ഗര്‍ഭാവസ്ഥയിലിരിക്കുന്ന സ്ത്രീകള്‍ ഭക്ഷണവും വെള്ളവും വായുവും ഉള്‍പ്പെടെ അടിസ്ഥാനപരമായ പല വിഷയങ്ങളിലും പരമാവധി സൂക്ഷ്മത പുലര്‍ത്തേണ്ടതുണ്ട്. ഉള്ളില്‍ വളരുന്ന ജീവന്‍ ശാരീരികമായി പൂര്‍ണ്ണതയിലെത്താത്തത് കൊണ്ട് തന്നെ, അതിനെ പുറത്തുനിന്നെത്തുന്ന ഏത് പ്രശ്‌നങ്ങളും എളുപ്പത്തില്‍ ബാധിച്ചേക്കാം. അതിനാല്‍ എന്ത് കാര്യത്തിലും ഒരു 'എക്‌സ്ട്രാ' ശ്രദ്ധ ഗര്‍ഭിണികള്‍ക്കുണ്ടായിരിക്കണം. 

ആദ്യം സൂചിപ്പിച്ചുവല്ലോ, ഭക്ഷണത്തിന്റേയും വെള്ളത്തിന്റേയും കാര്യത്തില്‍ വരെ കരുതല്‍ വേണമെന്ന്. അത്തരത്തില്‍ ഗര്‍ഭകാലത്ത്, കരുതലോടെ അല്‍പം അകലം പാലിക്കേണ്ട മൂന്നുതരം പാനീയങ്ങളെക്കുറിച്ചാണ് ഇനി പറയുന്നത്. 

ഒന്ന്...

സോഡയോ, നുരയും പതയുമുള്ള പാനീയങ്ങളോ ഗര്‍ഭാവസ്ഥയില്‍ കഴിക്കുന്നത് ഒട്ടും അഭികാമ്യമല്ല. കുഞ്ഞിന്റെ ആരോഗ്യത്തെ ദോഷകരമായി ഇത് ബാധിച്ചേക്കുമെന്ന് നിരവധി പഠനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. മാത്രമല്ല, ഇത്തരം പാനീയങ്ങളിലടങ്ങിയിരിക്കുന്ന കൃത്രിമ മധുരവും വളരെയധികം ദോഷം വരുത്തുന്നതാണ്. 

രണ്ട്...

ഗര്‍ഭിണികള്‍ എപ്പോഴും ധൈര്യപൂര്‍വ്വം കഴിക്കുന്ന ഒന്നാണ് ജ്യൂസുകള്‍. എന്നാല്‍ പഴങ്ങളില്‍ നിന്നും പച്ചക്കറികളില്‍ നിന്നും നേരിട്ട് പിഴിഞ്ഞെടുക്കുന്ന പഴച്ചാറുകള്‍ പലപ്പോഴും അത്ര ആരോഗ്യകരമല്ലെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. അതായത്, ഇവയില്‍ അപകടകാരികളായ ബാക്ടീരിയകള്‍ അടങ്ങിയിരിക്കാം എന്ന സാധ്യതയിന്മേലാണത്രേ ഈ മുന്‍കരുതല്‍. 

മൂന്ന്...

മൂന്നാമതായി ഗര്‍ഭിണികള്‍ ഒഴിവാക്കേണ്ട ഒന്നാണ് ടാപ്പ് വാട്ടര്‍. തീര്‍ച്ചയായും ഗര്‍ഭിണികള്‍ ധാരാളം വെള്ളം കുടിക്കേണ്ടതുണ്ട്. എന്നാല്‍ നന്നായി തിളപ്പിച്ച ശേഷം മാത്രമേ ടാപ്പിലൂടെ വരുന്ന വെള്ളം കുടിക്കാവൂ. കാരണം ഇത് പലതരത്തിലുള്ള അണുബാധകള്‍ക്കും കാരണമാക്കിയേക്കും. അതുപോലെ തന്നെ ടാപ്പ് വാട്ടറില്‍ 'ലെഡ്' പോലുള്ള അപകടകാരികളായ മെറ്റല്‍ പദാര്‍ത്ഥങ്ങള്‍ അടങ്ങാനും സാധ്യതകളേറെയാണ്.