സോഷ്യൽ മീഡിയയിൽ ഇപ്പോൾ കണ്ണീരണിയിക്കുന്ന ഒരു വീഡിയോയുണ്ട്. കുഞ്ഞിനെ താലോലിച്ച് തെരുവില്‍ നിന്ന് പാടുന്ന ഒരമ്മയുടെ വീഡിയോ. പെറുവിലെ തെരുവുകളില്‍ ഇവര്‍ ജീവിതം തേടുകയാണ്. ഈ അമ്മയുടെയും കുഞ്ഞിന്റെയും മുന്നിലൂടെ കടന്ന് പോകുന്ന ഓരോ വഴിയാത്രക്കാരും മുന്നില്‍ വച്ചിരിക്കുന്ന തൊപ്പിയിൽ നാണയങ്ങള്‍ ഇടുന്നുണ്ട്. 

 വെനസ്വേലയിലെ രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് പെറുവിലേക്ക് അഭയാര്‍ഥികളായെത്തിയ ആയിരക്കണക്കിന് ആളുകളില്‍ ഒരാളാണ് ഇവര്‍. ഇതിൽ നിന്ന് കിട്ടുന്ന ചെറിയൊരു തുകയാണ് ഈ അമ്മയ്ക്കും കുഞ്ഞിനും ആശ്വാസമായുള്ളത്. 

പെറുവിലെ തെരുവുകളിൽ ഈ അമ്മ എന്നും എത്താറുണ്ട്. കുഞ്ഞിനെ നെഞ്ചോട് ചേർത്ത് വച്ച് ഈ അമ്മ രണ്ട് മണിക്കൂർ അതിമാനോഹരമായി പാട്ട് പാടും. വഴിയാത്രക്കാർ പലരും കുറെ നേരം കേട്ട് നിൽക്കും. ശേഷം തൊപ്പിയിൽ നാണയങ്ങളിടും.

യുഎന്‍ റെഫ്യൂജി ഏജന്‍സിയുടെ ഫെയ്‌സ്ബുക്ക് പേജില്‍ സെപ്റ്റംബര്‍ മൂന്നിനാണ് ഇവരുടെ ഈ വീഡിയോ പ്രത്യക്ഷപ്പെട്ടത്. എന്നാൽ ചെറിയ സമയത്തിനുള്ളിൽ തന്നെ ഈ അമ്മയുടെ വീഡിയോ സോഷ്യൽ മീഡിയ ഏറ്റെടുത്തു. ധീരയായ സ്ത്രീ, ഈ ​ഗാനം എന്റെ കണ്ണുകളില്‍ ഈറനണിയിച്ചു‌,.  ഈ ദൃശ്യം ഹൃദയഭേദകമാണ്'.... ഈ വീഡിയോയ്ക്ക് താഴേ ഇങ്ങനെ നിരവധി കമന്റുകളാണ് വരുന്നത്.