തനിക്ക് ബാധിച്ച അർബുദത്തെ കുറിച്ചും തന്റെ അന്ത്യ നമിഷങ്ങൾ അടുത്തുവെന്നും മകനോട് അറിയിക്കുന്ന ഒരു അമ്മയുടെ ഹൃദയഭേദകമായ കുറിപ്പാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
ക്യാന്‍സര്‍ അതിജീവനപോരാളി നന്ദു മഹാദേവയുടെ വിയോഗത്തിന്‍റെ വാര്‍ത്തയ്ക്ക് പിന്നാലെ മറ്റൊരു കുറിപ്പ് കൂടി സൈബര്‍ ലോകത്ത് ശ്രദ്ധനേടുകയാണ്. തനിക്ക് ബാധിച്ച അർബുദത്തെ കുറിച്ചും തന്റെ അന്ത്യ നമിഷങ്ങൾ അടുത്തുവെന്നും മകനോട് അറിയിക്കുന്ന ഒരു അമ്മയുടെ ഹൃദയഭേദകമായ കുറിപ്പാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. കാനഡയിൽ നിന്നുള്ള ന്യൂറോ സയന്റിസ്റ്റായ നാദിയ ചൗധരി ആണ് തനിക്ക് ബാധിച്ച അണ്ഡാശയ അർബുദത്തെ കുറിച്ച് ട്വിറ്ററില്‍ കുറിച്ചത്.
കോൺകോർഡിയ യൂണിവേഴ്‌സിറ്റിയിലെ അസോസിയേറ്റ് പ്രൊഫസറായ ഡോ. നാദിയയ്ക്ക് 2020 ജൂണിലാണ് അണ്ഡാശയ അർബുദം കണ്ടെത്തിയത്. അര്‍ബുദവുമായുള്ള പോരാട്ടത്തിന്‍റെ അനുഭവങ്ങള്‍ നാദിയ തന്റെ സമൂഹമാധ്യമപേജിലൂടെ നിരന്തരം പങ്കുവയ്ക്കാറുണ്ട്. എന്നാൽ ക്യാൻസറിനോടുള്ള ആ പോരാട്ടത്തിൽ താൻ എങ്ങനെ പരാജയപ്പെടുന്നുവെന്നതിനെക്കുറിച്ചാണ് നാദിയ ഇപ്പോള്‍ ട്വീറ്റ് ചെയ്തത്.
‘ക്യാൻസർ മൂലം എന്റെ അന്ത്യ നിമിഷങ്ങൾ അടുത്തുവെന്ന വിവരം ഇന്ന് ഞാന്‍ എന്റെ മകനോട് പറയുകയാണ്. അവന്‍ ഇത് അറിയേണ്ട സമയമായിരിക്കുന്നു. അവനോട് ഈ കാര്യം പറയുമ്പോൾ ഞാൻ ധൈര്യശാലിയായിരിക്കാൻ ആഗ്രഹിക്കുന്നു. ഞാൻ ദുഖത്താൽ അലറിക്കരയും, എങ്കിൽ മാത്രമേ അവനെ സമാധാനിപ്പിക്കാൻ എനിക്ക് കഴിയൂ'- മകനൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ട് നാദിയ കുറിച്ചു.
മകനോട് ഈ വിവരം അറിയിച്ച ശേഷം അവൻ തന്നെ കെട്ടിപ്പിടിച്ച് ആശ്വസിപ്പിക്കുകയും തങ്ങൾ അല്പം സമയം കരഞ്ഞുവെന്നും നാദിയ മറ്റൊരു ട്വീറ്റില്‍ കുറിച്ചു. തന്റെ മകൻ ധൈര്യശാലിയും ബുദ്ധിമാനും ആണെന്നും അവന്റെ വളർച്ച താൻ എവിടെയായിരുന്നാലും കാണുമെന്നും നാദിയ പറയുന്നു. തന്റെ ജിവിതത്തിലെ ഏറ്റവും സങ്കടം നിറഞ്ഞ ദിവസമാണിതെന്നും അവർ പറയുന്നു.
ഹൃദയത്തെ തൊടുന്ന ഈ ട്വീറ്റുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി. പ്രാർഥനകളും ആശ്വാസവാക്കുകളാലും നിരവധി പേര്‍ രംഗത്തെത്തുകയും ചെയ്തു.
Also Read: 'നന്ദു പോയി, എനിക്കൊട്ടും സങ്കടമില്ല; നീ ചെല്ലൂ വേദനകളില്ലാത്ത ലോകത്ത്'; കുറിപ്പ്...
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
