സങ്കൽപ്പിക്കാൻ പോലും പ്രയാസമുള്ള വിധത്തിൽ അന്റാർട്ടിക്ക തണുത്ത് മരവിക്കുന്ന സ്ഥലമാണെന്ന കാര്യം മിക്കയാളുകള്‍ക്കും അറിയാം. എന്നാൽ, ലോകത്ത് ഏറ്റവും തണുപ്പുള്ള രാജ്യം അന്റാര്‍ട്ടിക്കയല്ല.
ലോകത്തിലെ ഏറ്റവും തണുപ്പുള്ള രാജ്യം ഏതാണെന്ന ചോദ്യത്തിന് മിക്കയാളുകളുടെയും ഉത്തരം അന്റാർട്ടിക്ക എന്നായിരിക്കും. ഇക്കാര്യത്തിൽ പ്രത്യേകിച്ച് രണ്ടാമത് ഒന്ന് ആലോചിക്കുക പോലുമുണ്ടാകില്ല. ആളുകൾ ഇങ്ങനെ പറയുന്നത് എന്തുകൊണ്ടാണെന്ന് വ്യക്തമാണ്. സങ്കൽപ്പിക്കാൻ പോലും പ്രയാസമുള്ള വിധത്തിൽ തണുത്ത് മരവിക്കുന്ന സ്ഥലമാണ് അന്റാർട്ടിക്ക. ഇതുവരെ കണ്ടെത്തിയിട്ടുള്ള മറ്റേതൊരു സ്ഥലത്തേക്കാളും താഴ്ന്ന താപനിലയാണ് അന്റാർട്ടിക്കയിലേത്.
1980കളുടെ തുടക്കത്തിൽ ശാസ്ത്രജ്ഞർ അന്റാർട്ടിക്കയിൽ മൈനസ് 80 ഡിഗ്രി സെൽഷ്യസിൽ താഴെ താപനില രേഖപ്പെടുത്തിയിരുന്നു. പിന്നീടുള്ള പഠനങ്ങളിൽ അന്റാർട്ടിക്കയിലെ ചില ഭാഗങ്ങളിൽ ഇതിനേക്കാൾ തണുപ്പായിരിക്കുമെന്നാണ് കണ്ടെത്തിയത്. സംഭവം ശരിയാണ്, തണുപ്പിനെക്കുറിച്ച് മാത്രമാണ് സംസാരിക്കുന്നതെങ്കിൽ ഉത്തരം അന്റാർട്ടിക്ക തന്നെയാണ്. എന്നാൽ, അപ്പോഴും ഒരു ആശയക്കുഴപ്പമുണ്ട്. അന്റാർട്ടിക്ക ഒരു രാജ്യമല്ല. അതൊരു ഭൂഖണ്ഡമാണ്. അവിടെ ഭരിക്കാൻ ഒരു സർക്കാരില്ല, പ്രധാനമന്ത്രിയില്ല, തിരഞ്ഞെടുപ്പില്ല, തലസ്ഥാന നഗരവുമില്ല.
ഗവേഷണത്തിനായി ശാസ്ത്രജ്ഞർ അന്റാർട്ടിക്കയിൽ താമസിക്കുന്നുണ്ട്. അതും പരിമിതമായ കാലയളവിലേക്ക് മാത്രമാണ്. ജോലി പൂർത്തിയായിക്കഴിഞ്ഞാൽ അവർ പോകും. സമാധാനപരമായ ഗവേഷണത്തിനായി മാത്രമേ ഇത് ഉപയോഗിക്കാവൂ എന്ന് പറയുന്ന ഒരു അന്താരാഷ്ട്ര കരാറാണ് (അന്റാർട്ടിക്ക് ഉടമ്പടി) ഈ ഭൂഖണ്ഡത്തെ നിയന്ത്രിക്കുന്നത്. ഒരു രാജ്യത്തിനും ഉടമസ്ഥാവകാശമില്ല. അതിനാൽ ഭൂമിയിലെ ഏറ്റവും തണുപ്പുള്ള സ്ഥലമാണെങ്കിലും അന്റാർട്ടിക്കയെ ഒരു രാജ്യം എന്ന് വിളിക്കുന്നത് വസ്തുതാപരമായി ശരിയല്ല. അപ്പോൾ പിന്നെ ഏതാണ് ലോകത്തിലെ ഏറ്റവും തണുപ്പുള്ള രാജ്യം?
ലോകത്തിലെ ഏറ്റവും തണുപ്പുള്ള രാജ്യം റഷ്യയാണ്. വടക്കൻ അർദ്ധഗോളത്തിന്റെ വലിയൊരു ഭാഗത്ത് വ്യാപിച്ചുകിടക്കുന്ന വലിയൊരു രാജ്യമാണ് റഷ്യ. സൈബീരിയ പോലെയുള്ള മേഖലകളിൽ ശൈത്യകാലത്ത് കുറച്ച് ദിവസങ്ങൾ മാത്രമല്ല തണുപ്പ് അനുഭവപ്പെടുന്നത്. മാസങ്ങളോളം നീണ്ടുനിൽക്കും. പല പ്രദേശങ്ങളിലും താപനില പതിവായി മൈനസ് 30 ഡിഗ്രിയിൽ താഴെയാകും. കഠിനമായ ശൈത്യകാലത്ത് മൈനസ് 50 ഡിഗ്രിയോ അല്ലെങ്കിൽ അതിൽ താഴെയോ വരെ താഴാറുണ്ട്.
കിഴക്കൻ സൈബീരിയയിലെ ചില സ്ഥലങ്ങളിൽ വർഷം മുഴുവനും ഈ അവസ്ഥയിലൂടെയാണ് ആളുകൾ കടന്നുപോകുന്നത്. ഒയ്മ്യാക്കോൺ എന്ന പ്രദേശം അതിലൊന്നാണ്. ഭൂമിയിലെ ഏറ്റവും തണുപ്പുള്ള ജനവാസ സ്ഥലങ്ങളിൽ ഒന്നായാണ് ഇവിടം പലപ്പോഴും പരാമർശിക്കപ്പെടുന്നത്. പതിറ്റാണ്ടുകൾക്ക് മുമ്പ്, അവിടെ താപനില മൈനസ് 67.7 ഡിഗ്രിയിലേക്ക് താഴ്ന്നിരുന്നുവെന്നാണ് റിപ്പോർട്ട്. ഇപ്പോഴും ശൈത്യകാലത്ത് ഇവിടെ താപനില മൈനസ് 50 ഡിഗ്രിയിൽ താഴെയാണ്. മറ്റൊരു പട്ടണമായ വെർഖോയാൻസ്കിലും സമാനമായ താപനില അനുഭവപ്പെട്ടിട്ടുണ്ട്. കാനഡ, മംഗോളിയ പോലുള്ള രാജ്യങ്ങളിലും കഠിനമായ ശൈത്യകാലം അനുഭവപ്പെടാറുണ്ട്.


