ഹൈദരാബാദ്: ‌സത്രീകളുടെ അടിസ്ഥാനപരമായ അവകാശങ്ങളെക്കുറിച്ചും അതിനായുള്ള നിയങ്ങളെക്കുറിച്ചും പലപ്പോഴും സാധാരണക്കാര്‍ക്ക് കൃത്യമായ അവബോധം ലഭിക്കുന്നില്ല. തങ്ങള്‍ക്ക് നേരെയുണ്ടാകുന്ന അതിക്രമങ്ങളും അവകാശലംഘനങ്ങളും നിയമത്തിന്റെ വഴിയിലൂടെ നേരിടുന്നതില്‍ സ്ത്രീകളെ പിന്നോട്ടുവലിക്കുന്നതും ഈ അജ്ഞതയാണ്. സ്ത്രീകളുടെ അവകാശങ്ങളെക്കുറിച്ചും അത് സംരക്ഷിക്കുന്നതിനായുള്ള നിയമങ്ങളെക്കുറിച്ചും വ്യക്തമാക്കുന്ന ഇന്ത്യയിലെ തന്നെ ആദ്യത്തെ ഓണ്‍ലൈന്‍ പോര്‍ട്ടലുമായി രംഗത്തെത്തിയിരിക്കുകയാണ് യുവ അഭിഭാഷകയായ മാനസി ചൗധരി. സ്ത്രീകളുടെ നിയമപരിരക്ഷയ്ക്ക് വേണ്ടി മാനസി തുടങ്ങിയ 'പിങ്ക് ലീഗല്‍' എന്ന പോര്‍ട്ടല്‍ ശ്രദ്ധയമാകുകയാണ്. 

സ്മാര്‍ട്ട് ഫോണും ഇന്‍ര്‍നെറ്റും ജീവിതത്തിന്റെ ഭാഗം തന്നെയായ ഈ കാലഘട്ടത്തില്‍ ഏറ്റവും എളുപ്പത്തില്‍ വളരൈ വിശദമായും കൃത്യമായും സ്ത്രീകളുടെ സംരക്ഷണത്തിനായുള്ള നിയമങ്ങളെക്കുറിച്ച് അറിയുവാന്‍ 'പിങ്ക് ലീഗലി'ലൂടെ സാധിക്കും. സാധാരണക്കാരായ സ്ത്രീകളും നിയമവും തമ്മിലുള്ള അന്തരം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് 15 വാളണ്ടിയര്‍മാരുമായി ചേര്‍ന്ന് മാനസി 'പിങ്ക് ലീഗലി'ന് രൂപം നല്‍കിയത്. 

24 മണിക്കൂറും 'പിങ്ക് ലീഗലി'ന്റെ സഹായം തികച്ചും സൗജന്യമായി സ്ത്രീകള്‍ക്ക് ലഭിക്കുന്നു. ഗാര്‍ഹിക പീഡനങ്ങള്‍, അതിക്രമങ്ങള്‍, അവകാശങ്ങള്‍ എന്നിങ്ങനെ നിയമത്തിന്റെ പരിരക്ഷ ലഭിക്കേണ്ട എല്ലാ കാര്യങ്ങളും 'പിങ്ക് ലീഗലി'ലൂടെ മനസ്സിലാക്കാം. 2016ല്‍ ബിരുദം നേടിയ ശേഷം ഹൈദരാബാദ് ഹൈക്കോടതിയില്‍ അഭിഭാഷകയായി പ്രവര്‍ത്തിക്കുകയായിരുന്നു മാനസി ചൗധരി.

സ്വവര്‍ഗാനുരാഗം നിയമവിധേയമാക്കുന്നതും ശബരിമല സ്ത്രീപ്രവേശനവും പോലുള്ള സുപ്രധാന കേസുകളില്‍ ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്റെ അസ്റ്റിസ്റ്റന്റായും മാനസി പ്രവര്‍ത്തിച്ചിട്ടുണ്ട്. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ 'പിങ്ക് ലീഗല്‍' പോലെ വളരെ എളുപ്പത്തില്‍ നിയമസാധുതകളെക്കുറിച്ച് അറിയാനുള്ള പ്ലാറ്റ്‌ഫോമിന് പ്രാധാന്യം ഏറുകയാണ്.