Asianet News MalayalamAsianet News Malayalam

വിഷാദികളായ പെണ്‍കുട്ടികളോട് ശാരദക്കുട്ടി പറയുന്നു; നിങ്ങള്‍ക്ക് അതിജീവിക്കാന്‍ ഒരു വഴിയുണ്ട്...

'ഫേസ്ബുക്കില്‍ ആവശ്യത്തിനും അനാവശ്യത്തിനും വന്ന് ഇടപെടുന്നതെന്തിന് എന്ന് മക്കള്‍ മുന്‍പൊക്കെ ചോദിക്കുമായിരുന്നു. അമ്മ ചാടുകയാണ്, ഒരാഹ്ലാദത്തില്‍ നിന്ന് മറ്റൊരാഹ്ലാദത്തിലേക്ക് എന്ന് ഇന്നവര്‍ക്കറിയാം...' -ശാരദക്കുട്ടി പറയുന്നു...

writer saradakkutty says girls that there is ways to overcome depression
Author
Trivandrum, First Published Mar 2, 2019, 9:23 PM IST

പ്രായ-ലിംഗ ഭേദമെന്യേ നിരവധി പേര്‍ വിഷാദത്തെപ്പറ്റി തുറന്നുപറയുന്ന ഒരു കാലത്തിലാണ് നമ്മള്‍ ജീവിക്കുന്നത്. തിരക്കും മത്സരങ്ങളും നിയന്ത്രിക്കുന്ന ജീവിതരീതികള്‍ തന്നെയാണ് ഒരു പരിധി വരെ ഇതിന് കാരണം. കൃത്യമായ പരിഹാരം നിര്‍ദേശിക്കുക സാധ്യമല്ലെങ്കിലും പലപ്പോഴും വിഷാദത്തെ അതിജീവിക്കാനുള്ള മാര്‍ഗം തേടലാണ് യുക്തി. 

സ്ത്രീകളിലാണെങ്കില്‍ പൊതുവേ, വിഷാദത്തിന്റെ ആഴം കൂടുതലാണെന്നാണ് വയ്പ്. പെണ്‍കുട്ടികളെ വ്യാപകമായി വിഷാദം ബാധിക്കുന്നതും ഇന്നത്തെ കാലത്തിന്റെ പ്രത്യേകതയാണ്. ഇതിനെ എങ്ങനെ മറികടക്കാമെന്നാണ് എഴുത്തുകാരിയായ എസ്. ശാരദക്കുട്ടി വിശദീകരിക്കുന്നത്. 

സ്വന്തം അനുഭവങ്ങളെ മുന്‍നിര്‍ത്തിയാണ് ശാരദക്കുട്ടിയുടെ കുറിപ്പ്. മടുപ്പും നിരാശയും വരുമ്പോള്‍ എന്ത് ചെയ്യണം? എങ്ങനെ അതിനെ മറികടക്കണം? എന്നെല്ലാം അവര്‍ തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ ലളിതമായി വിശദീകരിക്കുന്നു.

കുറിപ്പ് പൂര്‍ണ്ണമായി വായിക്കാം...

'ഞാനൊരു കൗണ്‍സലറേയല്ല. പക്ഷേ ചില പെണ്‍കുട്ടികള്‍ പെട്ടെന്ന് വിഷാദത്തിലേക്ക് വഴുതിവീഴുകയും അതില്‍ നിന്ന് കരകയറാന്‍ കഴിയാതെ വിഷമിക്കുകയും ചെയ്യുന്നത് കാണുമ്പോള്‍ ഞാന്‍ എന്റെ 20 മുതല്‍ 30 വരെയുള്ള പ്രായം ഓര്‍ക്കും.

അകാരണമായ സങ്കടങ്ങള്‍ വന്നുപൊതിഞ്ഞിരുന്ന കാലം. വീട്ടില്‍ നിന്നിറങ്ങിപ്പോയാലോ? ജോലിയാകാഞ്ഞിട്ടാണോ? കല്യാണം കഴിയാത്തതുകൊണ്ടാണോ? കല്യാണം സന്തോഷം കൊണ്ടുവന്നേക്കുമോ? പ്രണയം മടുപ്പിക്കുന്നുവോ?. കല്യാണം കഴിച്ചാല്‍ എല്ലാ സ്വാതന്ത്ര്യവും പൊയ്‌പ്പോകുമോ? വരുമാനം ഇല്ലാഞ്ഞിട്ടാണോ? എന്തെല്ലാമുണ്ടായാലും കുറെ കഴിയുമ്പോള്‍ മടുത്തു തുടങ്ങുന്നുവെന്നതാണ് അനുഭവം. അങ്ങനെയൊരിക്കലാണ് ഞാന്‍ ചാട്ടം ശീലിച്ചത്. ഉറപ്പിച്ചു പറയട്ടെ ഇതൊരു രക്ഷാമാര്‍ഗമാണ്.

ഇന്നും സ്ഥായിയായി ഒരേയവസ്ഥയില്‍ സന്തോഷവതിയായിരിക്കാന്‍ 10 ദിവസത്തില്‍ കൂടുതല്‍ കഴിയാറില്ല. ഒരേ സന്തോഷം പോരാ. പുതിയ പുതിയ സന്തോഷങ്ങള്‍ വേണം. ഒരേ സൗഹൃദം പോരാ പുതിയ പുതിയ സൗഹൃദങ്ങള്‍ വേണം. ഒരിടത്തു തന്നെ അടിഞ്ഞു കൂടിയാല്‍ വിഷാദവും മടുപ്പും കീഴ്‌പ്പെടുത്തും. അങ്ങനെ ചാടിച്ചാടിച്ചാടി ജീവിക്കുന്നത് ഒരു സുഖമാണ്. ആനന്ദമാണ്.

ഫേസ്ബുക്കില്‍ ആവശ്യത്തിനും അനാവശ്യത്തിനും വന്ന് ഇടപെടുന്നതെന്തിന് എന്ന് മക്കള്‍ മുന്‍പൊക്കെ ചോദിക്കുമായിരുന്നു. അമ്മ ചാടുകയാണ്, ഒരാഹ്ലാദത്തില്‍ നിന്ന് മറ്റൊരാഹ്ലാദത്തിലേക്ക് എന്ന് ഇന്നവര്‍ക്കറിയാം. തെറിവിളികളും ചീത്തവിളികളും വേറെയേതോ ശാരദക്കുട്ടിക്കാണ് കിട്ടുന്നത്. പ്രണയവും അഭിനന്ദനവും ഈ ശാരദക്കുട്ടിക്കും. വീട്, ന്ധങ്ങള്‍ ഒക്കെ സമ്മര്‍ദ്ദത്തിലാക്കിയിരുന്നത് ആ ഒന്നാമത്തെ പെണ്ണിനെയാണ്. രണ്ടാമത്തെ പെണ്ണ് ചാട്ടത്തിലാണ്. ഇതൊക്കെ രഹസ്യമായി ഉള്ളില്‍ നടക്കുന്ന കാര്യങ്ങളാണ്. അവിടെ എന്തും അനുവദനീയമാണ്. സ്വാതന്ത്ര്യത്തിന്റെ നിമിഷങ്ങളെ പിടിച്ചെടുക്കാന്‍ ഇങ്ങനെയേ കഴിയൂ. അതിനു ബാഹ്യവുമായി വലിയ ബന്ധമൊന്നുമില്ല. കൊലയാളികള്‍ കൊല ചെയ്യുമ്പോള്‍ത്തന്നെ കാമുകീകാമുകന്മാര്‍ പ്രണയിക്കുക കൂടി ചെയ്യുന്ന ലോകമാണിത്.

'വിവ് റാസാവി' യില്‍ വിഖ്യാത ചലച്ചിത്രകാരനായ ഗൊദാര്‍ദ് 12 സംഭവങ്ങളിലായി തന്റെ നായിക നാനയുടെ ജീവിതം അവതരിപ്പിച്ചു കണ്ടത് ഞാനോര്‍ക്കുകയാണ്. സങ്കീര്‍ണമായ സ്ത്രീയവസ്ഥകളെ നാനയുടെ വ്യക്തിഗതമായ അവസ്ഥകളുമായി ബന്ധിപ്പിക്കുന്നുണ്ട് അതില്‍. ഭയജനകവും സംഭവബഹുലവുമാണ് ആ ജീവിതം. എങ്കിലും 'ജോന്‍ ഓഫ് ആര്‍ക്' കണ്ടിരിക്കെ കരഞ്ഞു പോകുന്ന നാനയാണ് എന്റെ ഉള്ളിലിന്നും. അകവും പുറവുമുള്ള ഒരു പക്ഷിയാണവള്‍.ഉടല്‍ മറ്റുള്ളവര്‍ക്കും ഉള്ളം തനിക്കു തന്നെയും നല്‍കുന്ന നാന.

ഇപ്പോള്‍ ഇത് പറയുന്നത്, കൗണ്‍സലറേയല്ലാത്ത എന്നോട് ചില പെണ്‍കുട്ടികളെങ്കിലും 'സന്തോഷമായിരിക്കാന്‍ എന്തു ചെയ്യണ'മെന്ന് സംശയം ചോദിക്കാറുള്ളതുകൊണ്ടാണ്. ഒരു ചാട്ടക്കാരി കൗണ്‍സല്‍ ചെയ്യുന്നതെങ്ങനെ? എന്റെ കൂടെ ചാടാന്‍ തയ്യാറുണ്ടെങ്കില്‍ വരൂ... നമുക്ക് ചാടിച്ചാടി പോകാം. ചാട്ടം നിര്‍ത്തി വെറുതെയിരുന്നാല്‍ പിശാച് ഉള്ളില്‍ കയറും. അതിനനുവദിക്കരുത്.

പണികളില്‍ മുഴുകുക. പൊതു കാര്യങ്ങളില്‍ ഇടപെടുക. ആവേശത്തില്‍ ചിലപ്പോള്‍ പൊളിടിക്കലി കറക്ടല്ലാതെയും ചാടിപ്പോകും. തിരുത്തേണ്ടിടത്തു തിരുത്താം. വരൂ.. റെഡി.. വണ്‍.. ടു....

എസ്.ശാരദക്കുട്ടി'

Follow Us:
Download App:
  • android
  • ios