കാഴ്ചയില്‍ ബാര്‍ബി ഡോളിനെ പോലെ തോന്നിക്കുന്നതിനായി പല കോസ്മെറ്റിക് സര്‍ജറികള്‍ക്കുമായി 82 ലക്ഷം രൂപ ചിലവിട്ടൊരു യുവതിയുണ്ട്. കേള്‍ക്കുമ്പോള്‍ തീര്‍ച്ചയായും അത്ഭുതമോ അവിശ്വസനീയതയോ എല്ലാം തോന്നാം

സ്വാഭാവികമായി ഒരു വ്യക്തിക്കുള്ള സൗന്ദര്യം, അല്ലെങ്കില്‍ ശാരീരിക സവിശേഷതകള്‍ മാറ്റി- അവര്‍ ആഗ്രഹിക്കുന്ന രീതിയിലേക്ക് എത്തിക്കാൻതക്ക ശേഷിയുള്ള ചികിത്സാരീതികള്‍ ഇന്ന് വ്യാപകമായി കൊണ്ടിരിക്കുകയാണ്. കോസ്മെറ്റിക് സര്‍ജറികളെ കുറിച്ച് കേട്ടിട്ടില്ലേ? ഇത്തരത്തിലുള്ള സര്‍ജറികളില്‍ അധികവും ചെയ്യുന്നത് സെലിബ്രിറ്റികളാണ്. 

മെഡിക്കല്‍ ആവശ്യങ്ങളെക്കാളും സൗന്ദര്യത്തെ മുൻനിര്‍ത്തിക്കൊണ്ടാണ് കോസ്മെറ്റിക് സര്‍ജറികള്‍ ഏറെയും നടക്കുന്നത് എന്നത് ഇതിലൂടെ തന്നെ വ്യക്തമാകും. അതേസമയം കോസ്മെറ്റിക് സര്‍ജറികള്‍ക്ക് എപ്പോഴും അതിന്‍റെ 'റിസ്ക്'ഉം ഉണ്ട്. അത് ഏത് തരത്തിലുള്ള കോസ്മെറ്റിക് സര്‍ജറികള്‍ക്ക് ആണെങ്കിലും. 

ഈ റിസ്കുകളെല്ലാം ഏറ്റെടുത്ത് കൊണ്ട് പലവട്ടം കോസ്മെറ്റിക് സര്‍ജറിക്ക് വിധേയരാകുന്നവരുമുണ്ട്. ഇത്തരത്തില്‍ കാഴ്ചയില്‍ ബാര്‍ബി ഡോളിനെ പോലെ തോന്നിക്കുന്നതിനായി പല കോസ്മെറ്റിക് സര്‍ജറികള്‍ക്കുമായി 82 ലക്ഷം രൂപ ചിലവിട്ടൊരു യുവതിയുണ്ട്.

കേള്‍ക്കുമ്പോള്‍ തീര്‍ച്ചയായും അത്ഭുതമോ അവിശ്വസനീയതയോ എല്ലാം തോന്നാം. പക്ഷേ സംഗതി സത്യമാണ്. ഓസ്ട്രേലിയയിലെ ക്വീൻസ്‍ലാൻഡ് സ്വദേശിയായ ജാസ്മിൻ ഫോറസ്റ്റ് എന്ന ഇരുപത്തിയഞ്ചുകാരിയാണ് ഇത്രയും വലിയൊരു സാഹസത്തിന് മുതിര്‍ന്നത്. 

മുഖത്തും ശരീരത്തിന്‍റെ പല ഭാഗങ്ങളിലുമായാണ് ഇവര്‍ കോസ്മെറ്റിക് ശസ്ത്രക്രിയകള്‍ നടത്തിയിരിക്കുന്നത്. മൂക്ക്, ചുണ്ട്, നെറ്റി, മാറിടം എല്ലാം ഇതിലുള്‍പ്പെടും. പതിനെട്ട് വയസുള്ളപ്പോഴായിരുന്നുവത്രേ ആദ്യ ശസ്ത്രക്രിയ. ഓരോ ശസ്ത്രക്രിയയെ കുറിച്ചും നല്ലതുപോലെ മനസിലാക്കിയ ശേഷമാണ് ഇതിലേക്ക് ഇറങ്ങിയതെന്നും ശസ്ത്രക്രിയയിലൂടെ നേടുന്ന ഓരോ മാറ്റങ്ങള്‍ക്കും സ്ത്രീ-പുരുഷ ഭേദമെന്യേ പോസിറ്റീവായ പ്രതികരണങ്ങളാണ് ലഭിക്കാറുള്ളതെന്നും ജാസ്മിൻ പറയുന്നു. 

ദിവസത്തില്‍ കുറഞ്ഞത് രണ്ട് തവണയെങ്കിലും സ്വന്തം ശരീരം കണ്ണാടിയിലൂടെ നോക്കാറുണ്ടെന്നും, ഇത് ശരീരത്തെ കുറിച്ച് ആത്മവിശ്വാസമുണ്ടാകാൻ സഹായിക്കുന്ന ശീലമാണെന്നും ഇവര്‍ തന്‍റെ അനുഭവം മുൻനിര്‍ത്തി പറയുന്നു. സൗന്ദര്യത്തിന് വേണ്ടി എത്ര പണം ചെലവിട്ടാലും അതൊന്നും നഷ്ടമായി കണക്കാക്കേണ്ടതില്ല എന്നാണിവരുടെ വാദം. കാണാൻ 'ഹോട്ട്' ആണെങ്കില്‍ ഏത് സ്ഥലത്തും, ഏത് സാഹചര്യത്തിലും അവസരം ലഭിക്കുമെന്നാണ് ഇവര്‍ പറയുന്നത്. അതിനാല്‍ തന്നെ താൻ സന്തോഷവതിയാണെന്നും ജാസ്മിൻ പറയുന്നു. 

കൗമാരകാലത്ത് തന്നെ ഇത്തരത്തിലുള്ള ശസ്ത്രക്രിയകളെ കുറിച്ച് മനസിലാക്കുകയും അവ ചെയ്യണമെന്ന് ആഗ്രഹിക്കുകയും തീരുമാനിക്കുകയും ചെയ്തിരുന്നുവെന്നും ജാസ്മിൻ ഏവരുമായും പങ്കുവയ്ക്കുന്നു. ഇപ്പോള്‍ തന്നെക്കുറിച്ച് പുറംലോകത്തോട് ഇത്രയും തുറന്ന് പങ്കുവച്ചതോടെ ജാസ്മിൻ വാര്‍ത്തകളില്‍ ഇടം നേടിയിരിക്കുകയാണ്. ഒരു വിഭാഗം പേര്‍ ഇവരെ പിന്തുണയ്ക്കുമ്പോള്‍ മറുവിഭാഗം ഇവരെ വിമര്‍ശിക്കുന്നുമുണ്ട്. ഇത്രയധികം പണം ചിലവിട്ടതിനെ കുറിച്ച് തന്നെയാണ് അധികപേരും ചോദിക്കുന്നത്. കോസ്മെറ്റിക് സര്‍ജറികളുടെ റിസ്കിനെ കുറിച്ച് ആശങ്കപ്പെടുന്നവരെയും ഇക്കൂട്ടത്തില്‍ കാണാം.

View post on Instagram

Also Read:- 'മറ്റുള്ളവര്‍ വിചാരിക്കുന്ന വസ്ത്രമല്ല ഞാൻ അണിയുക': സണ്ണി ലിയോൺ...

Asianet News Live | Malayalam Live News |ഏഷ്യാനെറ്റ് ന്യൂസ് ലൈവ് |Kerala Live TV News