പൂര്‍ണ്ണഗര്‍ഭിണിയായ യുവതി മണിക്കൂറുകളാണ് ക്യൂവില്‍ നിന്നതെന്ന് കൂടെയുണ്ടായിരുന്നവര്‍ പറയുന്നു. ഏറെ നേരം നിന്നതിനെ തുടര്‍ന്ന് യുവതി അവശയുമായിരുന്നു. ഇതിനിടെയാണ് പ്രസവവേദന വന്നത്

നിരവധി വിവാദങ്ങള്‍ ഉയര്‍ത്തിയ അസമിലെ പുതിയ പൗരത്വപ്പട്ടികയാണ് ഈ സംഭവത്തിലെയും വില്ലന്‍. ബംഗ്ലാദേശില്‍ നിന്നുള്ള കുടിയേറ്റമാണ് അസമില്‍ പൗരത്വപ്പട്ടിക പുതുക്കാനായി സര്‍ക്കാരിനെ പ്രേരിപ്പിച്ചത്. അങ്ങനെ കഴിഞ്ഞ ജൂലൈയിലാണ് പൗരത്വപ്പട്ടിക പുതുക്കിയത്. എന്നാല്‍ പുതിയ പട്ടിക വന്നപ്പോള്‍ 40 ലക്ഷം പേര്‍ പൗരത്വമില്ലാത്തവരായി പുറത്തായി. 

ഇങ്ങനെ പുറത്താക്കപ്പെട്ടവരില്‍ മഹാഭൂരിഭാഗം പേരും വീണ്ടും പൗരത്വത്തിനായി അപേക്ഷ നല്‍കിയിരുന്നു. ഇതിന്റെ വെരിഫിക്കേഷനായി സൗത്ത് സല്‍മാരയിലെ സേവാ കേന്ദ്രയിലെത്തിയ യുവതിക്കാണ് ക്യൂവില്‍ നിന്ന് പ്രസവിക്കേണ്ടി വന്നിരിക്കുന്നത്. 

പൂര്‍ണ്ണഗര്‍ഭിണിയായ യുവതി മണിക്കൂറുകളാണ് ക്യൂവില്‍ നിന്നതെന്ന് കൂടെയുണ്ടായിരുന്നവര്‍ പറയുന്നു. ഏറെ നേരം നിന്നതിനെ തുടര്‍ന്ന് യുവതി അവശയുമായിരുന്നു. ഇതിനിടെയാണ് പ്രസവവേദന വന്നത്. എങ്ങോട്ടെങ്കിലും യുവതിയെ മാറ്റാനുള്ള സാവകാശം ലഭിച്ചില്ലെന്നും, കൂടെ ക്യൂവിലുണ്ടായിരുന്ന സ്ത്രീകള്‍ സഹായിച്ചതോടെയാണ് അപകടമൊന്നും കൂടാതെ പ്രസവം നടന്നതെന്നും ദൃക്‌സാക്ഷികള്‍ പറയുന്നു. 

പ്രസവം അടുത്തിരിക്കുന്ന യുവതിയെ നീണ്ട നേരം നിര്‍ത്തിയത് ശരിയായ നടപടിയല്ലെന്നും, അവശനിലയിലായ യുവതിക്ക് പ്രസവസമയത്ത് ജീവന് പോലും ഭീഷണി ഉണായേക്കാമായിരുന്നു എന്നുമാണ് ഡോക്ടര്‍മാര്‍ അഭിപ്രായപ്പെടുന്നത്. നിലവില്‍ അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യനില തൃപ്തികരമാണെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.