യുഎസിലെ ടെക്സസ് സ്വദേശി കയറ്റ്ലിന്‍ കൊണര്‍ എന്ന 29കാരി ഒരു വാഹനാപകടത്തിന് ശേഷമാണ് അറിഞ്ഞത് താന്‍ നാല് ആഴ്ച ഗര്‍ഭിണിയാണെന്ന്. കാലിന് വലിയൊരു സര്‍ജറി വേണമെന്ന് ഡോക്ടര്‍ പറഞ്ഞു. എന്നാല്‍ അത് വയറ്റില്‍ വളരുന്ന കുഞ്ഞിന്‍റെ ജീവന് അപകടമാണെന്ന് കേട്ടപ്പോള്‍ കയറ്റ്ലിന്‍ ആ തീരുമാനം എടുക്കുകയായിരുന്നു. അങ്ങനെ കയറ്റ്ലിന്‍റെ കാല് ഡോക്ടര്‍മാര്‍ മുറിച്ചുമാറ്റി. ഒട്ടും പ്രതീക്ഷിക്കാതെ കിട്ടിയ തന്‍റെ കുഞ്ഞിന്‍റെ ജീവനുവേണ്ടിയാണ് കാല് മുറിച്ചുമാറ്റാനുളള തീരുമാനമെടുത്തത്. 

2014 ജൂണ്‍ 12ന് കാമുകനുമായിന് ബൈക്ക് റൈഡിന് പോകുന്നതിനിടെയാണ് അപകടം ഉണ്ടായത്. കാമുകന് കാര്യമായി ഒന്നും പറ്റിയില്ല. കുഞ്ഞ് വരുന്നതിന് മുമ്പ് തന്നെ കൃത്രിമ കാല് വെച്ച് നടക്കാനും കയറ്റ്ലിന്‍ പഠിച്ചു. പാര സൈക്ക്ളിങ് , നീന്തല്‍ എന്നിവയൊക്കെ ഇഷ്ടമുളള കയറ്റ്ലിന്‍ അതൊന്നും വേണ്ടയെന്നും വെച്ചില്ല.  

അപകടദിവസത്തെ കുറിച്ചും കയറ്റ്ലിന്‍ ഓര്‍ത്തുപറഞ്ഞു. 'അന്ന് നല്ലൊരു കാലാവസ്ഥയുളള വൈകുന്നേരമായിരുന്നു. ഞാനും ജെയ്ലോണും കൂടി ബൈക്ക് റൈഡിന് ഇറങ്ങി. റോഡില്‍ ഒരു യുവതി ബൈക്ക് ഓടിക്കുന്നതിനിടെ ഫോണില്‍ ടെക്സ്റ്റ് ചെയ്തുവന്ന് ഞങ്ങളെ ഇടിക്കുകയായിരുന്നു'- കയറ്റ്ലിന്‍ പറയുന്നു. 

ആറ് ശസ്ത്രക്രിയയ്ക്ക് ശേഷമാണ് കാല് മുറിച്ചുമാറ്റാന്‍ തീരുമാനിക്കുന്നത്. അതും കുഞ്ഞിനെ രക്ഷിക്കാനെന്നും അവര്‍ പറയുന്നു. 'ഞാന്‍ ആ സമയങ്ങളില്‍ എന്‍റെ സ്ട്രെസ് പരമാവധി നിയന്ത്രിക്കാന്‍ ശ്രമിച്ചു, കുഞ്ഞിനെ അത് ബാധിക്കാന്‍ പാടില്ലല്ലോ. 2015 ഫ്രെബുവരി 13ന് മകള്‍ ജനിച്ചു. മകള്‍ക്ക് ഇപ്പോള്‍ നാല് വയസ്സായി'- കയറ്റ്ലിന്‍ പറഞ്ഞു. 

'മകളോടൊപ്പം ഓടി ചാടി നടക്കാന്‍ ഞാന്‍ ആഗ്രഹിച്ചു. ഒരുപാട് ഫിസിയോതെറാപ്പികള്‍ ചെയ്തു. ഇപ്പോള്‍ പാരാസൈക്ക്ളിങും ഞാന്‍ ചെയ്യും, നീന്തും'- കയറ്റ്ലിന്‍ പറഞ്ഞവസാനിപ്പിച്ചു.