വീട്ടുജോലി അത്ര എളുപ്പമല്ലെന്ന് തുറന്ന് പറയുകയാണ് മിസ് പോട്കിന്‍ എന്ന വീട്ടമ്മ. വീട്ടിൽ സ്ഥിരമായി ചെയ്ത് കൊണ്ടിരുന്ന വൃത്തിയാക്കല്‍, അലക്കല്‍, ഭക്ഷണം പാകം ചെയ്യുക, വീട് വൃത്തിയോടെ കൊണ്ട് പോവുക ഈ ജോലികളെല്ലാം മൂന്ന് ദിവസത്തേയ്ക്ക് ചെയ്യില്ലെന്ന് പോട്കിൻ തീരുമാനിക്കുകയായിരുന്നു. ചെയ്തു കൊണ്ടിരുന്ന ജോലികളെല്ലാം നിർത്തിവച്ചപ്പോൾ വീട്ടിൽ പിന്നീട് എന്താണ് സംഭവിച്ചതെന്നതിനെ കുറിച്ച് പോട്കിന്‍ ട്വിറ്ററില്‍ പങ്കുവച്ചു.

മൂന്ന് ദിവസം ഒരു ജോലിയും ചെയ്യില്ല, ആരാണ് ആദ്യം പരാജയം സമ്മതിക്കുക എന്നു നോക്കട്ടെ എന്നായിരുന്നു പോട്കിന്റെ തീരുമാനം. ആദ്യം തന്നെ പാത്രങ്ങൾ കഴുകില്ലെന്ന് തീരുമാനമെടുത്തു. പിന്നീട് വീട്ടിൽ പാത്രങ്ങൾ കൂടുന്നതാണ് കാണാനായത്. മാത്രമല്ല, സ്പൂണുകളും കപ്പുകളും തികയാതെ വരികയും ചെയ്തുവെന്ന് മിസ് പോട്കിന്‍ പങ്കുവച്ച കുറിപ്പിൽ പറയുന്നു.

സിങ്കില്‍ നിറയെ പാത്രങ്ങളും കഴുകാത്ത കപ്പുകളും സ്പൂണുകളും നിറഞ്ഞ് കിടക്കുന്ന കാഴ്ചയാണ് കാണാനായത്. അലക്കാനിട്ട വസ്ത്രങ്ങള്‍ കൂടി കൂടി വന്നു. മൂന്നാം ദിവസം ഭര്‍ത്താവ് പാത്രങ്ങളെല്ലാം ഡിഷ് വാഷറില്‍ ഇടുന്നുണ്ടെങ്കിലും അതിന്റെ സ്വിച്ച് ഓണ്‍ ആക്കാന്‍ പോലും ശ്രമിക്കുന്നില്ല. എന്നാല്‍ വൈകുന്നേരമായപ്പോള്‍ കപ്പുകളോ സ്പൂണുകളോ വെറെ ഇല്ലാത്തതിനാൽ അയാൾ തന്നെ അത്  കഴുകി വയ്ക്കുന്നതും പോട്കിന്‍ പങ്കുവച്ച വീഡിയോയിൽ കാണാം. പോട്കിന്‍ മൂന്ന് ദിവസം ജോലി ചെയ്യാതിരുന്നപ്പോൾ വീട് മുഴുവന്‍ അലങ്കോലമായി കിടക്കുന്നതും ചിത്രങ്ങളിൽ വ്യക്തമായി കാണാം.

 പരീക്ഷണത്തിന്റെ ഓരോ ഘട്ടങ്ങളും പോട്കിന്‍ ട്വിറ്ററില്‍ പങ്കുവച്ചിരുന്നു. ' സ്നേഹം കൊണ്ടാണ് വീടുകൾ വൃത്തിയായി സൂക്ഷിക്കുന്നതും ഭക്ഷണം പാകം ചെയ്യുന്നതും. സ്‌നേഹം ക്ഷമയാണെങ്കിലും പതിനാല് മണിക്കൂര്‍ വരെയൊക്കെ ജോലി ചെയ്താല്‍ ആ സ്‌നേഹം അത്ര രസകരമാവില്ല...' - പോട്കിന്‍ കുറിച്ചു.