത്തിനിടയിലായി ഒരു കൊച്ചുകുഞ്ഞുൾപ്പടെ ആറു പേരെ കൊലപ്പെടുത്തുമ്പോൾ സ്വാർത്ഥത എന്നതല്ലാതെ ഒരു കുറ്റബോധവും ജോളിയിൽ ഉണ്ടായില്ല.
ആളുകളുടെ ആഗ്രഹങ്ങൾ, കുറവുകൾ, അവരുടെ മനസ്സിൽ എന്താണ് എന്നിവയെല്ലാം വളരെ കൃത്യമായി ആളുകളുടെ മനസ്സുവായിക്കാനുള്ള കഴിവ് ഇവർക്കുണ്ട്. പെട്ടെന്ന് മനസ്സലിവുള്ള ആളുകളെ കണ്ടാൽ ഇവർക്ക് വേഗം മനസ്സിലാകും. ഉദാഹരണത്തിന്, സാമ്പത്തിക തട്ടിപ്പുകൾ നടത്തുന്ന സ്ത്രീകൾ പാവങ്ങളാണെന്നും, അവർ വലിയ കഷ്ടപ്പാടിൽ ആണെന്നും പറഞ്ഞ് വിശ്വസിപ്പിച്ചാവും ആളുകളെ പറ്റിക്കുക.
പുരുഷ ക്രിമിനലുകൾ അപ്പോഴത്തെ ദേഷ്യത്തിന് എടുത്തുചാടി കൊലപാതകമോ മറ്റു ക്രൂരതകളോ ചെയ്യുമെങ്കിൽ സ്ത്രീ ക്രിമിനലുകൾ വളരെ ആലോചിച്ച് നാളുകൾ എടുത്ത് പ്ലാൻ ചെയ്താവും കുറ്റകൃത്യങ്ങൾ നടത്തുക. സമൂഹത്തിന്റെ മുന്നിൽ വളരെ നല്ലവരായി കാണപ്പെടുന്ന ഇവർ ചെയ്യുന്ന കുറ്റകൃത്യങ്ങൾ പുറത്തുവരുമ്പോൾ സമൂഹം അമ്പരന്നുപോകും. ഇതെല്ലാം വിശ്വസിക്കുക ആദ്യം വളരെ ബുദ്ധിമുട്ടായി തോന്നും. സമൂഹത്തിൽ അത്ര നല്ല ഇമേജ് ഉള്ളവരായിരിക്കും അവർ.
ആത്മാരാധന (Narcissistic) തോന്നുന്ന, സ്വന്തം ജീവിതത്തിന് മാത്രം അമിത പ്രാധാന്യം കൊടുക്കുന്ന സ്വഭാവരീതിയും ഇവരിൽ ഉണ്ടാകാൻ സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ നിയമങ്ങൾ ഒന്നും അവർക്ക് ബാധകമല്ല എന്നവർ വിശ്വസിക്കും. വളരെ കാലമായി മനസ്സിൽ സൂക്ഷിക്കുന്ന വൈരാഗ്യമാകാം കൊലപാതകം ചെയ്യാനുള്ള കാരണം. സ്ത്രീകൾ കൊലയാളികൾ ആകുമ്പോൾ അവർ ഏറ്റവും അടുത്ത വ്യക്തികളെ, ഉദാഹരണം ഭർത്താവ്, വളരെ അടുത്ത കുടുംബാംഗം എന്നിവരെ കൊലപ്പെടുത്താനാണ് കൂടുതൽ സാധ്യത. പുരുഷന്മാരെപ്പോലെ വളരെ വയലെന്റ് ആയി കത്തിയോ മാരകായുധങ്ങളോ ഉപയോഗിച്ചാവില്ല ഇവർ കൃത്യം നടത്തുക. മിക്കവാറും വിഷം നൽകി കൊലപ്പെടുത്തുന്ന രീതിയാവും ഉണ്ടാകുക.
പണത്തോടുള്ള അതിമോഹം, അധികാരം എന്നിവ പല കൊലപാതകങ്ങൾക്കും കാരണമായി കാണാം. വൈകാരികമായ അടുപ്പത്തിനും അപ്പുറം കാര്യസാധ്യത്തിനായി (പണം, സ്വത്തുക്കൾ) മാത്രം വിവാഹം, പ്രണയബന്ധം എന്നിവയിൽ ഏർപ്പെട്ട് ആവശ്യം അവസാനിച്ചശേഷം കൊലപാതകം നടത്തുന്ന രീതിയും സ്ത്രീകൾ ചെയ്യുന്ന കുറ്റകൃത്യങ്ങളിൽ കാണാനാവും. ആവശ്യം നേടിയ ശേഷം തടസ്സമായി നിൽക്കുന്നവരെയും അവർ വകവരുത്തിയേക്കാം. ചിലപ്പോൾ ഇതിനായി അവർക്ക് കൂട്ടാളികളായി പുരുഷന്മാരും ഉണ്ടാകാം. 'കാരണവർ കൊല'ക്കേസിൽ ഇതൊരു കാരണമായിരുന്നിരിക്കാം.
അമിത ആത്മവിശ്വാസം കാണിക്കുകയും ഇവർ പിടിക്കപെടുകയില്ല എന്ന ചിന്തയുമാണ് പലർക്കും ഉള്ളത്. സ്ത്രീയായതിനാൽ ആളുകൾ സംശയിക്കില്ല, അല്ലെങ്കിൽ വളരെ പ്ലാൻ ചെയ്താണ് എല്ലാം ചെയ്യുന്നത്, സമൂഹത്തിൽ നല്ലപേര് ഉണ്ടാക്കിയിട്ടുണ്ട് എന്നതെല്ലാമാകും കുറ്റകൃത്യം ചെയ്യാൻ അവർക്ക് ധൈര്യം നൽകുന്ന ചിന്തകൾ.
'ഭർത്താക്കൻമാരെ ബഹുമാനിക്കണം, എവിടെ പോയാലും നമ്മൾ അവരോട് അനുവാദം ചോദിക്കണം'
