കെയ്റ്റ്‌ലിന്‍ കോണര്‍ എന്ന 29കാരി ​ഗർഭപാത്രത്തിൽ വളരുന്ന കുഞ്ഞിന് വേണ്ടി സ്വന്തം കാൽ മുറിച്ച് മാറ്റി. 2014 ജൂണ്‍ 12ന് കാമുകനുമായി ഒരു ബൈക്ക് റൈഡിന് പോകുമ്പോൾ, ഒരു കാർ ഇവരുടെ വാഹനത്തെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ അപകടം ഉണ്ടാകുകയായിരുന്നു. അപകടത്തിൽ കാമുകന് ഒന്നും പറ്റിയില്ലെങ്കിലും കെയ്റ്റലിന്റെ ഇടത് കാലിന് ​ഗുരുതരമായി പരിക്കുകൾ സംഭവിച്ചിരുന്നു. 

അപകടത്തില്‍ സംഭവിച്ച പരിക്കുകള്‍ കണ്ടെത്താനായി വിദഗ്ധ പരിശോധന നടത്തിയപ്പോള്‍ മാത്രമാണ് താന്‍ ഗര്‍ഭിണിയാണെന്ന വിവരം കെയ്റ്റിലിന്‍ അറിയുന്നത്. അപകടം സംഭവിച്ച കാല്‍ പൂര്‍വസ്ഥിതിയിലാക്കാന്‍ നിരവധി ശസ്ത്രക്രിയകള്‍ ചെയ്തുവെങ്കിലും ഒന്നും ഫലം കണ്ടില്ല. മാത്രമല്ല ഗര്‍ഭിണിയായതിനാല്‍ മരുന്നുകളൊന്നും തന്നെ ഉപയോഗിക്കാൻ സാധിക്കുമായിരുന്നില്ല.

 ഗര്‍ഭഛിദ്രമോ അല്ലെങ്കിൽ കാലുകള്‍ നീക്കം ചെയ്യലോ മാത്രമാണ് പരിഹാരമെന്ന് ഡോക്ടർമാർ കെയ്റ്റ്‌ലിനോട് പറഞ്ഞു. ഒടുവിൽ കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാനായി അപകടം സംഭവിച്ച കാല്‍ മുട്ടിനു താഴെ വച്ച് നീക്കം ചെയ്യാൻ കെയ്റ്റിലിന്‍ തീരുമാനിക്കുകയായിരുന്നു. കുഞ്ഞിനെ ബാധിക്കാതിരിക്കാൻ, ആ സമയങ്ങളില്‍ സ്ട്രെസ് പരമാവധി നിയന്ത്രിക്കാന്‍ താൻ ശ്രമിച്ചെന്ന് കെയ്റ്റിലിന്‍ പറഞ്ഞു. 2015 ഫ്രെബുവരി 13ന്  കെയ്റ്റ്‌ലിന്‍ ഒരു പെൺകുഞ്ഞിനു ജൻമം നൽകി.

കാലു നീക്കം ചെയ്ത ശേഷം വൈകാതെ കെയ്റ്റിലിന്‍ കൃത്രിമ കാലുകള്‍ വച്ചുപിടിപ്പിച്ചു. കുഞ്ഞ് ജനിക്കുന്നതിനു മുന്നേതന്നെ കൃത്രിമ കാലിൽ നടക്കാനും കെയ്റ്റ്‌ലിന്‍ പഠിച്ചിരുന്നു. കൂടാതെ തന്റെ ഇഷ്ടങ്ങളായ പാര സൈക്‌ളിങ്, നീന്തല്‍ എന്നിവയും പരിശീലിച്ചു. കെയ്റ്റ്‌ലിന്‍ ഇപ്പോള്‍ പാരാസൈക്‌ളിങ് ചെയ്യുന്നുമുണ്ട്.

ക്യത്യമായി വ്യായാമം ചെയ്തും ഭക്ഷണം നിയന്ത്രിച്ചുമാണ് ആരോഗ്യം സംരക്ഷിക്കുന്നതെന്ന് കെയ്റ്റിലിന്‍ പറഞ്ഞു. എന്ത് പ്രശ്നം വന്നാലും തളരാതെ പോസിറ്റീവായി കാണാനാണ് ശ്രമിക്കേണ്ടതെന്നും അവർ പറഞ്ഞു.