അമ്മായിയമ്മയും മരുമകളും തമ്മിലുള്ള ബന്ധം സത്യത്തില്‍ അത്രമാത്രം ആഘോഷിക്കപ്പെടുന്ന ഒരു സാഹചര്യം നമ്മുടെ നാട്ടിലില്ലെന്ന് തന്നെ പറയാം. പലപ്പോഴും അങ്ങനെയൊരു ബന്ധത്തിലെ ഊഷ്മളതകളെ പങ്കുവയ്ക്കുന്നതിലും ചര്‍ച്ച ചെയ്യുന്നതിലുമെല്ലാം നമ്മള്‍ പരാജയപ്പെട്ട് പോകുന്നതിനാലാകാം ഇത്. 

എന്തായാലും ചിലരെങ്കിലും ഈ ബന്ധത്തിന് ഉദാത്തമായ മാതൃകകള്‍ കാണിച്ചുതരാറുണ്ട്. അത്തരത്തിലൊരു അമ്മായിയമ്മയേയും മരുമകളേയും കുറിച്ചാണ് പറയുന്നത്. 

മറ്റാരുമല്ല, സൂപ്പര്‍ മോഡല്‍ മിലിന്ദ് സോമന്റെ അമ്മ ഉഷ സാമനേയും ഭാര്യ അങ്കിത കൊന്‍വാറിനേയും കുറിച്ചാണ് പറഞ്ഞുവരുന്നത്. എണ്‍പത്തിയൊന്നുകാരിയായ ഉഷ സോമന്‍ ഈ പ്രായത്തിലും ചുറുചുറുക്കോടെ ശരീരം കാത്തുസൂക്ഷിക്കുന്ന കാര്യത്തില്‍ വളരെ താല്‍പര്യം പ്രകടിപ്പിക്കുന്നയാളാണ്. 

അമ്മയ്‌ക്കൊപ്പമുള്ള വര്‍ക്കൗട്ട് വീഡിയോകള്‍ മുമ്പ് പലപ്പോഴായി മിലിന്ദ് തന്നെ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിട്ടുമുണ്ട്. ഇതില്‍ നിന്ന് ഒട്ടും വ്യത്യസ്തയല്ല അങ്കിതയും. അമ്പത്തിനാലുകാരനായ മിലിന്ദും ഇരുപത്തിയെട്ടുകാരിയായ അങ്കിതയും തമ്മിലുള്ള പ്രണയം വളരെയധികം ചര്‍ച്ച ചെയ്യപ്പെട്ട ഒന്നായിരുന്നു. 

Also Read:- അമ്പത്തിനാലുകാരന് ഇരുപത്തിയെട്ടുകാരി ഭാര്യ! ഈ 'അതിശയ'ത്തിന് ഉത്തരമുണ്ട്...

ഇപ്പോഴിതാ ഈ ലോക്ക്ഡൗണ്‍ കാലത്ത് വീട്ടില്‍ തന്നെ വര്‍ക്കൗട്ട് ചെയ്യുന്നതിന്റെ വീഡിയോ ആണ് അങ്കിത പങ്കുവച്ചിരിക്കുന്നത്. അമ്മായിയമ്മയായ ഉഷയ്‌ക്കൊപ്പം ടെറസില്‍ 'ബോക്‌സ് ജംപ്‌സ്' ചെയ്യുന്നത് മിലിന്ദ് ആണ് മൊബൈലില്‍ പകര്‍ത്തിയിരിക്കുന്നത്. 

 

 

ജീവിതം ആനന്ദിക്കാന്‍ കൂടിയുള്ളതാണ്, എണ്‍പത് വയസ് വരെ ഞാന്‍ ജീവിക്കുകയാണെങ്കില്‍ നിങ്ങളെപ്പോലെ ഫിറ്റ് ആയി ജീവിക്കുക എന്നത് മാത്രമാണ് എന്റെ ആഗ്രഹം, ഒരുപക്ഷേ ഒരുപാട് പേരെ നിങ്ങള്‍ പ്രചോദിപ്പിക്കുന്നുണ്ടാകാം- എന്ന അടിക്കുറിപ്പുമായാണ് അങ്കിത വീഡിയോ പങ്കുവച്ചിരിക്കുന്നത്. നിരവധി പേരാണ് വീഡിയോയ്ക്ക് പ്രതികരണം അറിയിച്ച് എത്തിയിരിക്കുന്നത്.