Asianet News MalayalamAsianet News Malayalam

സ്ത്രീകള്‍ക്കിടയില്‍ തരംഗമായി സമീറ റെഡ്ഢിയുടെ 'നോ മേക്കപ്പ്' വീഡിയോ

നമ്മുടെ രൂപം എങ്ങനെയായാലും അത് പ്രശ്‌നമല്ലെന്നും, അതിനെ സ്വയം സ്‌നേഹിക്കാന്‍ കഴിയലാണ് പ്രധാനമെന്നും സമീറ ഓര്‍മ്മിപ്പിക്കുന്നു. തന്റെ കവിള്‍ ചാടിയിരിക്കുന്നതും, മുഖത്തെ കറുത്ത കലകളുമെല്ലാം യാതൊരു സങ്കോചവുമില്ലാതെ സമീറ വീഡിയോയിലൂടെ കാണിക്കുന്നുണ്ട്

women celebrates no makeup video of sameera reddy
Author
Trivandrum, First Published Jul 25, 2020, 7:49 PM IST

കറുപ്പിന്റെയും വണ്ണത്തിന്റേയും വണ്ണമില്ലായ്മയുടേയുമെല്ലാം പേരില്‍ കുത്തുവാക്കുകളും പരിഹാസവുമെല്ലാം നേരിടുന്നവര്‍ നിരവധിയാണ്. പ്രത്യേകിച്ച് സ്ത്രീകളാണ് ഇത്തരം പ്രശ്‌നങ്ങള്‍ക്ക് എപ്പോഴും ഇരകളാകാറ്. സിനിമാ- ഫാഷന്‍ രംഗങ്ങളിലെ സൂപ്പര്‍ താരങ്ങളുടെ 'കണ്ണഞ്ചിപ്പിക്കുന്ന സൗന്ദര്യം' ഈ മോശം പ്രവണതയ്ക്ക് എണ്ണ പകര്‍ന്നുകൊടുക്കുകയും ചെയ്യുന്നു. 

വെളുത്തവരാണ് സുന്ദരിമാര്‍, അഴകളവുകള്‍ കൃത്യമായി ഇല്ലെങ്കില്‍ അത് സൗന്ദര്യമല്ല- എന്നുതുടങ്ങുന്ന നിരവധി സങ്കല്‍പങ്ങള്‍ സാധാരണക്കാരിലേക്ക് പകരാന്‍ കാലാകാലങ്ങളായി സിനിമാ- ഫാഷന്‍ രംഗങ്ങളെല്ലാം തന്നെ മത്സരിക്കുന്നുണ്ട്. 

എന്നാല്‍ നമ്മള്‍ വെള്ളിത്തിരയിലോ പുറത്തോ കാണുന്ന താരങ്ങളെല്ലാം പലപ്പോഴും, നേരത്തേ സൂചിപ്പിച്ച സൗന്ദര്യസങ്കല്‍പങ്ങളുടെ ഉദാത്ത മാതൃകകള്‍ ആകണമെന്നില്ല. വലിയൊരു പരിധി വരെ മേക്കപ്പ് തന്നെയാണ് ഇവരെയും പിടിച്ചുനിര്‍ത്തുന്നത്. അതേസമയം ഈ യാഥാര്‍ത്ഥ്യം മനസിലാക്കിയിട്ടും അന്ധമായി താരങ്ങളെ ആരാധിക്കുന്നവരാണ് അധികം പേരും.

ഇപ്പോഴിതാ മേക്കപ്പില്ലാതെ തന്റെ മുഖം എങ്ങനെയിരിക്കുമെന്ന വീഡിയോ പങ്കുവച്ച് കൊണ്ട് നടി സമീറ റെഡ്ഢി രംഗത്തെത്തിയതോടെ നമ്മുടെ സൗന്ദര്യ സങ്കല്‍പങ്ങളിലെ പാളിച്ചകളെ കുറിച്ചുള്ള ചര്‍ച്ചകള്‍ വീണ്ടും സജീവമാവുകയാണ്. ബോഡി ഷെയിമിംഗിനെതിരെ മുമ്പും പല തവണ അതിശക്തമായി പ്രതികരിച്ച താരമാണ് സമീറ. 

 

 
 
 
 
 
 
 
 
 
 
 
 
 

I had a message form a mom who says she feels ‘fat’ ‘ugly’ and ‘not beautiful’ with her post baby fat . She said she looked at me and felt dejected . OMG!!! So here are my morning swelly eyes . No tricks no make up just me owning it! And I’m hoping that this enforces a positive spin on our own expectations of ourselves . I feel coming back to the public view in a way that I feel no pressure for my own mental health has helped me stay focused on being a good mother and a person who is self accepting that makes it a healthier space for all around me . Don’t dwell on what you are not and what you don’t have ! Let’s focus on the good 🙏🏼 we are all #imperfectlyperfect #loveyourself #justthewayyouare #keepingitreal

A post shared by Sameera Reddy (@reddysameera) on Jul 22, 2020 at 12:04am PDT

 

ആരാധികയായ ഒരു സ്ത്രീ തന്റെ 'കോംപ്ലക്‌സ്' സമീറയെ അറിയിച്ചതിനെ തുടര്‍ന്ന് അവര്‍ക്കും അവരെപ്പോലെ അപകര്‍ഷത അനുഭവിക്കുന്ന സ്ത്രീകള്‍ക്കും പ്രചോദനം നല്‍കാനാണ് സമീറ മേക്കപ്പില്ലാത്ത തന്റെ വീഡിയോ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. 

നമ്മുടെ രൂപം എങ്ങനെയായാലും അത് പ്രശ്‌നമല്ലെന്നും, അതിനെ സ്വയം സ്‌നേഹിക്കാന്‍ കഴിയലാണ് പ്രധാനമെന്നും സമീറ ഓര്‍മ്മിപ്പിക്കുന്നു. തന്റെ കവിള്‍ ചാടിയിരിക്കുന്നതും, മുഖത്തെ കറുത്ത കലകളുമെല്ലാം യാതൊരു സങ്കോചവുമില്ലാതെ സമീറ വീഡിയോയിലൂടെ കാണിക്കുന്നുണ്ട്. 

താരങ്ങളും സാധാരണക്കാരാണ്, അതിനാല്‍ത്തന്നെ അവരെ നോക്കി താരതമ്യം ചെയ്യരുത് എന്നാണ് സമീറയുടെ അഭിപ്രായം. നടി സാമന്ത അക്കിനേനി ഉള്‍പ്പെടെ നിരവധി പേരാണ് സമീറ റെഡ്ഢിയുടെ വീഡിയോ ഏറ്റെടുത്തത്. ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ സാധാരണക്കാരായ വീട്ടമ്മമാര്‍ ഉള്‍പ്പെടെയുള്ള സ്ത്രീകളും സമീറയുടെ വീഡിയോ അഭിമാനപൂര്‍വ്വം പങ്കുവയ്ക്കുകയാണ്.

 

women celebrates no makeup video of sameera reddy

 

പ്രസവശേഷമുണ്ടാകുന്ന തടിയും, മുഖത്തെ പാടുകളും, ചുളിവുകളുമൊന്നും 'അസാധാരണം' അല്ലെന്നും അതെല്ലാം സ്വാഭാവികമായും മാറ്റങ്ങളുടെ ഭാഗമായി മനുഷ്യശരീരത്തില്‍ സംഭവിക്കുന്നതാണെന്നും സമീറയുടെ വീഡിയോയുടെ അകമ്പടിയോടെ സ്ത്രീകള്‍ വാദിക്കുന്നു. കറുപ്പിനെ ഇടിച്ചുതാഴ്ത്തുന്ന തരത്തിലുള്ള ഇടപെടലുകള്‍ക്കെതിരെയും സമീപകാലത്ത് സോഷ്യല്‍ മീഡിയയില്‍ വലിയ പ്രതിഷേധങ്ങളുയര്‍ന്നിരുന്നു. വണ്ണമുള്ളവര്‍ക്കും കറുത്തവര്‍ക്കുമെല്ലാം അവരുടേതായ സൗന്ദര്യമുണ്ടെന്നും കാഴ്ചപ്പാടിന്റെ പ്രശ്‌നം മൂലമാണ് സമൂഹമത്തിന് ഈ സൗന്ദര്യത്തെ ആസ്വദിക്കാന്‍ കഴിയാതെ പോകുന്നതെന്നും ഇവര്‍ ശക്തമായി അഭിപ്രായപ്പെടുന്നു. 

ഏതായാലും നക്ഷത്രലോകത്ത് നിന്നുള്ള ഒരാള്‍ തന്നെ ഇത്തരത്തില്‍ പരമ്പരാഗതമായ സൗന്ദര്യസങ്കല്‍പങ്ങള്‍ക്ക് പാകപ്പിഴകളുണ്ടെന്ന് ചൂണ്ടിക്കാട്ടുന്നത് സാധാരണക്കാരായ സ്ത്രീകളെ സംബന്ധിച്ച്  വലിയ പിന്തുണയാവുകയാണ്. സമീറയുടെ വീഡിയോയ്ക്ക് സ്ത്രീകള്‍ക്കിടയില്‍ ലഭിക്കുന്ന അംഗീകാരം തന്നെയാണ് ഇതിന് തെളിവ്.

Also Read:- തുന്നലുകൾ ഭ്രാന്തമായി വേദനിപ്പിക്കുന്നു, തുടർച്ചയായുള്ള മുലയൂട്ടലും ശരീരത്തിന് ക്ഷീണമുണ്ടാക്കുന്നു;ആരാധകരോടുള്ള വാക്ക് പാലിച്ച് സമീറ...

Follow Us:
Download App:
  • android
  • ios