Asianet News MalayalamAsianet News Malayalam

ഇന്ന് പെണ്‍മക്കളുടെ ദിനം; നേരൂ നിങ്ങളുടെ പെണ്‍മക്കള്‍ക്ക് 'ഡോട്ടേഴ്സ് ഡേ' ആശംസകള്‍...

ആഗോളതലത്തില്‍ തന്നെ പെണ്‍മക്കള്‍ക്കായി ഒരു പ്രത്യേക ദിവസം ആഘോഷത്തിനായി മാറ്റിവയ്ക്കപ്പെടുന്നുണ്ട്. എന്നാല്‍ ഇന്ത്യയെ സംബന്ധിച്ചിടത്തോളം  'ഡോട്ടേഴ്സ് ഡേ'ക്ക് ഏറെ പ്രാധാന്യമുണ്ട്. 

why daughters day celebrates in india hyp
Author
First Published Sep 24, 2023, 11:59 AM IST

ഇന്ന് സെപ്തംബര്‍ 24 'ഡോട്ടേഴ്സ് ഡേ' അഥവാ പെണ്‍മക്കളുടെ ദിനമായി രാജ്യത്ത് കൊണ്ടാടപ്പെടുന്ന ദിനമാണ്. ഓരോ വര്‍ഷവും സെപ്തംബറിലെ നാലാമത് ഞായറാഴ്ചയാണ് 'ഡോട്ടേഴ്സ് ഡേ' ആയി ആഘോഷിക്കപ്പെടുന്നത്.

ആഗോളതലത്തില്‍ തന്നെ പെണ്‍മക്കള്‍ക്കായി ഒരു പ്രത്യേക ദിവസം ആഘോഷത്തിനായി മാറ്റിവയ്ക്കപ്പെടുന്നുണ്ട്. എന്നാല്‍ ഇന്ത്യയെ സംബന്ധിച്ചിടത്തോളം  'ഡോട്ടേഴ്സ് ഡേ'ക്ക് ഏറെ പ്രാധാന്യമുണ്ട്. 

പെണ്‍കുട്ടികള്‍ ജനിക്കുന്നത് വീടിന് നല്ലതല്ലെന്നും, പെണ്‍കുട്ടികള്‍ ബാധ്യതയാണെന്നും ചിന്തിച്ചിരുന്നൊരു സമൂഹം രാജ്യത്തുണ്ടായിരുന്നു. അതിന്‍റെ നേരിയ തുടര്‍ച്ചകള്‍ ഇന്നും പലയിടങ്ങളിലും രാജ്യത്ത് നമുക്ക് കാണാനാകും. പേടിപ്പെടുത്തും വിധത്തില്‍ ഒരു കാലത്ത് രാജ്യത്ത് പെണ്‍ ഭ്രൂണഹത്യകള്‍ നടന്നിരുന്നു. ജനിക്കാനിരിക്കുന്ന കുഞ്ഞിന്‍റെ ലിംഗനിര്‍ണയം നടത്തുന്നത് നിയമവിരുദ്ധമാകുന്നത് തന്നെ ആ പശ്ചാത്തലത്തിലാണ്. 

2007 മുതലാണ് ഇന്ത്യയില്‍  'ഡോട്ടേഴ്സ് ഡേ' ആചരിച്ച്- അല്ലെങ്കില്‍ ആഘോഷിച്ചുതുടങ്ങുന്നത്. ആഗോളതലത്തില്‍ തന്നെ സ്ത്രീകളെ, പെണ്‍കുട്ടികളെ പുരുഷന്മാരില്‍ നിന്നും ആണ്‍കുട്ടികളില്‍ നിന്നും തരം താഴ്ന്ന രീതിയില്‍ കണക്കാക്കപ്പെടുന്ന പ്രവണതയുണ്ടായിരുന്നതാണ്. ഈ പുരുഷകേന്ദ്രീകൃത കാഴ്ചപ്പാടുകളെ ചോദ്യം ചെയ്യുന്നതിനോ - അല്ലെങ്കില്‍ ഒരോര്‍മ്മപ്പെടുത്തലായോ ആണ്  'ഡോട്ടേഴ്സ് ഡേ' ആഘോഷിക്കപ്പെടുന്നത്. ഇന്ത്യയിലും ഇതേ ലക്ഷ്യത്തോടെയാണ്  'ഡോട്ടേഴ്സ് ഡേ' ആഘോഷിച്ച് തുടങ്ങുന്നത്. 

ഇന്ന് സമൂഹം ഏറെ മുന്നോട്ട് പോയിരിക്കുന്നു. പെണ്‍കുട്ടികള്‍ ജനിക്കുന്നത് വീടിന് 'ശാപം' ആണെന്ന കാഴ്ചപ്പാടുള്ളവര്‍ അപൂര്‍വമായി മാറിക്കഴിഞ്ഞിരിക്കുന്നു. ആണ്‍കുട്ടികളോളമോ അല്ലെങ്കില്‍ പലപ്പോഴും അവരെക്കാളുമോ സാമ്പത്തികമായ വിജയം നേടാനും വീടിനെ നയിക്കാനും ഏതൊരു മേഖലയിലും ഉയര്‍ച്ച കൈവരിക്കാനും പെണ്‍കുട്ടികള്‍ക്ക് കഴിയുമെന്ന് വിശ്വസിക്കുന്നവരുടെ എണ്ണം ഏറി. 

വിദ്യാഭ്യാസം, വിവാഹം, കരിയര്‍ എന്നിങ്ങനെയുള്ള സുപ്രധാനമായ വിഷയങ്ങളില്‍ തീരുമാനങ്ങളെടുക്കുന്നതിനുള്ള വ്യക്തിസ്വാതന്ത്ര്യം സ്ത്രീകള്‍ക്ക്/ പെണ്‍കുട്ടികള്‍ക്ക് ഇല്ലാതിരുന്നൊരു സാഹര്യത്തില്‍ നിന്ന് ഇതെല്ലാം സ്വയം തെരഞ്ഞെടുക്കാനാകുന്ന ഒരനുകൂലാന്തരീക്ഷത്തിലേക്ക് നമ്മുടെ പെണ്‍കുട്ടികള്‍ എത്തുകയാണ്. ഏറെ സ്വാഗതാര്‍ഹമായ- പുരോഗമനപരമായ മാറ്റം തന്നെയാണിത്. ഈ മാറ്റത്തെ ശരിയാംവിധം ഉപയോഗിച്ച് മുന്നേറാൻ നമ്മുടെ പെണ്‍കുട്ടികള്‍ക്ക് കഴിയട്ടെ. 

കുട്ടികള്‍ ആണോ പെണ്ണോ എന്നതിലധികം അവരെ മൂല്യബോധമുള്ള വ്യക്തികളായി ഉയര്‍ന്നുവരാൻ പിന്തുണയ്ക്കാനും പ്രചോദനം നല്‍കാനുമാണ് മാതാപിതാക്കള്‍ ശ്രമിക്കേണ്ടത്. സമൂഹം അതിന് അവര്‍ക്കൊപ്പം നില്‍ക്കുകയും വേണം. 

Also Read:- സ്ത്രീകളില്‍ മുഖത്ത് അമിത രോമവളര്‍ച്ച; അറിഞ്ഞിരിക്കേണ്ട ലക്ഷണങ്ങള്‍...

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo

Latest Videos
Follow Us:
Download App:
  • android
  • ios