ദില്ലി-മീററ്റ് ഇടനാഴിയിലെ നമോ ഭാരത് ട്രെയിനുകൾ ഇനി പിറന്നാൾ, വിവാഹ ഫോട്ടോഷൂട്ട് തുടങ്ങിയ വ്യക്തിഗത പരിപാടികൾക്കായി ബുക്ക് ചെയ്യാമെന്ന് എൻസിആർടിസി അറിയിച്ചു. 

ദില്ലി: പിറന്നാൾ ആഘോഷമോ വിവാഹ ഫോട്ടോഷൂട്ടോ പോലെയുള്ള വ്യക്തി​ഗത പരിപാടികൾക്കായി നമോ ഭാരത് ട്രെയിനുകൾ ബുക്ക് ചെയ്യാൻ അവസരമൊരുക്കി നാഷണൽ ക്യാപിറ്റൽ റീജിയൻ ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ (എൻസിആർടിസി). ദില്ലി-മീററ്റ് ഇടനാഴിയിലെ നമോ ഭാരത് ട്രെയിനുകളിലും സ്റ്റേഷനുകളിലും ഇനി വ്യക്തി​ഗത പരിപാടികൾ ബുക്ക് ചെയ്യാമെന്ന് എൻസിആർടിസി അറിയിച്ചു. അതിവേഗ റെയിൽ സംവിധാനത്തെ അവിസ്മരണീയമായ അനുഭവങ്ങളുടെ ഇടമാക്കി മാറ്റുക എന്നതാണ് ഈ തീരുമാനത്തിന്റെ ലക്ഷ്യം.

പബ്ലിക് ഇൻഫ്രാസ്ട്രക്ച്ചറുകളെ ഫോട്ടോഗ്രാഫി, പരസ്യ ചിത്രീകരണം എന്നിവയ്‌ക്കുള്ള വേദികളായി ഉപയോഗിക്കുന്ന പ്രവണത വ്യാപകമാകുന്നതിനിടയിലാണ് പ്രഖ്യാപനം. നമോ ഭാരതിന്റെ അത്യാധുനികമായ കോച്ചുകളിലേയ്ക്കും സ്റ്റേഷനുകളിലേക്കും പ്രവേശനം നൽകുന്നതിലൂടെ ഇന്ത്യയുടെ അടിസ്ഥാന സൗകര്യ വികസനത്തെ ലോകത്തിന് മുന്നിൽ ഉയർത്തിക്കാട്ടാനും ഈ പദ്ധതി ലക്ഷ്യമിടുന്നു. പുതിയ നയം അനുസരിച്ച് വ്യക്തികൾക്കോ, ഇവന്റ് പ്ലാനർമാർക്കോ, ഫോട്ടോഗ്രാഫർമാർക്കോ, മീഡിയ കമ്പനികൾക്കോ നമോ ഭാരത് ട്രെയിനുകൾ ബുക്ക് ചെയ്യാൻ സാധിക്കും.

നിയന്ത്രിത ഫോട്ടോഷൂട്ടുകൾക്കായി ദുഹായ് ഡിപ്പോയിൽ ഒരു മോക്ക്-അപ്പ് കോച്ച് ലഭ്യമാക്കിയിട്ടുണ്ട്. ട്രെയിനിന്റെ പ്രവർത്തനങ്ങൾ തടസ്സപ്പെടുത്താതെ ലൈറ്റിംഗും മറ്റ് സജ്ജീകരണങ്ങളും കൈകാര്യം ചെയ്യാൻ ഇത് സംഘാടകരെ അനുവദിക്കുന്നു. ലളിതമായ അലങ്കാരങ്ങൾ മാത്രമേ അനുവദിക്കൂവെന്നും ട്രെയിനിന്റെ ഇന്റീരിയറുകൾക്ക് കേടുപാടുകൾ വരുത്തുകയോ സേവനങ്ങളെ തടസ്സപ്പെടുത്തുകയോ ചെയ്യരുതെന്നും എൻസിആർടിസി വ്യക്തമാക്കിയിട്ടുണ്ട്.

ഒരു മണിക്കൂറിന് 5,000 രൂപ മുതലാണ് ബുക്കിം​ഗ് ആരംഭിക്കുന്നത്. സജ്ജീകരണത്തിനും പായ്ക്ക്-അപ്പിനും 30 മിനിറ്റ് കൂടി അധികമായി ലഭിക്കും. രാവിലെ 6 മുതൽ രാത്രി 11 വരെയാണ് പരിപാടികൾ നടത്താൻ അനുമതിയുള്ളത്. സുരക്ഷയും സുഗമമായ പ്രവർത്തനങ്ങളും ഉറപ്പാക്കാൻ എൻസിആർടിസി ജീവനക്കാരും സുരക്ഷാ ഉദ്യോഗസ്ഥരും ഉണ്ടായിരിക്കും. വ്യക്തിപരമായ ആഘോഷങ്ങൾക്കപ്പുറം, ഫിലിം ഷൂട്ടുകൾ, പരസ്യങ്ങൾ, ഡോക്യുമെന്ററികൾ എന്നിവയ്ക്കായി എൻ‌സി‌ആർ‌ടി‌സി മറ്റൊരു പദ്ധതിയും ഇതോടൊപ്പം അവതരിപ്പിച്ചിട്ടുണ്ട്. താങ്ങാനാകുന്ന നിരക്കിൽ ഹ്രസ്വകാല ബുക്കിംഗുകൾ അനുവദിക്കുന്ന പോളിസിയാണിത്.