ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിനകത്ത് വച്ച് എന്ത് ചെയ്യണമെന്നറിയാതെ കുടുംബാംഗങ്ങള്‍ പകച്ചു. വിവരമറിഞ്ഞയുടന്‍ തന്നെ അധികൃതര്‍ ട്രെയിന്‍ താനേ സ്റ്റേഷനില്‍ പിടിച്ചിട്ടു. പിന്നെ സ്റ്റേഷനില്‍ ഇരുപത്തിനാല് മണിക്കൂറും പ്രവര്‍ത്തിക്കുന്ന 'ഒരു രൂപാ ക്ലിനിക്കി'ലേക്ക് പൂജയെയും കൊണ്ട് ഓട്ടമായിരുന്നു

ഇരുപതുകാരിയായ പൂജ ചൗഹാന്‍ നിറവയറുമായി കുടുംബാംഗങ്ങള്‍ക്കൊപ്പം മുംബൈയിലേക്കുള്ള യാത്രയിലായിരുന്നു. മുംബൈ എത്താന്‍ അല്‍പസമയം കൂടി ബാക്കിയുള്ളപ്പോഴായിരുന്നു എല്ലാവരെയും ആശങ്കിയിലാക്കിക്കൊണ്ട് പൂജയ്ക്ക് ചെറിയ വേദനയും അവശതയും വന്നത്.

ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിനകത്ത് വച്ച് എന്ത് ചെയ്യണമെന്നറിയാതെ കുടുംബാംഗങ്ങള്‍ പകച്ചു. വിവരമറിഞ്ഞയുടന്‍ തന്നെ അധികൃതര്‍ ട്രെയിന്‍ താനേ സ്റ്റേഷനില്‍ പിടിച്ചിട്ടു. പിന്നെ സ്റ്റേഷനില്‍ ഇരുപത്തിനാല് മണിക്കൂറും പ്രവര്‍ത്തിക്കുന്ന 'ഒരു രൂപാ ക്ലിനിക്കി'ലേക്ക് പൂജയെയും കൊണ്ട് ഓട്ടമായിരുന്നു.

വൈകാതെ ക്ലിനിക്കിലെ ഡോക്ടറുടെയും നഴ്‌സിന്റെയും സഹായത്തോടെ പൂജയ്ക്ക് സുഖപ്രസവം. പെട്ടുപോയെന്ന് ഉറപ്പിച്ച നേരത്ത് കൈത്താങ്ങായ വന്ന റെയില്‍വേ അധികാരികളോട് എങ്ങനെ് നന്ദി പറയണമെന്ന് അറിയില്ലെന്ന് പൂജയും കുടുംബവും വികാരഭരിതരാകുമ്പോള്‍ നന്ദി പറയേണ്ടത് തങ്ങളോടല്ല, നിയമത്തോടാണെന്നായിരുന്നു അവരുടെ പ്രതികരണം. 

ബോംബെ ഹൈക്കോടതിയുടെ വിധിപ്രകാരമാണ് 2017ല്‍ മഹാരാഷ്ട്രയിലെ പ്രധാനപ്പെട്ട റെയില്‍വേ സ്റ്റേഷനുകളില്‍ ഇരുപത്തിനാല് മണിക്കൂറും പ്രവര്‍ത്തിക്കുന്ന 'ഒരു രൂപാ ക്ലിനിക്ക്' ആരംഭിച്ചത്. യാത്രക്കാര്‍ക്ക് പെട്ടെന്ന് വൈദ്യസഹായം വേണ്ടിവന്നാല്‍ അത് ലഭ്യമാക്കുകയെന്നതായിരുന്നു ഉദ്ദേശം. റെയില്‍ വകുപ്പിനൊപ്പം മുംബൈയിലുള്ള ഒരു മെഡിക്കല്‍ സംരംഭവും ഈ പദ്ധതിക്കൊപ്പം കൈകോര്‍ത്തു. 

താനേ സ്‌റ്റേഷനിലാണെങ്കില്‍ ഈ മാസം തന്നെ ഇത് രണ്ടാമത്തെ പ്രസവമാണ് 'ഒരു രൂപാ ക്ലിനിക്കി'ല്‍ നടക്കുന്നത്. ഇക്കഴിഞ്ഞ 7ന് കുര്‍ളയിലേക്ക് യാത്ര ചെയ്യുകയായിരുന്ന യുവതിയേയും കുഞ്ഞിനെയുമാണ് ബോംബെ ഹൈക്കോടതിയുടെ നിയമം അന്ന് കാത്തത്. എന്തായാലും സാധാരണക്കാര്‍ക്ക് ഉപകാരത്തില്‍പ്പെടുന്ന വിധി പുറപ്പെടുവിച്ച കോടതിക്ക് മഹാരാഷ്ട്രയില്‍ വലിയ അഭിനന്ദനമാണ് ഇതിലൂടെ കിട്ടിക്കൊണ്ടിരിക്കുന്നത്.