ഒരുനിമിഷം, ഹൃദയത്തിലേക്ക് തുളഞ്ഞുകയറിവരുന്ന ആ ശബ്ദമാധുര്യം. എഴുപതുകളെ പ്രണയാര്‍ദ്രമാക്കിയ ലതാ മങ്കേഷ്‌കറിന്റെ 'എക് പ്യാര്‍ കെ നഗ്മാ...' എന്ന ഗാനം ബംഗാളിലെ റാണാഘട്ട് റെയില്‍വേ സ്റ്റേഷനിലെ ജീവനക്കാരി പാടുകയാണ്. 

ലതാ മങ്കേഷ്‌കര്‍ തന്റെ ശബ്ദം കൊണ്ട് തീര്‍ത്ത മാസ്മരികതയെ പിന്നെയും ഓര്‍മ്മിപ്പിക്കുന്നു ഇവരുടെ പാട്ട്. കാഴ്ചയില്‍ മുഷിഞ്ഞ വസ്ത്രം. ജീവിതപ്രാരാബ്ധങ്ങള്‍ ചുമന്നോ മറ്റോ, വല്ലാതെ മങ്ങിപ്പോയ മുഖം. 

പക്ഷേ പാട്ട് പാടുമ്പോള്‍ അവര്‍ ആരെക്കാളും സുന്ദരിയും പ്രൗഢിയുമുള്ള സ്ത്രീയായി മാറുന്നു. പതിനായിരക്കണക്കിന് പേരാണ് ഈ വീഡിയോ ഫേസ്ബുക്കില്‍ മാത്രം കണ്ടുതീര്‍ത്തത്. നൂറ് കണക്കിന് പേര്‍ ഷെയര്‍ ചെയ്തു. മനസ് കീഴടക്കുന്ന ശബ്ദമെന്ന അടിക്കുറിപ്പോടെയാണ് പലരും ഇവരുടെ പാട്ട് പങ്കുവച്ചത്. 

ഏതെങ്കിലും സംഗീതസംവിധായകര്‍ ഇവരെ തേടിയെത്തണമെന്നും, ഇവര്‍ക്ക് പാടാന്‍ അവസരം നല്‍കണമെന്നും പലരും ആവശ്യപ്പെട്ടു. 'Barpeta Town The place of peace' എന്ന ഫെയ്‌സ്ബുക്ക് പേജിലാണ് വീഡിയോ ആദ്യമായി പ്രത്യക്ഷപ്പെട്ടത്. 

റാണാഘട്ട് റെയില്‍വേ സ്റ്റേഷനിലെ ജീവനക്കാരിയാണ് എന്നതില്‍ കൂടുതല്‍ വിശദാംശങ്ങളൊന്നും ഇവരെ പറ്റി അറിവായിട്ടില്ല. താന്‍ സോഷ്യല്‍ മീഡിയയില്‍ ഒരു താരമായെന്ന് പോലും ഒരുപക്ഷേ ഇവര്‍ അറിഞ്ഞ് കാണില്ലെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. 

വീഡിയോ കാണാം...