Asianet News MalayalamAsianet News Malayalam

വിവാഹവസ്ത്രത്തില്‍ അഭ്യാസപ്രകടനങ്ങളുമായി വധു; വൈറലായി വീഡിയോ

ചടങ്ങിന് ശേഷം, വിവാഹം നടക്കുന്ന ഹാളിന് മുമ്പിലായി തെരുവില്‍ വച്ച് തന്നെയായിരുന്നു നിഷയുടെ പ്രകടനം. പട്ടുപുടവ ഒതുക്കിക്കുത്തി മൂര്‍ച്ചയുള്ള, വളഞ്ഞുനീണ്ട ആയുധം വീശിയും, കമ്പ് ചുഴറ്റിയുമെല്ലാം നിഷ അനായാസം അഭ്യാസപ്രകടനങ്ങള്‍ കാഴ്ച വയ്ക്കുകയായിരുന്നു

woman doing martial arts in wedding dress
Author
Thoothukudi, First Published Jul 2, 2021, 3:06 PM IST

സ്ത്രീകള്‍ കായികമായി കൂടുതല്‍ കരുത്താര്‍ജ്ജിക്കുകയെന്നത് പുതിയ കാലത്തെ സ്ത്രീ ശാക്തീകരണ മുന്നേറ്റങ്ങളുടെ കൂടി ആവശ്യമാണ്. മുന്‍കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി കായികമായ അഭ്യാസമുറകള്‍ പരിശീലിക്കുകയും അത് പകര്‍ന്നുനല്‍കുകയും ചെയ്യുന്ന സ്ത്രീകളുടെ എണ്ണവും ഇപ്പോള്‍ വര്‍ധിച്ചുവരിക തന്നെയാണ്. 

ഈ സന്ദേശം ഉയര്‍ത്തിക്കാട്ടുന്നൊരു വീഡിയോ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. തമിഴ്‌നാട്ടിലെ തൂത്തുക്കുടി സ്വദേശിയായ യുവതി വിവാഹദിവസം, വിവാഹവസ്ത്രത്തില്‍ തന്നെ പരമ്പരാഗത കളരി അഭ്യാസമുറകള്‍ കാണിക്കുന്നതാണ് വീഡിയോ.

തൂത്തുക്കുടിയിലെ തിരുകൊളൂര്‍ ഗ്രാമത്തില്‍ നിന്നുള്ള നിഷ എന്ന ഇരുപത്തിരണ്ടുകാരിയാണ് വിവാഹദിവസത്തില്‍ 'സിലമ്പം' എന്ന് വിളിക്കുന്ന പരമ്പരാഗത കളരി അഭ്യാസമുറകളുമായി ഏവരെയും ഞെട്ടിച്ചത്. പെണ്‍കുട്ടികള്‍ കായികമായി ശക്തരാകേണ്ടതിന്റെ സന്ദേശം ഏവരിലേക്കും എത്തിക്കുക എന്ന ലക്ഷ്യത്തോടെ തന്നെയാണ് താന്‍ ഇത്തരമൊരു പരീക്ഷണത്തിന് മുതിര്‍ന്നതെന്ന് നിഷ പറയുന്നു. 

ചടങ്ങിന് ശേഷം, വിവാഹം നടക്കുന്ന ഹാളിന് മുമ്പിലായി തെരുവില്‍ വച്ച് തന്നെയായിരുന്നു നിഷയുടെ പ്രകടനം. പട്ടുപുടവ ഒതുക്കിക്കുത്തി മൂര്‍ച്ചയുള്ള, വളഞ്ഞുനീണ്ട ആയുധം വീശിയും, കമ്പ് ചുഴറ്റിയുമെല്ലാം നിഷ അനായാസം അഭ്യാസപ്രകടനങ്ങള്‍ കാഴ്ച വയ്ക്കുകയായിരുന്നു. 

'സുരുള്‍ വാള്‍ വീശ്', 'റെട്ടയ് കാമ്പ്', 'അടിമുറൈ' എന്നിങ്ങനെയുള്ള പരമ്പരാഗത മുറകളും നിഷ കാഴ്ച വച്ചു. വരനും അമ്മയുടെ സഹോദരനുമായ രാജ്കുമാര്‍ തന്നെയാണ് നിഷയുടെ ഗുരു. മൂന്ന് വര്‍ഷം മുമ്പാണ് നിഷ രാജ്കുമാറിന്റെ കീഴില്‍ അഭ്യാസമുറകള്‍ പഠിക്കാന്‍ തുടങ്ങിയത്. സാധാരണഗതിയില്‍ ടീഷര്‍ട്ടും ട്രാക്ക് പാന്റ്‌സും ധരിച്ചാണ് പരിശീലനം നടത്താറെന്നും വിവാഹവസ്ത്രത്തില്‍ ചെയ്യുമ്പോള്‍ അതിന്റേതായ പരിമിതികളുണ്ടെന്നും നിഷ പറയുന്നു. 

എങ്കിലും തന്റെ നിശ്ചയദാര്‍ഢ്യം കൈവിടാന്‍ നിഷ തയ്യാറായില്ല. മുഴുവന്‍ പിന്തുണയുമായി രാജ്കുമാറും കൂടെ നിന്നു. ഐഎഎസ് ഉദ്യോഗസ്ഥയായ സുപ്രിയ സാഹു അടക്കം നിരവധി പ്രമുഖരാണ് പിന്നീട് ഈ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത്. അനവധി പേര്‍ നിഷയ്ക്ക് അഭിനന്ദനങ്ങളറിയിച്ചു. നിഷയുടെ ധൈര്യത്തിനും ആര്‍ജ്ജവത്തിനും സമര്‍പ്പണമനോഭാവത്തിനും ആദരം അറിയിച്ചവരും നിരവധി. സ്ത്രീകള്‍ തന്നെയാണ് ഇക്കൂട്ടത്തില്‍ അധികവും ഉള്‍പ്പെടുന്നത് എന്നതും ശ്രദ്ധേയമാണ്. 

വീഡിയോ കാണാം...

 

 

Also Read:- വരന് കണ്ണടയില്ലാതെ പത്രം വായിക്കാനായില്ല; വിവാഹദിവസം ബന്ധം വേണ്ടെന്ന് വച്ച് വധു

Follow Us:
Download App:
  • android
  • ios