ട്രെയിൻ യാത്രകൾ സുഗമമാക്കാൻ റെയിൽവേ സ്റ്റേഷനുകളിൽ യാത്രക്കാർ സാധാരണയായി വരുത്തുന്ന ചില തെറ്റുകൾ ഒഴിവാക്കേണ്ടതുണ്ട്. അത്തരത്തിലുള്ള 6 കാര്യങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.
ട്രെയിൻ യാത്രകൾ പലർക്കും ഒരു ഹരമാണ്. ജനാലയ്ക്ക് പുറത്തെ കാഴ്ചകൾ ആസ്വദിച്ച് ഒരു ചായ കുടിച്ച് സമാധാനപരമായുള്ള യാത്രകളാണ് പലരും സ്വപ്നം കാണാറുള്ളത്. എന്നാൽ, റെയിൽവേ സ്റ്റേഷനിലെത്തുന്ന നിമിഷം മുതൽ ട്രെയിനിൽ കയറുന്നത് വരെയുള്ള സമയം ഏറെ സമ്മർദ്ദം നിറഞ്ഞതായിരിക്കും. യാത്ര സുഗമമാക്കുന്ന ലളിതമായ മുൻകരുതലുകൾ അവഗണിക്കുന്നതാണ് ഇതിന് കാരണം. അൽപ്പം ആസൂത്രണവും നിരീക്ഷണവും ഉണ്ടെങ്കിൽ ചില തെറ്റുകൾ പൂർണ്ണമായും ഒഴിവാക്കാനാകും. റെയിൽവേ സ്റ്റേഷനുകളിൽ യാത്രക്കാർ സാധാരണയായി ചെയ്യുന്ന 6 തെറ്റുകളെ കുറിച്ചാണ് ഇനി പറയാൻ പോകുന്നത്.
- അവസാന നിമിഷത്തെ ഓട്ടമാണ് ആദ്യം തിരുത്തേണ്ടത്. ടിക്കറ്റ് എടുക്കണമെങ്കിൽ അതും പ്ലാറ്റ്‌ഫോമിലുണ്ടാകാൻ സാധ്യതയുള്ള തിരക്ക് കണക്കിലെടുത്ത് ചുരുങ്ങിയത് 30ഓ 45ഓ മിനിറ്റ് മുമ്പെങ്കിലും സ്റ്റേഷനിലെത്താൻ ശ്രമിക്കുക. ഇത് സമ്മർദ്ദം ഒഴിവാക്കാൻ സഹായിക്കും.
- അറിയിപ്പുകൾ ശ്രദ്ധിക്കാതിരിക്കുകയെന്നത് പലരും ചെയ്യാറുള്ള കാര്യമാണ്. പ്ലാറ്റ്‌ഫോം സംബന്ധമായ മാറ്റങ്ങൾ അറിയാൻ അനൗൺസ്‌മെന്റുകളും ഡിസ്‌പ്ലേ ബോർഡുകളും ഇടയ്ക്കിടെ പരിശോധിക്കാൻ ശ്രദ്ധിക്കുക.
- കോച്ച് പൊസിഷൻ നോക്കാതിരിക്കുന്നത് പലപ്പോഴും കുഴപ്പങ്ങളുണ്ടാക്കും. ട്രെയിൻ എത്തുമ്പോഴുള്ള പരിഭ്രാന്തി ഒഴിവാക്കാൻ നിങ്ങളുടെ കോച്ച് എവിടെയായിരിക്കുമെന്ന് മുൻകൂട്ടി മനസ്സിലാക്കി അവിടെ എത്തുകയെന്നത് പ്രധാനമാണ്.
- യാത്രയിൽ അമിതമായ ലഗേജ് കൊണ്ടുപോകുന്ന ശീലം ചിലർക്കുണ്ട്. കൈകാര്യം ചെയ്യാൻ പ്രയാസമുള്ള ലഗേജുകൾ ഒഴിവാക്കുകയാണ് ചെയ്യേണ്ടത്. ആവശ്യമുള്ള ലഗേജുമായുള്ള യാത്ര ആയാസരഹിതമായിരിക്കുകയും യാത്ര എളുപ്പമാക്കുകയും ചെയ്യും.
- അശ്രദ്ധ എന്നതാണ് മറ്റൊരു കാര്യം. തിരക്കുള്ള സ്ഥലങ്ങളിൽ ബാഗുകൾ അശ്രദ്ധമായി വെക്കാതിരിക്കാൻ ശ്രദ്ധിക്കണം. വിലപിടിപ്പുള്ളവ എപ്പോഴും അടുത്തുതന്നെ സൂക്ഷിക്കാനും മറക്കരുത്.
- സഹായം ചോദിക്കാനുള്ള മടി പലർക്കുമുള്ള ഒന്നാണ്. എന്തെങ്കിലും കാര്യത്തിൽ സംശയമുണ്ടെങ്കിൽ അത് സ്റ്റേഷൻ ജീവനക്കാരോട് ചോദിക്കാൻ മടിക്കരുത്. ഇത് സമയവും അധ്വാനവും ലാഭിക്കാൻ സഹായിക്കും.


