പുരുഷന്‍മാര്‍ക്ക് ആധിപത്യമുണ്ടായിരുന്ന ശാസ്ത്രമേഖലയില്‍ ഇന്ന് സ്ത്രീകളും  ജോലി ചെയ്തുവരുന്നു എന്നത് സമൂഹത്തിന് നല്‍കുന്ന സന്ദേശം വളരെ വലുതാണ്. 
യാഥാസ്ഥിതിക വേഷങ്ങള്‍ ധരിച്ചാണ്  പൊതുവെ ശാസ്ത്രജ്ഞര്‍ ചടങ്ങുകളില്‍ പങ്കെടുക്കുന്നത്. എന്നാല്‍ ഇതില്‍നിന്നും വ്യത്യസ്തമായി തിളങ്ങുന്ന വേഷം ധരിച്ച് കുട്ടികളെ അഭിസംബോധന ചെയ്തതിന്റെ കാരണമാണ് ഒരു വനിതാ ശസ്ത്രജ്ഞ ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുന്നത്. 

എട്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്ന ഒരു ചടങ്ങില്‍ അമേരിക്കന്‍ ബഹിരാകാശ സംഘടനയായ നാസയ്ക്ക് വേണ്ടി കുട്ടികളോട് സംസാരിക്കുന്നതിനായി എത്തിയപ്പോള്‍ താന്‍ ധരിച്ച വസ്ത്രത്തെക്കുറിച്ചുള്ള ശാസ്ത്രജ്ഞയുടെ ഈ കുറിപ്പാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. അമേരിക്കയിലെ മന്‍ഹാറ്റനില്‍ സയന്‍സ് ഹൗസ് എന്ന സ്ട്രാറ്റജിക് കണ്‍സല്‍ട്ടന്‍സി സ്ഥാപനം നടത്തുന്ന റീത്ത  ജെ കിങ് ആണ്  വ്യത്യസ്തമായ വസ്ത്രധാരണത്തിലൂടെ എട്ട് വര്‍ഷം മുന്‍പ് 2011ല്‍ കുട്ടികളുടെ കയ്യടി നേടിയത്.  ഇന്ന് അവരുടെ കുറിപ്പും സമൂഹമാധ്യമങ്ങളില്‍ കയ്യടിനേടുന്നു. 

യാഥാസ്ഥിതിക വേഷത്തിന് പകരം  തിളങ്ങുന്ന സ്വര്‍ണനിറത്തിലുള്ള വേഷമാണ് റീത്ത അന്ന് ധരിച്ചത്.  ' വസ്ത്രങ്ങള്‍ വച്ചിരുന്ന അലമാരയിലൂടെ പരതുമ്പോഴാണ് ഞാന്‍ സ്വര്‍ണനിറത്തിലുള്ള ഗൗണ്‍ കാണുന്നത്. അനുയോജ്യവസ്ത്രത്തിനുവേണ്ടി പരതുമ്പോള്‍ ഞാന്‍ ഓര്‍ത്തത് അഭിസംബോധന ചെയ്യാന്‍ പോകുന്ന കുട്ടികള്‍ എനിക്കെഴുതിയ കത്താണ്'- റീത്ത കുറിച്ചു. 

 

 

 

'ശ്രദ്ധേയമായ, തിളക്കമുള്ള വേഷം അണിയൂ... ശാസ്ത്രജ്ഞര്‍ക്കും ആധുനിക വേഷം അണിയാമെന്ന് ലോകം മനസ്സിലാക്കട്ടെ  എന്നായിരുന്നു കുട്ടികള്‍ എനിക്ക് എഴുതിയത്'- റീത്തയുടെ ഈ ട്വീറ്റ് ആണ് വളരെ പെട്ടെന്ന് സോഷ്യല്‍ മീഡിയയില്‍ കത്തി കയറിയത്. ആധുനിക വേഷങ്ങള്‍ അണിയുന്നവര്‍ക്കും ശാസ്ത്രമേഖലയില്‍ കടന്നുവരാമെന്നു തെളിയിച്ചതിനു നന്ദി എന്ന് നിരവധിപേര്‍ ട്വിറ്ററില്‍ കുറിച്ചു.