Asianet News MalayalamAsianet News Malayalam

'റെയ്പ്'ന് ശേഷം വിവാഹം കഴിച്ചാല്‍ ശിക്ഷയില്ല; വിചിത്ര നിയമത്തിന് പിന്നാലെ ഒരു രാജ്യം

 'റെയിപിസ്റ്റിനെ വിവാഹം കഴിപ്പിക്കുന്ന' നിയമം കൊണ്ടുവരാന്‍ അനുവദിക്കില്ലെന്ന വാദവുമായി വലിയൊരു വിഭാഗം പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. സ്ത്രീപക്ഷവാദികളാണ് പ്രധാനമായും പ്രതിഷേധങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. ബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടിയുടെ മാനസികാവസ്ഥയെ, ഒന്നുകൂടി പ്രശ്‌നത്തിലാക്കുകയും അവളുടെ ജീവിതം എന്നെന്നേക്കുമായി നശിപ്പിക്കുകയും ചെയ്യുന്നതായിരിക്കും ഈ നിയമം എന്നാണ് പ്രതിഷേധക്കാര്‍ പറയുന്നത്
 

turkish parliament to introduce marry your rapist bill
Author
Turkey, First Published Jan 23, 2020, 8:28 PM IST

വളരെ ഗൗരവമുള്ള കുറ്റമായാണ് ബലാത്സംഗത്തെ നമ്മള്‍ നിയമപരമായും സാമൂഹികമായും കണക്കാക്കിപ്പോരുന്നത്. അതും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്കെതിരെയാണ് അതിക്രമം നടന്നതെങ്കില്‍ കുറ്റം കുറെക്കൂടി ഗൗരവമുള്ളതായാണ് നമ്മള്‍ പരിഗണിക്കുന്നത്. എന്നാല്‍ ഇതില്‍ നിന്നെല്ലാം വ്യത്യസ്തമായി, വളരെ വിചിത്രമായ ഒരു നിയമം നടപ്പിലാക്കാന്‍ ശ്രമം നടത്തുകയാണ് ഒരു രാജ്യം. 

പതിനെട്ട് വയസിന് താഴെയുള്ള പെണ്‍കുട്ടിയെ 'റെയ്പ്' ചെയ്തയാള്‍ ആ പെണ്‍കുട്ടിയെ വിവാഹം ചെയ്താല്‍ അയാള്‍ക്ക് ശിക്ഷയില്ല. തുര്‍ക്കിയിലാണ് വിചിത്ര നിയമം നടപ്പിലാക്കാനൊരുങ്ങുന്നത്. എന്നാല്‍ 'റെയിപിസ്റ്റിനെ വിവാഹം കഴിപ്പിക്കുന്ന' നിയമം കൊണ്ടുവരാന്‍ അനുവദിക്കില്ലെന്ന വാദവുമായി വലിയൊരു വിഭാഗം പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. 

സ്ത്രീപക്ഷവാദികളാണ് പ്രധാനമായും പ്രതിഷേധങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. ബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടിയുടെ മാനസികാവസ്ഥയെ, ഒന്നുകൂടി പ്രശ്‌നത്തിലാക്കുകയും അവളുടെ ജീവിതം എന്നെന്നേക്കുമായി നശിപ്പിക്കുകയും ചെയ്യുന്നതായിരിക്കും ഈ നിയമം എന്നാണ് പ്രതിഷേധക്കാര്‍ പറയുന്നത്. അതോടൊപ്പം തന്നെ ബാലവിവാഹം പോലൊരു പ്രാകൃതമായ ദുരാചാരത്തെ ഊട്ടിയുറപ്പിക്കാനും നിയമം സഹായിക്കുമെന്ന് ഇവര്‍ വാദിക്കുന്നു. 

ഈ മാസം അവസാനത്തോടെ പാര്‍ലമെന്റില്‍ ബില്‍ അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകളിലൂടെ ലഭിക്കുന്ന സൂചന. എന്നാല്‍ ബില്‍ അവതരിപ്പിക്കുക കൂടി വേണ്ടെന്നാണ് പ്രതിഷേധക്കാര്‍ പറയുന്നത്. മുമ്പ് 2016ല്‍ സമാനമായ തരത്തിലുള്ള ബില്‍ തുര്‍ക്കി പാര്‍ലമെന്റില്‍ അവതരിപ്പിക്കപ്പെട്ടിരുന്നു. എന്നാല്‍ അന്നും കടുത്ത പ്രതിഷേധങ്ങളാണ് ഇതിനെതിരെ നടന്നത്. തുടര്‍ന്ന് പാര്‍ലമെന്റില്‍ ബില്‍ പരാജയപ്പെട്ടു. 

ഐക്യരാഷ്ട്രസഭയുടെ വിവിധ സമിതികളും ബില്ലിനെതിരെ പ്രതികരിച്ചിട്ടുണ്ട്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ക്കെതിരായ ലൈംഗിക അതിക്രമങ്ങള്‍ വ്യാപകമാകാന്‍ നിയമം ഇടയാക്കുമെന്നാണ് ഇവരുടെ വിലയിരുത്തല്‍. ബാലവിവാഹവും സ്ത്രീകള്‍ക്കെതിരായ ലൈംഗികക്കുറ്റങ്ങളും വര്‍ധിച്ച തോതില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന തുര്‍ക്കിയില്‍ വര്‍ഷങ്ങളായി 'ഫെമിനിസ്റ്റ്' പ്രക്ഷോഭം തുടരുകയാണ്. ഇക്കുറിയും ബില്‍ പാസാക്കാന്‍ അനുവദിക്കില്ലെന്ന് തന്നെയാണ് പ്രക്ഷേഭകാരികളായ സ്ത്രീ നേതാക്കള്‍ അറിയിക്കുന്നത്. 

Follow Us:
Download App:
  • android
  • ios