പ്രായമാകും തോറും സ്വന്തം ശരീരത്തിലുള്ള ആത്മവിശ്വാസം നമുക്ക് നഷ്ടപ്പെട്ടേക്കാം. പലപ്പോഴും സമൂഹം തയ്യാറാക്കിവച്ചിരിക്കുന്ന സങ്കല്‍പങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രായമായവര്‍ ഇത്തരത്തില്‍ ആത്മവിശ്വാസക്കുറവ് നേരിടുന്നത്. അമ്പത് വയസ് കടന്നാല്‍, വൃദ്ധയോ വൃദ്ധനോ ആയി എന്നതാണ് പൊതുവില്‍ നമ്മുടെ സമൂഹത്തിനുള്ള കാഴ്ചപ്പാട്.

ലൗകികമായ ജീവിതത്തില്‍ നിന്ന് വിരമിച്ച് ആത്മീയതയിലും പ്രാര്‍ത്ഥനയിലുമെല്ലാം ശ്രദ്ധ കേന്ദ്രീകരിച്ച് ജീവിക്കാനാണ് പ്രായമായവരോട് മിക്കപ്പോഴും മറ്റുള്ളവര്‍ പറയാറ്. യഥാര്‍ത്ഥത്തില്‍ ഓരോരുത്തരുടേയും അഭിരുചിക്ക് അനുസരിച്ചല്ലേ അവര്‍ അവരുടെ വാര്‍ധക്യം ചിലവിടേണ്ടത്! മറിച്ച്, മറ്റുള്ളവരുടെ ഇഷ്ടാനുസരണമാണോ അതിനെ ചിട്ടപ്പെടുത്തേണ്ടത്?

ഈ ചോദ്യങ്ങള്‍ ചോദിക്കുന്നത് അമ്പത്തിയാറാം വയസില്‍ 'സ്വിം സ്യൂട്ട്' മോഡലായി ആഗോളതലത്തില്‍ തന്നെ ഫാഷന്‍ ലോകത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റുന്ന കാലിഫോര്‍ണിയക്കാരി കാത്തി ജേക്കബ്‌സ് ആണ്. വര്‍ഷങ്ങളായി കാത്തി, ഫാഷന്‍ രംഗത്ത് തുടരുന്നു. പലപ്പോഴും അവസരങ്ങള്‍ നിഷേധിക്കപ്പെട്ടു. എങ്കിലും തളരാതെ പിടിച്ചുനിന്നു. 

 

 

കാരണം, പ്രായം എന്നത് ഒരു 'നമ്പര്‍' മാത്രമാണെന്നും ജീവിതം കൊണ്ടും സ്വപ്നങ്ങള്‍ കൊണ്ടും ആ നമ്പറിനെ നിസാരമായി തള്ളിക്കളയാമെന്നും അവര്‍ക്ക് തെളിയിക്കണമായിരുന്നു. മോഡലായ മകളുള്‍പ്പെടെയുള്ള കുടുംബാംഗങ്ങളും കാത്തിക്കൊപ്പം നിന്നു. 

ഇപ്പോഴിതാ അമേരിക്കയിലെ പ്രമുഖ സ്‌പോര്‍ട്‌സ് മാഗസിനായ 'സ്‌പോര്‍ട്‌സ് ഇല്ലസ്‌ട്രേറ്റഡി'ന്റെ '2020 സ്വിം സ്യൂട്ട് സ്‌പെഷ്യല്‍ ഇഷ്യൂ'വില്‍ ഒരു മോഡലായി തെരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ് കാത്തി. നിരവധി മോഡലുകള്‍ പല റൗണ്ടുകളിലായി മത്സരിച്ചിടത്ത് നിന്നുമാണ് അവസാന ആറ് മോഡലുകളിലൊരാളായി കാത്തി തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. 

 

 

'സ്‌പോര്‍ട്‌സ് ഇല്ലസ്‌ട്രേറ്റഡിനോടാണ് ആദ്യം നന്ദി അറിയിക്കാനുള്ളത്. എന്നെപ്പോലെ ഒരാള്‍ക്ക് അവസരം നല്‍കാന്‍ അവര്‍ തയ്യാറായല്ലോ, സ്‌പോര്‍ട്‌സ് ഇല്ലസ്‌ട്രേറ്റഡ് എപ്പോഴും സ്വയം പുതുക്കാന്‍ ശ്രമിക്കാറുണ്ട്. നിലനില്‍ക്കുന്ന സൗന്ദര്യ സങ്കല്‍പങ്ങളെ പൊളിച്ചുപണിയാനും ഈ പുതുക്കല്‍ കാരണമാകാറുണ്ട്. നമ്മളില്‍ പലരും അമ്പത് കടക്കുമ്പോള്‍ വലിയ തോതില്‍ ആശങ്കകളിലേക്ക് എടുത്തെറിയപ്പെടാറുണ്ട്. പ്രായമായി എന്ന ഭയം. പക്ഷേ എന്നെ നോക്കൂ, എനിക്ക് അമ്പത്തിയാറ് വയസായി, ഇപ്പോള്‍ ഇങ്ങനെയെല്ലാം എനിക്ക് ചെയ്യാമെങ്കില്‍ നിങ്ങള്‍ക്കും സാധ്യതകളേറെയാണ്. അതുകൊണ്ട് ഒരിക്കലും പ്രായത്തെ ചൊല്ലി വേവലാതിപ്പെടരുത്...'- നേട്ടത്തിന്റെ സന്തോഷം പങ്കുവച്ചുകൊണ്ട് കാത്തി പറഞ്ഞു. 

 

 

മുമ്പ് അറുപത്തിമൂന്നുകാരിയായ മോഡലിനേയും 'സ്‌പോര്‍ട്‌സ് ഇല്ലസ്‌ട്രേറ്റഡ്' അവരുടെ 'സ്വിം സ്യൂട്ട് സ്‌പെഷ്യല്‍ ഇഷ്യൂ'വിലേക്ക് തെരഞ്ഞെടുത്തിട്ടുണ്ട്. പ്ലസ് സൈസ് മോഡലുകള്‍ക്കും ബുര്‍ക്കിനി ധരിക്കുന്നവര്‍ക്കുമെല്ലാം മാഗസിന്‍ അവസരങ്ങള്‍ നല്‍കാറുണ്ട്. ഇത്തരത്തില്‍ സൗന്ദര്യ സങ്കല്‍പങ്ങളെ അട്ടിമറിക്കുന്ന വിപ്ലവകരമായ ഇടപെടലുകള്‍ കൊണ്ട് തന്നെയാണ് വലിയൊരു പരിധി വരെ 'സ്‌പോര്‍ട്‌സ് ഇല്ലസ്‌ട്രേറ്റഡ്' ശ്രദ്ധിക്കപ്പെടാറും. 

 

 

പ്രായം അമ്പത്തിയാറ് ആയെങ്കിലും കാത്തിയുടെ ശരീരത്തിന് ഒരിക്കലും കാഴ്ചയില്‍ അത്രയും പ്രായം പറയില്ലെന്നതും ഇക്കൂട്ടത്തില്‍ ശ്രദ്ധേയമാണ്. ഡയറ്റും, കൃത്യമായ വ്യായാമവുമെല്ലാം പിന്തുടരുന്ന തന്റെ ആരോഗ്യ രഹസ്യം പക്ഷേ മനസിന്റെ സന്തോഷം തന്നെയാണെന്ന് കാത്തിയും സാക്ഷ്യപ്പെടുത്തുന്നു.

Also Read:- 'സ്വിം സ്യൂട്ട്' ധരിച്ചതിന് വിമര്‍ശം; കൂടുതല്‍ ചിത്രങ്ങള്‍ പങ്കുവച്ച് ഗായിക...