സ്ത്രീശാക്തീകരണത്തിനായി സര്‍ക്കാരുകളും വിവിധ സംഘടനകളും മനുഷ്യാവകാശപ്രവര്‍ത്തകരും സ്ത്രീപക്ഷവാദികളുമെല്ലാം എത്രയോ ബോധവത്കരണങ്ങളും പദ്ധതികളുമെല്ലാം നടത്തുന്നു. വിദ്യാഭ്യാസത്തിന്റെ കാര്യത്തിലായാലും ജോലിയുടെ കാര്യത്തിലായാലും സ്ത്രീകള്‍ നേട്ടങ്ങള്‍ കൈവരിക്കുന്ന കാലം കൂടിയാണിത്. 

എന്നാല്‍ ഇതെല്ലാം സമൂഹത്തിന് സ്ത്രീയോടുള്ള മനോഭാവം മെച്ചപ്പെട്ടിരിക്കുന്നു എന്നാണോ കാണിക്കുന്നത്? സത്യത്തില്‍ പുറമെക്കാണുന്ന ഈ പുരോഗമനങ്ങള്‍ക്കൊക്കെ അപ്പുറം സമൂഹത്തിന്റെ മനശാസ്ത്രം എന്താണ്?

വനിതാദിനത്തില്‍ പുറത്തുവന്ന ഐക്യരാഷ്ട്രസഭയുടെ ഒരു പഠനം ശ്രദ്ധിക്കുക. ലോകത്താകെയുള്ള ആളുകളെ എടുത്തുനോക്കിയാല്‍ പത്തില്‍ 9 പേരും എന്തെങ്കിലും തരത്തിലുള്ള 'നെഗറ്റീവ്' മുന്‍വിധികളുമായാണ് സ്ത്രീകളെ സമീപിക്കുന്നതെന്നാണ് ഈ പഠനം അവകാശപ്പെടുന്നത്. അതായത് സ്ത്രീകളുള്‍പ്പെടെ തന്നെ ലോകത്തെ 90 ശതമാനം പേരും സ്ത്രീകളെ കാണുന്നത് അകത്ത് മറ്റൊരു കണ്ണ് വച്ചാണെന്ന് സാരം. 

ഇത് ലൈംഗികതയുമായി ബന്ധപ്പെടുത്തിയല്ല ചിന്തിക്കേണ്ടത്. നന്നായി ബിസിനസ് ചെയ്യാനോ രാഷ്ട്രീയ പ്രവര്‍ത്തനം നടത്താനോ ഒക്കെ പുരുഷന്മാര്‍ക്കേ കഴിയൂ, അല്ലെങ്കില്‍ ഉന്നതവിദ്യാഭ്യാസം നല്‍കേണ്ടത് പുരുഷനാണ്- മാന്യമായ ജോലി അര്‍ഹിക്കുന്നതും പുരുഷനാണ് എന്നിങ്ങനെയെല്ലാം ആകാം മുന്‍വിധികള്‍ എന്ന് പഠനം ചൂണ്ടിക്കാട്ടുന്നു.  

പല മേഖലകളിലും സ്ത്രീകള്‍ മുന്നോട്ട് കുതിക്കുന്നുണ്ടെങ്കിലും അവരോട് സമൂഹത്തിനുള്ള ഈ മനോഭാവം തീര്‍ച്ചയായും കണക്കിലെടുക്കണമെന്നും ഇത് അതത് സര്‍ക്കാരുകളും സംഘടനകളുമെല്ലാം ശ്രദ്ധിക്കേണ്ടതുണ്ടെന്നും കൂടി പഠനം പറഞ്ഞുവയ്ക്കുന്നു. 

75 രാജ്യങ്ങളില്‍ നിന്നായി ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പഠനം നടത്തിയിരിക്കുന്നത്. അതുകൊണ്ട് തന്നെ പഠനത്തിന്റെ ആധികാരികതയും അത്രമാത്രം ദൃഢമാണ്.