Asianet News MalayalamAsianet News Malayalam

ഒഴിവ് നേരങ്ങളിൽ മാസ്ക് നിർമ്മിച്ച് കോളനികളില്‍ വിതരണം; മാതൃകയായി പൊലീസ് കോൺസ്റ്റബിൾ

വീടിന് അടുത്തുള്ള കോളനിയിൽ ആണ് പ്രധാനമായും മാസ്കുകൾ വിതരണം ചെയ്യുന്നത്. സാമൂഹിക അകലം പാലിച്ചു അമരേശ്വരി തന്നെ കോളനിയിലെ എല്ലാ വീടുകളിലും എത്തി മാസ്‌ക്കുകൾ വിതരണം ചെയ്യും.

Woman Constable On Mission To Stitch Masks
Author
Thiruvananthapuram, First Published Apr 20, 2020, 4:05 PM IST

കൊവിഡ് 19നെ പ്രതിരോധിക്കാനായി ആരോഗ്യപ്രവർത്തകരും  പൊലീസ് ഉദ്യോഗസ്ഥരും ഒരുപോലെ രാവും പകലും ഇല്ലാതെ പ്രവര്‍ത്തിക്കുകയാണ്. അതിനിടെ  ജോലിക്ക് പുറമേ ഇപ്പോള്‍ ഏറ്റവും അവശ്യ സാധനമായി മാറിയ മാസ്ക് നിർമ്മിച്ചു മാതൃകയാവുകയാണ് തെലങ്കാനയിലെ ഒരു വനിതാ കോൺസ്റ്റബിൾ.

തെലങ്കാന ഗവർണറുടെ സെക്യൂരിറ്റി ഗാർഡിൽ അംഗമാണ് ബി അമരേശ്വരി. ഒന്നിടവിട്ട ദിവസങ്ങളിൽ അവധിയാണ് അമരേശ്വരിക്ക്. ഈ സമയത്താണ് ആവശ്യക്കാർക്കായി മാസ്‌ക്കുകൾ നിർമ്മിക്കാനുള്ള സമയം ഇവർ കണ്ടെത്തുന്നത്. അമ്മയുടെ സഹായത്തോടെ വീട്ടിലിരുന്നുതന്നെയാണ് മാസ്ക് നിർമ്മാണം നടത്തുന്നത്. 200 മുതൽ 250 മാസ്കുകൾ വരെ ഒരു ദിവസം ഉണ്ടാക്കും. ഇതിനോടകം 3000 മാസ്കുകൾ നിർമ്മിച്ചു. 10000 മാസ്‌ക്കുകൾ വരെ നിർമ്മിക്കുക എന്നതാണ് ലക്ഷ്യമെന്ന് അമരേശ്വരി പറയുന്നു.

വീടിന് അടുത്തുള്ള കോളനിയിൽ ആണ് പ്രധാനമായും മാസ്കുകൾ വിതരണം ചെയ്യുന്നത്. സാമൂഹിക അകലം പാലിച്ചു അമരേശ്വരി തന്നെ കോളനിയിലെ എല്ലാ വീടുകളിലും എത്തി മാസ്‌ക്കുകൾ വിതരണം ചെയ്യും. ഇതിനൊപ്പം ആളുകളെ ബോധവത്കരിക്കും. സാധാരണക്കാരായ പലർക്കും അമ്പത് രൂപ കൊടുത്തു മാസ്ക് വാങ്ങാൻ കഴിയില്ലെന്ന് തിരിച്ചറിഞ്ഞാണ് വീണ്ടും ഉപയോഗിക്കാൻ കഴിയുന്ന തുണികൊണ്ടുള്ള മാസ്ക് നിർമ്മാണം തുടങ്ങിയതെന്ന് അമരേശ്വരി പറയുന്നു. ബാക്കി വരുന്ന മാസ്ക് കൊവിഡ് പ്രതിരോധത്തിലും ബോധവത്കരണത്തിലും മുൻ നിരയിലുള്ള സഹപ്രവർത്തകർക്ക് നല്‍കും എന്നും അമരേശ്വരി പറയുന്നു. 

Follow Us:
Download App:
  • android
  • ios