ലോകരാജ്യങ്ങളെയൊന്നാകെ ആശങ്കയിലാഴ്ത്തിക്കൊണ്ട് കൊവിഡ് 19 പടര്‍ന്നുപിടിക്കുന്ന പശ്ചാത്തലത്തില്‍ രാവും പകലുമില്ലാതെ സേവനമനുഷ്ഠിതക്കുന്ന ചിലരുണ്ട്. അത്തരത്തിലുളള ഒരു കാഴ്ചയാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. കൊവിഡ് 19 രോഗത്തിൽ വലയുന്ന ഇറ്റലിയിൽ ആരോഗ്യരംഗത്ത് പ്രവർത്തിക്കുന്നവരുടെ ദുരിതം വ്യക്തമാക്കുന്ന ചിത്രമാണത്. എലീന പഗ്ലിയാരിനി എന്ന നഴ്സ് ക്ഷീണംമൂലം ആശുപത്രിയിലെ മേശയിൽ തലവെച്ചു കിടന്നുറങ്ങുന്നതാണ് ചിത്രം. ഒപ്പം ജോലി ചെയ്യുന്ന ഒരു ഡോക്ടറാണ് ഈ ഫോട്ടോ പകർത്തിയത്. 

കൊവിഡ് 19 വ്യാപിച്ച ഇറ്റലിയുടെ വടക്കൻ പ്രദേശമായ ലൊംബാർഡിയിലുള്ള ആശുപത്രിയിലാണ് എലീന ജോലി ചെയ്യുന്നത്. രോഗം വ്യാപിച്ചതോടെ വിശ്രമമില്ലാതെ ജോലി ചെയ്യേണ്ട അവസ്ഥയിലാണ് ഇറ്റലിയിലെ ആരോഗ്യമേഖലയിലുള്ളവർ‌. വീട്ടിലേക്ക് പോകാന്‍ കഴിയാതെ ഷിഫ്റ്റനുസരിച്ച് ജോലി ചെയ്യാനോ സാധിക്കാത്ത അവസ്ഥയാണ് അവിടെ. ഈ സാഹചര്യത്തിൽ പൂർണസമയവും ആശുപത്രിയിലാണ് ഇവര്‍ ചെലവഴിക്കുന്നത്. 

 

ജോലി കഴിഞ്ഞ് വീട്ടിൽ പോകാതെ, ആശുപത്രിയിലെ മേശയിൽ തലവെച്ച് എലീന ഉറങ്ങിപ്പോവുകയായിരുന്നു. മാസ്കും കയ്യുറയും അഴിച്ചു മാറ്റാതെ ചെറിയൊരു തലയിണ മുന്‍പിൽവെച്ച് അതിൽ മുഖം ചേർത്ത് ഉറങ്ങുന്ന നഴ്സിന്റെ ചിത്രം അവരുടെ അർപ്പണബോധം വ്യക്തമാക്കുന്നതായിരുന്നു. അതുകൊണ്ടുതന്നെ സോഷ്യല്‍ മീഡിയ ഈ ചിത്രം ഇരുകയ്യുംനീട്ടി സ്വീകരിക്കുകയും ചെയ്തു. 

സമൂഹമാധ്യമങ്ങളിൽ പലയിടത്തും തന്റെ ചിത്രം കണ്ടുവെന്നും തന്റെ ദൗർബല്യം മറ്റുള്ളവർ കണ്ടതിൽ ആദ്യം ലജ്ജ തോന്നിയെന്നുമാണ് എലീന പഗ്ലിയാരിനി ഒരു പ്രാദേശിക മാധ്യമത്തോട് പ്രതികരിച്ചത്. എന്നാല്‍ പിന്നീട് തനിക്ക് സന്തോഷം തോന്നി എന്നും ഒരുപാട് നല്ല  സന്ദേശങ്ങള്‍ തനിക്ക് ലഭിച്ചുവെന്നും എലീന പറഞ്ഞു.