ദില്ലി: കുഞ്ഞുങ്ങളുടെ സ്നേഹം നിഷ്കളങ്കമാണ്. അവർ ചെയ്യുന്ന എല്ലാക്കാര്യങ്ങളിലും ആ നിഷ്കളങ്കതയും ശുദ്ധതയും ഉണ്ടാകും. രണ്ട് വയസ്സുകാരി അയ്റ എന്ന പെൺകുട്ടിയുടെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ. മോജിക്ക എന്ന വ്യക്തിയാണ് തന്റെ മകൾ അയ്റയെ സമ്മാനം കൊടുത്ത് കബളിപ്പിക്കാൻ ശ്രമിച്ചത്. ഒരു വാഴപ്പഴമാണ് ​ഗിഫ്റ്റ് ആയി മകൾക്ക് നീട്ടിയത്. എന്നാൽ  അത് കയ്യിൽ വാങ്ങിയ ഉടനെ തന്നെ മകൾ സന്തോഷം കൊണ്ട് തുള്ളിച്ചാടാൻ തുടങ്ങിയെന്ന് മോജിക്കോയും ഭാര്യയും പറയുന്നു. 


അയ്റയുടെ മുഖം സന്തോഷം കൊണ്ട് നിറഞ്ഞിരിക്കുന്നത് കാണാം. കൈ കൊട്ടി തുള്ളിച്ചാടുന്നുണ്ട് ഈ കൊച്ചുപെൺകുട്ടി. ഇങ്ങനെയൊരു പ്രതികരണമല്ല പ്രതീക്ഷിച്ചതെന്നും തങ്ങൾ ഇരുവരും അത്ഭുതപ്പെട്ടെന്നും ഇവർ വെളിപ്പെടുത്തുന്നു. ​ഗിഫ്റ്റ് തുറന്ന് വാഴപ്പഴമെടുത്ത് കഴിക്കുന്ന അയ്റയുടെ വീഡിയോ ഇതുവരെ ആയിരക്കണക്കിന് ആളുകളാണ് കണ്ടത്. ഒപ്പം 1.4 മില്യൺ ലൈക്കുകളും വീഡിയോ നേടി.