ഇത് ഒരു ബോളിവുഡ് സിനിമയിൽ കുറഞ്ഞൊന്നുമല്ല. ഭോപ്പാലിൽ, തന്റെ ഭർത്താവിന് അദ്ദേഹത്തിന്റെ കാമുകിയെ വിവാഹം കഴിക്കാനുള്ള നിയമ തടസ്സം നീങ്ങിക്കിട്ടാൻ വേണ്ടി, അയാളിൽ നിന്ന് വിവാഹമോചനം നേടിയിരിക്കുകയാണ്, ഒരു ഭാര്യ. വിവാഹം കഴിഞ്ഞ് മൂന്നുവർഷം കഴിഞ്ഞപ്പോഴാണ് ഇവർ തന്റെ ഭർത്താവ് മറ്റൊരു യുവതിയെ ദീർഘകാലമായി സ്നേഹിച്ചിരുന്നു എന്ന സത്യം തിരിച്ചറിയുന്നത്. തന്റെ പൂർവ്വകാമുകിയെ മറക്കാൻ തനിക്ക് കഴിയുന്നില്ല എന്നും, അവരെക്കൂടി വിവാഹം ചെയ്‌താൽ കൊള്ളാം എന്നുണ്ടെന്നും അയാൾ ഭാര്യയെ അറിയിക്കുന്നു. 

എന്നാൽ, ഇന്ത്യയിലെ ഹിന്ദു വിവാഹ നിയമങ്ങൾ പ്രകാരം ഒന്നിലധികം സ്ത്രീകളെ ഒരേ സമയത്ത് ഭാര്യമാരാക്കുക നിയമവിരുദ്ധമാണ്. അങ്ങനെ തന്റെ ആഗ്രഹപൂർത്തിക്കുള്ള വഴിയെല്ലാം അടഞ്ഞു എന്നുതന്നെ കരുതി അയാൾ ഇരിക്കവെയാണ് ഭാര്യയിൽ നിന്ന് അനിതരസാധാരണമായ ഒരു നടപടിയുണ്ടാകുന്നത്. "അസാമാന്യമായ പക്വത കാണിച്ചുകൊണ്ട് ആ സ്ത്രീ, തന്റെ ഭർത്താവിന്റെ ഇഷ്ടസാധ്യത്തിനു വേണ്ടി അയാളെ വിവാഹമോചനം ചെയ്തുകൊണ്ട്, ഭർത്താവിന്റെയും കാമുകിയുടെയും വിവാഹം നടക്കാൻ വിഘാതമായി നിന്ന നിയമതടസ്സം നീക്കിക്കൊടുക്കുകയായിരുന്നു എന്ന് ഭോപ്പാലിലെ ഒരു അഭിഭാഷക എഎൻഐ ന്യൂസിനോട് പറഞ്ഞു. 

 

'ഹം ദിൽ ദേ ചുകേ സനം' പോലുള്ള ഹിന്ദി സിനിമകളിൽ മാത്രം നമ്മൾ കണ്ടു പരിചയിച്ചിട്ടുള്ള ഈ ഒരു സംഭവത്തെക്കുറിച്ചുള്ള വാർത്ത സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചതോടെ ആ സ്ത്രീയുടെ ഹൃദയ വിശാലതയെ പ്രശംസിച്ചുകൊണ്ട് നിരവധി പേർ പോസ്റ്റിട്ടു. ഒപ്പം, ഭർത്താവിന്റെ ശിലാഹൃദയത്തെ പഴിച്ചുകൊണ്ടും നിരവധിപേർ എഴുതി. "ഇങ്ങനെ ഒരു പൂർവ്വകാമുകി ഉണ്ടായിരുന്നെങ്കിൽ പിന്നെന്തിനാണ് വിവാഹം കഴിച്ച് ഒരു പെൺകുട്ടിയുടെ ജീവിതം നശിപ്പിച്ചു? ഒരാളുടെ ഹൃദയം മുറിച്ചുകൊണ്ട് മറ്റൊരു ഹൃദയത്തിൽ പ്രണയം കൊരുക്കാൻ പോയാൽ അത് നശിച്ചു പോവുകയേ ഉള്ളൂ. 'Karma is a bitch' " എന്നൊക്കെ പലരും കമന്റുകൾ രേഖപ്പെടുത്തി.