Asianet News MalayalamAsianet News Malayalam

മീറ്റിംഗിനിടെ മാനേജര്‍ സ്കെയില്‍ വച്ച് അടിച്ചു; സ്ത്രീക്ക് 90 ലക്ഷം നഷ്ടപരിഹാരം

രണ്ട് മാനേജര്‍മാര്‍ക്കൊപ്പം ഒരു മീറ്റിംഗില്‍ പങ്കെടുക്കുകയായിരുന്നു ഇവര്‍. ഇതിനിടെ ഒരു മാനേജര്‍ ഇവരോട് എഴുന്നേറ്റ് നിന്ന ശേഷം തിരിഞ്ഞുനില്‍ക്കാൻ ആവശ്യപ്പെട്ടു. ഇദ്ദേഹം കയ്യിലിരുന്ന നീളൻ സ്കെയില്‍ ഉപയോഗിച്ച് ഇവരുടെ പിറകില്‍ അടിക്കുകയായിരുന്നുവത്രേ.

woman employee gets 90 lakh payout after her manager slapped her at office
Author
First Published Dec 17, 2022, 1:39 PM IST

എത്ര പുരോഗമിച്ചുവെന്ന് പറയുമ്പോഴും ഇന്നും നമ്മുടെ സമൂഹത്തില്‍ സ്ത്രീകള്‍ പലവിധത്തിലുമുള്ള ചൂഷണങ്ങളും പീഡനങ്ങളും നേരിടുന്നുവെന്നതാണ് സത്യം. പൊതുവിടങ്ങളിലോ വീട്ടകങ്ങളിലോ മാത്രമല്ല, ജോലിസ്ഥലങ്ങളിലും സ്ത്രീകള്‍ വ്യാപകമായി മോശമായി കൈകാര്യം ചെയ്യപ്പെടുന്നുണ്ട്. 

ഇത് തെളിയിക്കുന്നൊരു സംഭവമാണ് ഇന്ന് നോര്‍ത്തേണ്‍ അയര്‍ലൻഡില്‍ നിന്ന് പുറത്തുവന്നിരിക്കുന്നത്. ജോലിസ്ഥലത്ത് വച്ച് മാനേജര്‍ തല്ലിയെന്ന പരാതിയില്‍ സത്രീക്ക് 90 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കിയെന്നതാണ് വാര്‍ത്ത.

ഇത്രയും കനത്ത തുക നഷ്ടപരിഹാരമായി നല്‍കാൻ എന്താണ് സംഭവിച്ചിട്ടുണ്ടാവുകയെന്ന് ചിലെരങ്കിലും ചിന്തിച്ചുകാണും. ശാരീരികമായ മര്‍ദ്ദനം എന്നതിലുപരി ലൈംഗികമായ മര്‍ദ്ദനമായും സ്ത്രീ എന്ന നിലയിലുള്ള സ്വത്വത്തെ അപമാനിക്കുന്ന പെരുമാറ്റമായും കണക്കാക്കാവുന്ന സംഭവമാണിത്. 

രണ്ട് മാനേജര്‍മാര്‍ക്കൊപ്പം ഒരു മീറ്റിംഗില്‍ പങ്കെടുക്കുകയായിരുന്നു ഇവര്‍. ഇതിനിടെ ഒരു മാനേജര്‍ ഇവരോട് എഴുന്നേറ്റ് നിന്ന ശേഷം തിരിഞ്ഞുനില്‍ക്കാൻ ആവശ്യപ്പെട്ടു. ഇദ്ദേഹം കയ്യിലിരുന്ന നീളൻ സ്കെയില്‍ ഉപയോഗിച്ച് ഇവരുടെ പിറകില്‍ അടിക്കുകയായിരുന്നുവത്രേ.

ഇങ്ങനെ ചെയ്യുന്നത് ശരിയാണോ, ഇത് ഈ ഓഫീസില്‍ അനുവദിക്കപ്പെടുന്നതാണോ എന്ന് യുവതി അടുത്തുള്ള മാനേജരോട് ചോദിച്ചെങ്കിലും അവരത് തമാശയായി എടുക്കുകയായിരുന്നുവെന്നും യുവതി മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരിക്കുന്നു. ശേഷം മറ്റ് തൊഴിലാളികള്‍ കൂടി മീറ്റിംഗിന് എത്തിയപ്പോള്‍ രണ്ട് മാനേജര്‍മാരും ചേര്‍ന്ന് ഇതൊരു തമാശക്കഥയാക്കി അവതരിപ്പിച്ചതായും ഇവര്‍ പറയുന്നു. 

സംഭവം നടന്ന് ആദ്യമൊന്നും ഇക്കാര്യത്തെ കുറിച്ച് ഇവര്‍ ആരോടും പറഞ്ഞില്ല. തനിക്ക് ഇതെക്കുറിച്ച് ആരോടെങ്കിലും പറയാൻ പോലും കഴിയുമായിരുന്നില്ലാത്ത വിധം മാനസികമായി തകര്‍ന്നിരുന്നുവെന്നാണ് യുവതി പറയുന്നത്. ശേഷമാണ് അമ്മയോടും ആണ്‍സുഹൃത്തിനോടും ഇക്കാര്യം പറയുന്നത്. ഇതോടെ നിയമപരമായി മുന്നോട്ടുനീങ്ങാൻ അവര്‍ ധൈര്യം നല്‍കി. 

അങ്ങനെ പരാതിയുമായി രംഗത്തെത്തിയപ്പോള്‍ പോലും മാനേജര്‍മാര്‍ നല്‍കിയ മറുപടി തന്നെ അപമാനിക്കുന്നത് തന്നെയായിരുന്നു യുവതി പറയുന്നു. പ്രകോപനപരമായ രീതിയില്‍ വസ്ത്രം ധരിച്ചതിനെ തുടര്‍ന്നാണ് തങ്ങള്‍ അത്തരത്തില്‍ പെരുമാറിയതെന്നായിരുന്നു മാനേജര്‍മാര്‍ നല്‍കിയ മറുപടിയത്രേ.

ഇതുകൂടി ചേര്‍ത്താണിപ്പോള്‍ യുവതിക്ക് 90 ലക്ഷം രൂപ  നഷ്ടപരിഹാരമായി നല്‍കാൻ തീരുമാനം വന്നിരിക്കുന്നത്. സ്ത്രീയോട് അപമര്യാദയായി പെരുമാറിയ മാനേജര്‍ തുടര്‍ന്ന് കമ്പനിയില്‍ നിന്ന് ജോലി രാജി വച്ചു. യുവതിയും ജോലി രാജി വച്ചു. ഇത്തരത്തില്‍ വനിതാ ജീവനക്കാരോട് ഇവരുടെ മുകളില്‍ അധികാരത്തിലുള്ളവര്‍ പെരുമാറരുതെന്നും അതിനാലാണ് തന്‍റെ അനുഭവം പരസ്യപ്പെടുത്തുകയും നിയമപരമായി മുന്നോട്ട് പോവുകയും ചെയ്തതെന്നും സ്ത്രീ പറയുന്നു.

Follow Us:
Download App:
  • android
  • ios