ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാന്‍ പേടാപാടുപെടുന്നവരുടെ കൂടി നാടാണ് ഇന്ത്യ. പട്ടിണികിടക്കുന്നവരും  പട്ടിണി കിടക്കാതിരിക്കാന്‍ എല്ലുമുറിയെ പണിയെടുക്കുന്നവരും അടങ്ങുന്ന ഈ സമൂഹത്തിന്റെ നേര്‍ചിത്രമാവുകയാണ് നടിയും സാമൂഹിക പ്രവര്‍ത്തകയുമായ ഷബാന അസ്മി പങ്കുവച്ച അമ്മയുടെ ചിത്രം. 

തലയില്‍ ഇഷ്ടികകള്‍ ചുമക്കുമ്പോഴും തോളില്‍ സാരികൊണ്ട്  തൊട്ടില്‍ കെട്ടി തന്റെ പിഞ്ചുകുഞ്ഞിനെ ചേര്‍ത്തുപിടിച്ചിരിക്കുകയാണ് ഈ അമ്മ. കുഞ്ഞിനെ മാറ്റി നിര്‍ത്തി ജോലിക്ക് പോകാനോ, കുഞ്ഞിനൊപ്പം നിന്ന് ജോലിക്ക് പോകാതിരിക്കാനോ കഴിയാതെ ഇങ്ങനെ അപകടമുള്ള തൊഴിലിടത്തിലും കുഞ്ഞുങ്ങളുമായി ജോലി ചെയ്യുന്ന എത്രയോ അമ്മമാരുണ്ടാകാം.

ഷബാന അസ്മി ചിത്രം പങ്കുവച്ച് നിമിഷങ്ങള്‍ക്കുള്ളില്‍ നിരവധി പേരാണ് ഈ അമ്മയെ ഏറ്റെടുത്തത്. സ്ത്രീയുടെ നിശ്ചയദാര്‍ഢ്യത്തിന് കയ്യടിക്കുകയാണ് ട്വിറ്റര്‍. അതേസമയം ഈ ചിത്രത്തെ കാല്‍പ്പനികവല്‍ക്കരിക്കരുതെന്നും സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങളെ കുറിും ആ കുഞ്ഞിന് ലഭിക്കേണ്ട പരിരക്ഷയെക്കുറിച്ചുംസംസാരിക്കുകയാണ് വേണ്ടതെന്നും ചിലര്‍ അഭിപ്രായപ്പെടുന്നുണ്ട്.