കൈക്കുഞ്ഞുങ്ങളെ കൈകാര്യം ചെയ്യാന്‍ എപ്പോഴും അമ്മമാര്‍ തന്നെ വേണം. അമ്മമാരില്ലാത്ത നേരമാണെങ്കില്‍ മറ്റ് സ്ത്രീകള്‍ക്ക് തന്നെയാണ് അവരെ അല്‍പമെങ്കിലും ആശ്വസിപ്പിക്കാനുമാവുക. അത് സ്ത്രീകളുടെ മാത്രമായ ഒരു 'കല' തന്നെയാണെന്ന് വേണമെങ്കില്‍ പറയാം. 

ഏത് ജോലി ചെയ്യുന്നവരാണെങ്കിലും മിക്കവാറും സ്ത്രീകളില്‍ കുഞ്ഞുങ്ങളെ മെരുക്കാനുള്ള ഈ 'കല' കാണും. അതിപ്പോ പൊലീസുകാരിയാണെങ്കില്‍ പോലും, അതങ്ങനെ തന്നെ. 

ഇക്കാര്യം ഒന്നുകൂടി ഉറപ്പിക്കുകയാണ് അസമില്‍ ഐപിഎസ് ഉദ്യോഗസ്ഥനായ കുളാ സൈക്കിയ ട്വിറ്ററിലൂടെ പങ്കുവച്ചൊരു ചിത്രം. അമ്മമാര്‍ 'ടീച്ചര്‍ റിക്രൂട്ട്‌മെന്റ് പരീക്ഷ' എഴുതാന്‍ പോയപ്പോള്‍ അവരുടെ കുഞ്ഞുങ്ങളെ ലാളിച്ചും, മാറോട് ചേര്‍ത്തുറക്കിയും നില്‍ക്കുന്ന രണ്ട് വനിതാ പൊലീസുകാരുടെ ചിത്രമാണിത്. 

 

 

രണ്ട് പേരുടേയും കൈകളിലുള്ളത്, മാസങ്ങള്‍ മാത്രം പ്രായമായിട്ടുള്ള കുഞ്ഞുങ്ങളാണ്. ഒരാള്‍ പൊലീസമ്മയുടെ കൈകളില്‍ കിടന്ന് മയങ്ങിപ്പോയിരിക്കുന്നു. മറ്റേയാള്‍ ഭയങ്കര സന്തോഷത്തിലാണ്. പൊലീസുകാരിയുടെ കൈകളില്‍ കിടന്ന് ചിരിക്കുകയാണ് ആ കുഞ്ഞ്. ഹൃദയസ്പര്‍ശിയായ ഈ ചിത്രം നിരവധി പേരാണ് പിന്നീട് സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചത്. 

പൊലീസ് എന്നാല്‍ ഇങ്ങനെ ചില അര്‍ത്ഥങ്ങള്‍ കൂടിയുണ്ടെന്നും, വളരെയധികം അഭിമാനം തോന്നുന്നുവെന്നും പലരും ചിത്രങ്ങള്‍ പങ്കുവച്ചുകൊണ്ട് കുറിച്ചു.