Asianet News Malayalam

കുടുംബവും ജോലിയും ഒരുമിച്ച് കൊണ്ടുപോകാം; സ്ത്രീകള്‍ അറിയേണ്ട 6 കാര്യങ്ങള്‍

വീട് നോക്കുക, അല്ലെങ്കില്‍ കുട്ടികളുടെ കാര്യങ്ങള്‍ ശ്രദ്ധിക്കുക എന്നത് തന്നെ ഭാരിച്ച ജോലിയാണ്. എത്ര ആസ്വാദ്യകരമാണെന്ന് പറഞ്ഞാലും ഇക്കാര്യങ്ങളെല്ലാം ശാരീരികമായും മാനസികമായും ഏറെ ഊര്‍ജ്ജം അപഹരിച്ചെടുക്കുന്ന ജോലികള്‍ തന്നെയാണ്. ഇതിനിടെയാണ് ഓഫീസ് ജോലി/ജോലി ഭാരം കൂടി വരുന്നത്

tips to women who manage both family and job
Author
Trivandrum, First Published Jul 20, 2021, 3:37 PM IST
  • Facebook
  • Twitter
  • Whatsapp

ഇന്ന് മിക്ക സ്ത്രീകളും ജോലിക്ക് പോകുന്നവരോ, ഉദ്യോഗാര്‍ത്ഥികളോ ആണ്. അതായത് വീട് നോക്കുന്നതിനൊപ്പം തന്നെ ജോലിയിലും ശ്രദ്ധ നല്‍കേണ്ട സാഹചര്യം മിക്ക സ്ത്രീകള്‍ക്കും ഉണ്ടെന്ന്. വീട് നോക്കുക, അല്ലെങ്കില്‍ കുട്ടികളുടെ കാര്യങ്ങള്‍ ശ്രദ്ധിക്കുക എന്നത് തന്നെ ഭാരിച്ച ജോലിയാണ്. 

എത്ര ആസ്വാദ്യകരമാണെന്ന് പറഞ്ഞാലും ഇക്കാര്യങ്ങളെല്ലാം ശാരീരികമായും മാനസികമായും ഏറെ ഊര്‍ജ്ജം അപഹരിച്ചെടുക്കുന്ന ജോലികള്‍ തന്നെയാണ്. ഇതിനിടെയാണ് ഓഫീസ് ജോലി/ജോലി ഭാരം കൂടി വരുന്നത്. 

പലപ്പോഴും രണ്ടിന്റെയും സമ്മര്‍ദ്ദങ്ങള്‍ കൈകാര്യം ചെയ്യാനാകുന്നില്ലെന്ന് സ്ത്രീകള്‍ പരാതിപ്പെടാറുണ്ട്. എന്നാല്‍ ചില കാര്യങ്ങള്‍ കൃത്യമായി മനസില്‍ വച്ച്, അതിന് അനുസരിച്ച് മുന്നോട്ട് പോകാനായാല്‍ ഒരു പരിധി വരെ കുടുംബവും ജോലിയും ഒരുമിച്ച് വിജയകരമായി കൊണ്ടുപോകാന്‍ സാധിക്കും. ഇതിന് സഹായിക്കുന്ന ആറ് ടിപ്‌സ് ആണിനി പങ്കുവയ്ക്കുന്നത്. 

ഒന്ന്...

ആദ്യം സ്വന്തം ആരോഗ്യം ഉറപ്പുവരുത്തുകയാണ് വേണ്ടത്. ഭക്ഷണം, ഉറക്കം തുടങ്ങിയ അടിസ്ഥാനകാര്യങ്ങള്‍ മാറ്റിവയ്ക്കുകയേ അരുത്. അങ്ങനെ ചെയ്താല്‍ അത് ശാരീരികമായും മാനസികമായും തളര്‍ച്ചയുണ്ടാക്കും. ആകെ കാര്യങ്ങളോട് മുഷിപ്പും സമ്മര്‍ദ്ദവും തോന്നാന്‍ ഇടയാക്കുകയും ചെയ്യും. 

 

 

അതിനാല്‍ സ്ത്രീകള്‍ ആദ്യം സ്വന്തം ആരോഗ്യം ഉറപ്പുവരുത്തുക. 

രണ്ട്...

കുടുംബവും ജോലിയും ഒരുമിച്ച് കൊണ്ടുപോവുകെന്നാല്‍ ശ്രമകരമായ അധ്വാനം തന്നെയാണെന്ന് ആദ്യമേ പറഞ്ഞുവല്ലോ. അതിനാല്‍ തന്നെ ഇതിന്റെ ഒരു പങ്ക് വഹിക്കാന്‍ പങ്കാളിയോട് ആവശ്യപ്പെടുക. ഇത്തരം കാര്യങ്ങളെല്ലാം തന്നെ പതിവായി പങ്കാളിയോട് പങ്കുവച്ച് ശീലിക്കുക. എല്ലാ കാര്യങ്ങളും തനിയെ ചെയ്ത് പങ്കാളിയെയും മോശം ശീലത്തിലേക്ക് എത്തിക്കാതിരിക്കുക. വീട്ടുജോലിയും കുട്ടികളെ നോക്കുന്നതുമടക്കം എല്ലാ ഉത്തരവാദിത്തത്തിന്റെയും ഒരു ഭാഗം പങ്കാളി ചെയ്യേണ്ടത് തന്നെയാണ്. 

മൂന്ന്...

നമുക്കായി അല്‍പസമയം മാറ്റിവയ്ക്കണമെന്ന് ഏത് സ്ത്രീയും ചിന്തിക്കാറുണ്ട്. നിര്‍ബന്ധമായും ഇത് ചെയ്യേണ്ടത് ശരീരത്തിന്റെയും മനസിന്റെയും ആരോഗ്യത്തിന് അവശ്യം വേണ്ടതാണ്. പാട്ട് കേള്‍ക്കുക, അല്ലെങ്കില്‍ മറ്റേതെങ്കിലും ഹോബികളില്‍ ഏര്‍പ്പെടുക, പുറത്തുപോവുക, സുഹൃത്തുക്കള്‍ക്കൊപ്പം അല്‍പസമയം എന്നിങ്ങനെ സന്തോഷം ലഭിക്കുന്ന കാര്യങ്ങള്‍ക്കായി സമയം മാറ്റിവയ്ക്കുക. ഇതൊരു ധാരാളിത്തമല്ല, മറിച്ച് ആവശ്യമാണെന്ന് മനസിലാക്കുക. 

നാല്...

സമയം ക്രമീകരിച്ച് ജോലികള്‍ മുന്നോട്ട് കൊണ്ടുപോവുക. അത് വീട്ടുജോലി ആയാലും ഓഫീസ് ജോലി ആയാലും ശരി. പ്ലാന്‍ ചെയ്ത സമയത്തിലധികം രണ്ടിടത്തും ജോലി ചെയ്ത് ശീലിക്കരുത്. അതും ക്രമേണ തളര്‍ച്ചയ്ക്കും നിരാശയ്ക്കും സമ്മര്‍ദ്ദങ്ങള്‍ക്കും ഇടയാക്കും. 

അഞ്ച്...

ഒരിക്കലും 'നെഗറ്റീവ്' മാനസികാവസ്ഥയുമായി ഇരിക്കാതിരിക്കുക. എപ്പോഴും കുറ്റപ്പെടുത്തുന്ന, വിമര്‍ശിക്കുന്ന, തെറ്റുകള്‍ മാത്രം ചൂണ്ടിക്കാട്ടുന്നവരുമായി സമ്പര്‍ക്കത്തിലാകാതിരിക്കുക. 

 

 

അത്തരം ആളുകള്‍ വീട്ടിലുണ്ടെങ്കില്‍ പോലും അവരിലേക്ക് മനസ് നല്‍കാതിരിക്കുക. സ്വയം ശുഭാപ്തി വിശ്വാസത്തോടും ജീവിതത്തോടുള്ള തുറന്ന മനോഭാവത്തോടും കൂടി മുന്നോട്ട് പോവുക. 

ആറ്...

ജോലി ചെയ്ത് തളര്‍ന്ന് കുടുംബാന്തരീക്ഷത്തിലേക്ക് കയറുമ്പോള്‍ അവിടെയും ജോലിഭാരം ആണെന്ന് തോന്നിയാല്‍ വീട്ടിലുള്ള ആരോടായാലും സഹായം ചോദിക്കുക. ഇക്കാര്യത്തില്‍ യാതൊരു മടിയും ചിന്തിക്കരുത്. കാരണം വീട്- കുടുംബം എന്നത് സ്ത്രീയുടെ മാത്രം ബാധ്യതയല്ല. അത് എല്ലാവരിലും തുല്യമായി നിക്ഷിപ്തമായ ഉത്തരവാദിത്തമാണ്. പരസ്പരം മനസിലാക്കി, വിട്ടുകൊടുത്തും ഏറ്റെടുത്തും ഓരോരുത്തരും അവരവരുടെ പങ്ക് നിര്‍വഹിച്ചാല്‍ മാത്രമേ ഭംഗിയോടെ ഈ സംവിധാനം മുന്നോട്ട് പോകൂ എന്ന് തിരിച്ചറിയുക.

Also Read:- 'ലോംഗ് കൊവിഡ്' കൂടുതലും സ്ത്രീകളിലോ?; അറിയാം ഇക്കാര്യങ്ങള്‍...

Follow Us:
Download App:
  • android
  • ios