വർക്കലയിൽ നടക്കുന്ന യാനം ഫെസ്റ്റിവലിൽ പ്രശസ്ത എഴുത്തുകാരൻ ബെന്യാമിൻ തൻറെ യാത്രാനുഭവങ്ങൾ പങ്കുവെച്ചു. യാത്രകളിൽ മലയാളിത്തം തനിക്ക് വഴികാട്ടിയായെന്ന് അദ്ദേഹം പറഞ്ഞു. 

വർക്കല: തനിക്ക് ഏറെ പ്രിയമുള്ള എഴുത്തുകാരുടെ ജീവിതത്തോടും രചനകളോടും ബന്ധമുള്ള സ്ഥലങ്ങൾ സന്ദർശിക്കുമ്പോഴുള്ള ഊഷ്മളത വിവരിച്ച് മലയാളിയുടെ പ്രിയ എഴുത്തുകാരൻ ബെന്യാമിൻ. കൊളംബിയയിലെ കാർട്ടജീന സർവകലാശാലയിൽ വിശ്വസാഹിത്യ പ്രതിഭ ഗബ്രിയേൽ ഗാർസിയ മാർക്വേസിൻറെ ഭൗതിക ശേഷിപ്പുകൾ കാണാൻ പോയപ്പോൾ തൻറെ മലയാളിത്തമാണ് ആ യാത്രയിൽ സഹായിയായതെന്ന് അദ്ദേഹം അനുസ്മരിച്ചു. ഇന്ത്യയിലെ ആദ്യത്തെ ട്രാവൽ ലിറ്റററി ഫെസ്റ്റായ യാനം 2025-ലെ 'മക്കോണ്ടോ, മാർക്വേസ് ആൻഡ് മോർ' എന്ന സെഷനിൽ എഴുത്തുകാരൻ മുസാഫർ അഹമ്മദുമായി സംവദിക്കുകയായിരുന്നു അദ്ദേഹം.

മാർക്വേസ് ജീവിച്ചിരുന്നതും എഴുതിയതുമായ സ്ഥലങ്ങൾ ഞാൻ കൊളംബിയയിലൂടെ യാത്ര ചെയ്യുമ്പോൾ സന്ദർശിക്കവേ, അദ്ദേഹത്തിൻറെ ഭൗതികാവശിഷ്ടങ്ങൾ കാർട്ടജീന സർവകലാശാലയിൽ സൂക്ഷിച്ചിരിക്കുന്നതായി കേൾക്കാനിടയായി. ഒപ്പമുണ്ടായിരുന്ന രണ്ട് സുഹൃത്തുക്കൾക്കൊപ്പം ആവേശപൂർവ്വം അവിടെയെത്തി. എന്നാൽ സർവകലാശാല മൂന്ന് ദിവസത്തേയ്ക്ക് അടച്ചിരുന്നു. അധ്യാപകർക്കും വിദ്യാർത്ഥികൾക്കും ഒഴികെ മറ്റാർക്കും മാർക്വേസിൻറെ ഭൗതിക ശേഷിപ്പുകൾ കാണാൻ അനുവാദമുണ്ടായിരുന്നില്ല. എങ്കിലും ഞങ്ങൾ ശ്രമം ഉപേക്ഷിച്ചില്ല. ഗേറ്റ് കീപ്പർക്ക് കൈക്കൂലി നൽകി അകത്തേക്ക് കയറ്റിവിടാൻ ഞങ്ങൾ മാർഗം കണ്ടെത്തി.

ഒരാളെ മാത്രം കടത്തിവിടാനേ ഗേറ്റ് കീപ്പർ അനുമതി നൽകിയുള്ളു. എൻറെ സുഹൃത്തുക്കൾ ആ അവസരം എനിക്ക് നൽകി. ആ നിമിഷം എല്ലാ മലയാളികളുടെയും പ്രതിനിധിയായി മാർക്വേസിൻറെ ഓർമ്മയ്ക്ക് ഞാൻ അഭിവാദ്യം അർപ്പിച്ചു. മലയാളിയുടെ ഉറച്ച മനസാണ് ആ അനുഭവം എനിക്ക് ലഭിക്കാൻ കാരണമായതെന്ന് ഞാൻ വിശ്വസിക്കുന്നു. ബെന്യാമിൻ പറഞ്ഞു.

റസിഡൻറ് റൈറ്റിംഗ് പ്രോജക്റ്റുമായി ബന്ധപ്പെട്ട് സ്വിറ്റ്സർലൻഡിൽ താമസിച്ച അനുഭവവും ബെന്യാമിൻ വിവരിച്ചു. ഗ്രീക്ക് എഴുത്തുകാരനായ നിക്കോസ് കസാൻഡ് സാക്കിസിൻറെ ജീവിതവും കൃതികളും കണ്ടെത്തുന്നതിനായി ഗ്രീസിൽ നടത്തിയ യാത്രകളെ അടിസ്ഥാനമാക്കിയുള്ള തൻറെ പുതിയ പുസ്തകമായ 'മൾബറി എന്നോട് നിൻറെ സോർബയെക്കുറിച്ച് പറയൂ' എഴുതിയത് സ്വിറ്റ്സർലൻഡിലെ താമസ വേളയിലാണെന്നും അദ്ദേഹം അനുസ്മരിച്ചു.

ലോസാനിൽ വെച്ചുണ്ടായ മറ്റൊരു അനുഭവവും അദേഹം വിവരിച്ചു. അവിടെയുള്ള ഹ്യൂമൻ മ്യൂസിയം ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ള അഭയാർത്ഥികൾക്ക് അഭയം നൽകുന്ന ഇടമാണ്. സന്ദർശകർക്ക് അഭയാർത്ഥി അനുഭവങ്ങളെക്കുറിച്ച് അവരോട് സംസാരിക്കാം, പക്ഷേ ഭാഷാ തടസ്സം കാരണം തനിക്ക് അവരോട് സംസാരിക്കാൻ കഴിഞ്ഞില്ലെന്നും അദ്ദേഹം പറഞ്ഞു.

ഗാസയിൽ ഇപ്പോൾ നടക്കുന്ന കൂട്ടക്കുരുതിയുടെ പശ്ചാത്തലത്തിൽ പോളണ്ടിലെ ഓഷ്വിറ്റ്സ്-ബിർകെനൗ സ്റ്റേറ്റ് മ്യൂസിയം സന്ദർശിച്ചപ്പോൾ തനിക്ക് അനുഭവപ്പെട്ട ഭീതിയെപ്പറ്റി ബെന്യാമിൻ വ്യക്തമാക്കി. നാസികൾ കൊന്നൊടുക്കിയ കുട്ടികളുടെ നൂറുകണക്കിന് ഷൂസുകൾ അവിടെ പ്രദർശിപ്പിച്ചിരുന്നു. ഗ്യാസ് ചേമ്പറുകളിൽ കൊല്ലപ്പെട്ട കുട്ടികളുടെ ഷൂസുകൾ കണ്ടപ്പോൾ ഞാൻ ആലോചിച്ചു, ഒരിക്കൽ പീഡനത്തിനും വംശഹത്യയ്ക്കും ഇരയായ സമൂഹം തന്നെയാണ് ഇന്ന് മറ്റൊരു സമൂഹത്തിനെതിരെ അതിലും കൂടുതൽ ക്രൂരത കാണിക്കുന്നതെന്ന്. അദ്ദേഹം പറഞ്ഞു.

യാത്രകൾ തൻറെ നോവലുകളുടെ ഭൂപ്രകൃതികൾ കൂടുതൽ വ്യക്തമാക്കാനും പുതിയ കഥാപാത്രങ്ങളെയും സംഭവങ്ങളെയും കണ്ടെത്താനും സഹായിച്ചുവെന്ന്, തൻറെ എഴുത്തിനെ യാത്രകൾ സ്വാധീനിക്കുന്നതിനെ പറ്റി അദ്ദേഹം വ്യക്തമാക്കി. 'ഒരേ സ്ഥലത്തെക്കുറിച്ച് തന്നെ ഓരോ വ്യക്തിക്കും വ്യത്യസ്ത അനുഭവങ്ങളാണ് ഉണ്ടാവുക' എന്നുള്ളതാണ് യാത്രയെക്കുറിച്ചുള്ള തൻറെ ഫിലോസഫിയെന്ന് ബെന്യാമിൻ വിശദമാക്കി. 'സെലിബ്രേറ്റിംഗ് വേഡ്സ് ആൻഡ് വാണ്ടർലസ്റ്റ്' എതാണ് 17 മുതൽ 19 വരെ കേരള ടൂറിസം വർക്കലയിൽ സംഘടിപ്പിച്ച യാനം ലിറ്റററി ഫെസ്റ്റിൻറെ കേന്ദ്ര പ്രമേയം.