കൊറോണക്കാലം മുലയൂട്ടുന്ന അമ്മമാരെ സംബന്ധിച്ച് വളരെ നിര്‍ണായകമാണ്. സ്വന്തം സുരക്ഷ മാത്രമല്ല കുഞ്ഞിന്റെ സുരക്ഷ കൂടി നോക്കേണ്ട കാലം. അതിനാല്‍ത്തന്നെ, ഇക്കാലത്ത് ആശങ്കകള്‍ ഉണ്ടാവുക സ്വാഭാവികമാണ്. 

എന്നാല്‍ ഇതുവരെ പുറത്തുവന്ന പഠനങ്ങള്‍ പ്രകാരം, അമ്മയുടെ മുലപ്പാലിലോ അമ്‌നിയോട്ടിക് ദ്രാവകത്തിലോ പൊക്കിള്‍ക്കൊടിയിലെ രക്തത്തിലോ ഇതുവരെ വൈറസിന്റെ സാന്നിധ്യം കണ്ടെത്താനായിട്ടില്ല. എന്നിരുന്നാലും കൂടുതല്‍ പഠനങ്ങള്‍ ഈ മേഖലയില്‍ നടക്കേണ്ടതുണ്ട്. നിലവിലെ വിവരങ്ങളനുസരിച്ച് ചില കാര്യങ്ങള്‍ ഈ സാഹചര്യത്തില്‍ മുലയൂട്ടുന്ന അമ്മമാര്‍ ശ്രദ്ധിക്കേണ്ടതുണ്ട്. 

1. പ്രസവിച്ചത് മുതല്‍ ആറുമാസം വരെ മുലപ്പാല്‍ മാത്രമേ കുഞ്ഞിന് നല്‍കാവൂ. മുലപ്പാലില്‍ അടങ്ങിയിരിക്കുന്ന 'ഇമ്മ്യൂണോഗ്ലോബുലിന്‍' എന്ന ഘടകം കുഞ്ഞിന് മികച്ച പ്രതിരോധശേഷി കൈവരിക്കാന്‍ സഹായിക്കുന്നു. 

2. മുലയൂട്ടുന്ന സമയത്ത് അമ്മമാര്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കേണ്ടതാണ്. 

3. മുലയൂട്ടുന്നതിന് മുമ്പ് അമ്മമാര്‍ കൈകള്‍ നന്നായി സോപ്പുപയോഗിച്ച് കഴുകുക. 

4. മുലയൂട്ടുന്നതിന് മുമ്പും ശേഷവും സ്തനങ്ങള്‍ നല്ല വെള്ളമുപയോഗിച്ച് കഴുകേണ്ടതാണ്. 

5. അമ്മയ്ക്ക് കൊവിഡ് 19 സ്ഥിരീകരിക്കുകയോ അല്ലെങ്കില്‍ രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കുകയോ ചെയ്താല്‍ പാല്‍ പിഴിഞ്ഞെടുത്ത് കുഞ്ഞിന് കൊടുക്കാം. ഇതിന് ആവശ്യമെങ്കില്‍ 'ബ്രസ്റ്റ് പമ്പ്' ഉപയോഗിക്കാം. 

6. പാല്‍ പിഴിഞ്ഞെടുത്ത് സൂക്ഷിക്കുമ്പോള്‍, അത് അണുവിമുക്തമാക്കിയ കുപ്പിയില്‍ മാത്രം സൂക്ഷിക്കുക.

7. പിഴിഞ്ഞെടുത്ത പാല്‍ നാല് മണിക്കൂറിലധികം സൂക്ഷിക്കരുത്. അതും റൂം ടെംപറേച്ചറില്‍ മാത്രമേ സൂക്ഷിക്കാവൂ. 

8. കൊവിഡ് 19 രോഗമുള്ള അമ്മമാരില്‍ നിന്ന് പിഴിഞ്ഞെടുത്ത പാലാണെങ്കില്‍ അത് വീട്ടിലെ ആരോഗ്യമുള്ളവര്‍ മാത്രമേ കൈകാര്യം ചെയ്യാവൂ. 

9. 'ബ്രെസ്റ്റ് പമ്പ്' ഉപയോഗിക്കുന്നവരാണെങ്കില്‍ അത് എടുക്കുന്നതിന് മുമ്പും കൈകള്‍ നന്നായി സോപ്പിട്ട് കഴുകണം. 

10. മുലയൂട്ടുന്ന അമ്മമാര്‍ പരമാവധി യാത്രകള്‍ ഒഴിവാക്കുക. 

11. സര്‍ക്കാര്‍ നിര്‍ദേശമനുസരിച്ച് കുഞ്ഞുങ്ങള്‍ക്ക് പ്രതിരോധ കുത്തിവയ്പ് നല്‍കുക. 

12. മുലയൂട്ടുന്ന അമ്മമാരുള്ള വീട്ടില്‍ സമ്പര്‍ക്കവിലക്കുള്ളവര്‍ താമസിക്കുന്നത് ആരോഗ്യകരമല്ല. 

13. മുലയൂട്ടുന്ന അമ്മമാരില്‍ കൊവിഡ് 19 ലക്ഷണങ്ങള്‍ ഏതെങ്കിലും കണ്ടാല്‍ ഉടന്‍ അടുത്തുള്ള പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുമായോ ആരോഗ്യപ്രവര്‍ത്തകരുമായോ ബന്ധപ്പെടുക. 

14. ഈ വിഷയത്തില്‍ നിങ്ങള്‍ക്കുള്ള സംശയങ്ങള്‍ക്ക് ദിശ കോള്‍ സെന്ററുമായി (1056) ബന്ധപ്പെടാം. 

Also Read:- കൊവിഡ് 19; ഇതരസംസ്ഥാനങ്ങളില്‍ നിന്നോ വിദേശത്തുനിന്നോ വരുന്ന ഗര്‍ഭിണികള്‍ ചെയ്യേണ്ടത്...