2025 ലെ ചാമ്പ്യൻസ് ബോട്ട് ലീഗ് 14 വേദികളിലായി വിപുലമായി സംഘടിപ്പിക്കും. 

തിരുവനന്തപുരം: ഇത്തവണയും വള്ളംകളികൾ ആവേശപൂർവ്വം സംഘടിപ്പിക്കുമെന്ന് ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ്. ഈ വർഷത്തെ ചാമ്പ്യൻസ് ബോട്ട് ലീഗ് വിപുലമായി സംഘടിപ്പിക്കും. 14 വേദികളിലായി വള്ളംകളികൾ സംഘടിപ്പിക്കാനാണ് തീരുമാനം. മലബാറിലും ചാമ്പ്യൻസ് ബോട്ട് ലീഗ് ഉണ്ടാകും. ഇന്ന് ചേർന്ന ഡയറക്ടർ ബോർഡ് യോഗത്തിൽ ഇക്കാര്യത്തിൽ തീരുമാനമായെന്ന് മുഹമ്മദ് റിയാസ് ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

മലയാളികളുടെ ഐക്യത്തിൻ്റെയും ആഘോഷത്തിൻ്റെയും പ്രതീകമായ വള്ളംകളികൾ ഇത്തവണയും ആവേശപൂർവ്വം സംഘടിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്. 2025 ലെ ചാമ്പ്യൻസ് ബോട്ട് ലീഗ് വിപുലമായി സംഘടിപ്പിക്കാൻ ഇന്ന് ചേർന്ന ഡയറക്ടർ ബോർഡ് യോഗത്തിൽ തീരുമാനമായി.

14 വേദികളിലായി വള്ളംകളികൾ സംഘടിപ്പിക്കാനാണ് തീരുമാനിച്ചിട്ടുള്ളത്. മലബാറിലും ചാമ്പ്യൻസ് ബോട്ട് ലീഗ് ഉണ്ടാകും എന്നതാണ് മറ്റൊരു പ്രത്യേകത. വള്ളംകളികൾ നടത്തുന്ന തീയ്യതികൾ നിശ്ചയിക്കാൻ ടൂറിസം ഡയറക്ടറെ ചുമതലപ്പെടുത്തിയിട്ടുണ്ട്. യോഗത്തിൽ ധനകാര്യ വകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ, ടൂറിസം വകുപ്പ് സെക്രട്ടറി കെ ബിജു, ചാമ്പ്യൻസ് ബോട്ട് ലീഗ് സിഇഒ തുടങ്ങിയവർ പങ്കെടുത്തു.