കൊവിഡ് കാലത്ത് രാവും പകലുമില്ലാതെ ജോലി ചെയ്യുകയായിരുന്നു യുഎസ് സ്വദേശിനിയായ വിക്റ്റോറിയ പ്രൈസ് എന്ന മാധ്യമപ്രവര്‍ത്തക. അടുത്തിടെയാണ് തനിക്ക് ക്യാന്‍സര്‍ രോഗമാണെന്ന് വിക്റ്റോറിയ തിരിച്ചറിഞ്ഞത്. ക്യാന്‍സര്‍ പരിശോധന നടത്താന്‍ കാരണമായത് സ്ഥിരമായി വിക്റ്റോറിയയെ ടെലിവിഷനിൽ കൂടി കാണുന്ന ഒരു പ്രേക്ഷക കാരണമാണ്. 

ജോലിസംബന്ധമായി വരുന്ന  ഇമെയിലുകൾക്കിടയില്‍ നിന്നാണ് ഒരു പ്രേക്ഷകയുടെ ഇമെയിൽ വിക്റ്റോറിയ ശ്രദ്ധിച്ചത്. 'ഞാൻ നിങ്ങളുടെ ന്യൂസ് റിപ്പോർട്ടുകൾ കണ്ടിരുന്നു. പക്ഷേ എനിക്ക് ഏറെ ആശങ്ക തോന്നിയത് നിങ്ങളുടെ കഴുത്തിൽ കാണുന്ന മുഴയെ കുറിച്ചാണ്. എന്റെ കഴുത്തിൽ മുൻപ് ഇതുപോലെ ഒരു മുഴ ഉണ്ടായത് ക്യാൻസറായിരുന്നു. അതുകൊണ്ട് നിങ്ങള്‍ തൈറോയ്ഡ് പരിശോധിക്കണം'- എന്നാണ് ആ കത്തിലുണ്ടായിരുന്നത്. 

ഇത്രയും ചെറിയ മുഴ പ്രേക്ഷക എങ്ങനെ കണ്ടുവെന്ന് ആദ്യമൊന്ന് ചിന്തിച്ചെങ്കിലും വിക്റ്റോറിയ ഡോക്ടറെ കാണിക്കാന്‍ തീരുമാനിക്കുകയായിരുന്നു. പരിശോധനയില്‍ 28 കാരിയായ വിക്റ്റോറിയയുടെ കഴുത്തിലെ മുഴ തൈറോയ്ഡ് ക്യാന്‍സര്‍ ആണെന്ന് ഡോക്ടര്‍മാര്‍ കണ്ടെത്തി. സമീപത്തുള്ള ഗ്രന്ഥികളിലേക്കും ക്യാന്‍സര്‍ പടർന്നു തുടങ്ങിയ അവസ്ഥയിലായിരുന്നു. വിശദമായ പരിശോധനകൾക്കു ശേഷം കുറച്ച് ദിവസങ്ങള്‍ മുന്‍പ് വിക്റ്റോറിയ ശസ്ത്രക്രിയയ്ക്ക് വിധേയയായി.

വിക്ടോറിയ തന്നെയാണ് ഇക്കാര്യം തന്‍റെ ട്വിറ്ററിലൂടെ പങ്കുവച്ചത്. ആ പ്രേക്ഷകയുടെ കത്തിന്‍റെ സ്ക്രീന്‍ഷോട്ടും വിക്ടോറിയ പങ്കുവച്ചു. അന്ന് അങ്ങനെയൊരു ഇമെയില്‍ ലഭിച്ചില്ലായിരുന്നുവെങ്കിൽ താൻ ഇത് അറിയാന്‍ വളരെ അധികം വൈകുമായിരുന്നു എന്നും വിക്റോറിയ പറഞ്ഞു. ഒപ്പം അപരിചിതയായ ആ പ്രേക്ഷക കാണിച്ച കരുതലിന് നന്ദിയും വിക്റോറിയ അറിയിച്ചു. 

 

Also watch: തൈറോയ്ഡ് ക്യാന്‍സര്‍ എങ്ങനെ മനസ്സിലാക്കാം?